News
പ്രത്യാശയുടെ മണിമുഴക്കം: മാർ ജോസഫ് സ്രാമ്പിക്കലിൻറെ ആപ്തവാക്യം വിശ്വാസ വസന്തത്തിന് കളമൊരുക്കുന്നു
ജോസ് കുര്യാക്കോസ് 27-09-2016 - Tuesday
ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാർ ജോസഫ് സ്രാമ്പിക്കല്‍ തിരഞ്ഞെടുത്ത "സുവിശേഷകന്‍റെ ജോലി ചെയ്യുക" (2 തിമോ 4:5) എന്ന ആപ്തവാക്യത്തിന്‍റെ ചരിത്ര പ്രാധാന്യത്തിലേക്ക് ഒരു എത്തിനോട്ടം.
പ്രവാചകധീരതയുടെ ആദ്യപ്രഖ്യാപനം
അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ പ്രവാചകധീരതയുടെ ആദ്യപ്രഖ്യാപനമാണ് അദ്ദേഹം തിരഞ്ഞെടുത്ത ആപ്തവാക്യം. കത്തോലിക്കാ തിരുസഭയുടെ 266-മത്തെ ഇടയന്‍ "ഫ്രാന്‍സീസ്" എന്ന നാമം സ്വീകരിച്ചപ്പോള്‍ ഉണ്ടായ ആത്മീയ കോളിളക്കം പോലെ, സീറോ മലബാര്‍ സഭയുടെ ബ്രിട്ടനിലെ ആദ്യ ഇടയന്‍ തിരഞ്ഞെടുത്ത ആപ്തവാക്യത്തിന്‍റെ ആഴങ്ങള്‍ പരിചിന്തനത്തിനും പഠനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി ഉയര്‍ത്തേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്.
സുവിശേഷത്തിൻറെ ആനന്ദം ലോകത്തിന് സമ്മാനിക്കാൻ കണ്ണീർകണങ്ങളിലൂടെയും ഹൃദയവിലാപത്തോടും കൂടി തൻറെ പ്രത്യക്ഷീകരണങ്ങളിലൂടെ പരിശുദ്ധ കന്യകാമറിയം മാനവസമൂഹത്തെ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും നിരന്തരം ക്ഷണിക്കുന്നു.
യേശുവിൻറെ രണ്ടാം വരവിനായി തീർത്ഥാടക സഭയെ നയിക്കുന്ന സ്വർഗ്ഗ സൈന്യാധിപയായ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോടു ചേർന്ന്; "സഭ ഒരു വ്യക്തിയായാൽ അത് മറിയമാണ്; മറിയം ഒരു സമൂഹമായാൽ അത് സഭയാണ്" എന്ന സ്രാമ്പിക്കൽ പിതാവിൻറെ ആഴമേറിയ സുവിശേഷ ചിന്തയോട് ചേർന്ന്, മലയാളി മക്കളിലൂടെ സ്വര്‍ഗ്ഗം കൊതിക്കുന്ന ലോക സുവിശേഷവത്ക്കരണത്തിന് അഗ്നി പകരുന്ന ഈ ആപ്തവാക്യം ലോകമെമ്പാടും ചിതറിക്കിടക്കുന്ന സീറോമലബാര്‍ സമൂഹം ഹൃദയത്തിലേറ്റിയാല്‍, സകല നന്മകളും മുടി ചൂടി നില്‍ക്കുന്ന സഭയുടെ സൗന്ദര്യം ലോകത്തിന് വെളിപ്പെടുത്താന്‍ നമ്മള്‍ കാരണമായിത്തീരും.
വിശുദ്ധ ജോണ്‍ പോള്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ച നവസുവിശേഷവത്ക്കരണത്തിന്‍റെയും ബനഡിക്റ്റ് പിതാവ് ഉയര്‍ത്തിക്കാണിച്ച യേശുക്രിസ്തുവിന്‍റെ അനന്യതയുടേയും സുവിശേഷവത്ക്കരണം നടത്താത്ത സഭ വെറും "ആയ" മാത്രമാണ് (without Evangelisation Church becomes a babysitter) എന്ന ഫ്രാന്‍സീസ് പാപ്പയുടെ പ്രസ്‌താവനയോടും ചേര്‍ന്ന്‍ "സുവിശേഷകന്‍റെ ജോലി ചെയ്യുക" എന്ന ആപ്തവാക്യം തെരഞ്ഞെടുത്ത പിതാവ് തന്‍റെ ശുശ്രൂഷയുടെ പ്രഥമസ്ഥാനവും ലക്ഷ്യവും വ്യക്തമാക്കി കഴിഞ്ഞു.
സുവിശേഷകന്‍റെ ജോലി ചെയ്യുവാനുള്ള മഹത്തായ വിളി
ബ്രിട്ടീഷ് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ സുവിശേഷകനെക്കുറിച്ചുള്ള നിര്‍വചനം ഇപ്രകാരമാണ് "മറ്റൊരാളെ ക്രിസ്തു വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പരിശ്രമിക്കുന്ന വ്യക്തി". തന്‍റെ പൊതു പ്രഭാഷണത്തിലൂടെയും തന്‍റെ ശുശ്രൂഷയിലൂടെയും രൂപതാ സംവിധാനങ്ങളിലൂടെയും അനേകരെ ക്രിസ്തുവിലേക്ക് കൂട്ടിക്കൊണ്ടു വരിക എന്ന പിതാവിന്‍റെ സ്വപ്നവും ലക്ഷ്യവും യൂറോപ്പിന് സമ്മാനിക്കുന്നത് പ്രത്യാശയുടെ ദിനങ്ങളാണ്. തന്‍റെ അജപാലനത്തിന്‍റെ ആഴങ്ങള്‍ ഭാഷകളെയും ദേശങ്ങളെയും അതിലംഘിക്കുന്നതാണ് എന്ന പ്രസ്താവം വിശ്വാസ പാരമ്പര്യത്തിന്‍റെ ഊര്‍ജ്ജവും നന്മകളും ചാലു കീറി ഒഴുക്കുവാന്‍ സമയമായി എന്നും ഈ ക്രിസ്തു ഇടയന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
യൂറോപ്പിന്‍റെ വിശ്വാസ അപചയത്തിന് പല കാരണങ്ങള്‍ കണ്ടെത്താമെങ്കിലും മൂലകാരണം 'സമൃദ്ധിയുടെ നാളുകളില്‍ സുവിശേഷവേലയുടെ ഉത്തരവാദിത്വം മറന്നു പോയി' എന്നുള്ളതാണ്. ആദ്യ നൂറ്റാണ്ടു മുതലുള്ള വിശ്വാസ പൈതൃകത്തില്‍ അഭിമാനിക്കുന്നവരാണ് നമ്മൾ; എന്നാൽ ഔദ്യോഗിക കണക്കനുസരിച്ച് ക്രൈസ്തവർ ഇന്നും ഭാരതത്തില്‍ ആകെ ജനസംഖ്യയുടെ വെറും മൂന്നു ശതമാനത്തിനു താഴെ നില്‍ക്കുന്നതിന്‍റെ പ്രധാന കാരണം സുവിശേഷ വേല ഒഴിച്ചുകൂടാനാവാത്ത ഉത്തരവാദിത്വമാണ് എന്ന ബോധ്യം മാമോദീസ സ്വീകരിച്ച ഓരോ സഭാതനയര്‍ക്കും കൈമാറാന്‍ നാം പരാജയപ്പെട്ടു എന്ന്‍ തന്നെയാണ്.
ഒരു വിശ്വാസിയുടെയും അടിസ്ഥാന വിളി വിശുദ്ധിയിലേക്കും പ്രേഷിതത്വത്തിലേക്കുമാണ്. താന്‍ ജനിച്ചു വളരുന്ന ജീവിത സാഹചര്യങ്ങളില്‍ വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും ക്രിസ്തുവിനെ കൈമാറാന്‍ പരിശ്രമിക്കാത്ത വ്യക്തിയുടെ നിത്യരക്ഷ ഉറപ്പായി എന്നു കരുതാനാവില്ല (CCC) എന്ന് സഭാമാതാവ് പഠിപ്പിക്കുമ്പോള്‍ 'പ്രായോഗിക തലത്തില്‍' സുവിശേഷ വേല ചെയ്യാത്ത വിശ്വാസിയുടെ വിശുദ്ധി പൂര്‍ണ്ണമല്ല എന്ന സന്ദേശം കൈമാറുന്നതില്‍ നാം പരാജയപ്പെട്ടു. ജനന മരണ നിരക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം വളരുന്ന ഒരു സഭയായി നാം മാറിപ്പോയി.
രക്തസാക്ഷിത്വത്തെ പ്രകീര്‍ത്തിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന നാം അക്രൈസ്തവനില്‍ ക്രിസ്തു രൂപം കൊള്ളാനുള്ള ഈറ്റു നോവെടുക്കാന്‍ പലപ്പോഴും മറന്നുപോകുന്നു. നമ്മുടെ ശ്രദ്ധയും ഊര്‍ജ്ജവും പലപ്പോഴും ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചു. ക്രിസ്തുവില്‍ നിന്നു സ്വന്തമാക്കേണ്ട സംരക്ഷണവും ധൈര്യവും പലപ്പോഴും മറ്റു പലതില്‍ നിന്നും സ്വന്തമാക്കാന്‍ 'comfort zone' കളിലേക്ക് നാം ഒതുങ്ങിപ്പോയി. "നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ സ്നേഹിക്കുക" (മര്‍ക്കോ 12:24) എന്ന ക്രിസ്തുവിന്റെ ഒന്നാം കല്‍പ്പനയും "നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്കുക" (മത്താ 28:19) എന്ന അവിടുത്തെ അന്ത്യ പ്രബോധനവും വിശ്വാസ ജീവിതത്തില്‍ നിന്ന്‍ അടര്‍ത്തി മാറ്റി വെറും അനുഷ്ഠാന ക്രിസ്ത്യാനികളായി നാം അധഃപതിച്ചു.
സുവിശേഷ സാക്ഷ്യത്തിന്‍റെ പീഡനങ്ങളോ ദുരിതങ്ങളോ നാം അധികമൊന്നും അനുഭവിച്ചിട്ടില്ല.. അതുകൊണ്ടുതന്നെ ചരിത്രത്തെ മാറ്റിയെഴുതാൻ ശക്തിയുള്ള "സുവിശേഷകന്‍റെ ജോലി ചെയ്യുക" എന്ന ആപ്തവാക്യത്തിന്‍റെ തെരഞ്ഞെടുപ്പ് പഴയ കാല കുറവുകളെ തിരുത്താനും, വര്‍ത്തമാനകാല യാഥാര്‍ത്ഥൃങ്ങളുടെ യഥാര്‍ത്ഥ ഉത്തരത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുവാനും സഹായിക്കുന്നതിനോടൊപ്പം, ആത്മശക്തി നിറഞ്ഞ ഭാവി സഭയുടെ സൗന്ദര്യത്തെയും നമുക്ക് സമ്മാനിക്കുന്നു.
പിതാവിന്‍റെ ആപ്തവാക്യം നല്‍കുന്ന പ്രത്യാശാ കിരണങ്ങള്‍
1. പ്രേഷിത തീക്ഷ്ണത നിറഞ്ഞ ഇടവക സമൂഹങ്ങള്‍ (Missionary Parishes & families).
പ്രാര്‍ത്ഥനാരൂപിയും സുവിശേഷ തീക്ഷ്ണതയും കോര്‍ത്തിണക്കുന്ന പുതിയ മതബോധന രീതികള്‍
2. 'സുവിശേഷകന്‍റെ ജോലിയിലേക്ക്' അനേകരെ രൂപാന്തരപ്പെടുത്തുന്ന അപ്പസ്തോലിക പരിശീലന വേദികള്‍
3. യൂറോപ്യന്‍ സമൂഹത്തിനും സഭയ്ക്കും ഉപ്പും, വെളിച്ചവും, പുളിമാവും ആയിത്തീരുന്ന ജീവിത സാക്ഷ്യങ്ങള്‍
4. സുവിശേഷത്തിന്റെ ലഹരിയില്‍ നിരീശ്വരത്വത്തിന്റെയും ലൗകിക ചിന്തകളുടെയും ലൈംഗിക അപചയങ്ങളുടെയും വെല്ലുവിളികളെ അതിജീവിക്കുന്ന യുവജന സമൂഹം.
5. കുടുംബ പ്രാര്‍ത്ഥനയിലും കൗദാശിക ജീവിതത്തിലും ആഴപ്പെട്ടു കാലഘട്ടത്തിന്റെ എല്ലാ വെല്ലുവിളികളെയും അതിജീവിക്കുന്ന, വചനശക്തിയാല്‍ പണിതുയര്‍ത്തപ്പെടുന്ന കുടുംബങ്ങള്‍.
6. പരിശുദ്ധാത്മാവിന്റെ വരദാനങ്ങള്‍ നിറഞ്ഞ സുവിശേഷ തീക്ഷ്ണതയുള്ള സഭാത്മക മുന്നേറ്റങ്ങളെ കോര്‍ത്തിണക്കി യൂറോപ്പിന്റെ പുത്തന്‍ പന്തക്കുസ്തക്കായി ചുക്കാന്‍ പിടിക്കുക.
7. സുവിശേഷ ദീപ്തിയുടെ അഗ്നിയില്‍ ജ്വലിക്കുന്ന സഭയുടെ മഹത്വം ദര്‍ശിച്ച് അനേകരെ മാതൃസഭയിലേക്ക് മടക്കി കൊണ്ടു വരുന്ന കാലഘട്ടത്തിന്റെ അഭിഷേക ശുശ്രൂഷകള്‍ക്ക് നേതൃത്വം പകരുക.
"കര്‍ത്താവിന്‍റെ കല്‍പനയനുസരിച്ച് തങ്ങളുടെ സഹപ്രവര്‍ത്തകരായ വൈദികരോടൊത്ത് എല്ലാവരോടും ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിക്കുക" എന്നത് മെത്രാന്മാരുടെ പ്രധാന കടമയാണ്. അവര്‍ പുതിയ ശിഷ്യന്മാരെ ക്രിസ്തുവിലേക്ക് ആകര്‍ഷിക്കുന്ന വിശ്വാസത്തിന്‍റെ മുന്നോടികളുമാണ്. ക്രിസ്തുവിന്‍റെ അധികാരമുള്ള അവര്‍ 'അപ്പസ്തോലിക വിശ്വാസത്തിന്‍റെ' യഥാര്‍ത്ഥ അധ്യാപകരാണ്" (Catechism of the Catholic Church, 888)
ആപ്തവാക്യത്തിന് നിറം പകരുന്ന ജീവിത സാക്ഷ്യം
സ്രാമ്പിക്കൽ പിതാവ് ബ്രിട്ടനിൽ കാലുകുത്തിയ ദിവസം മുതൽ തന്റെ യാത്ര തുടരുകയാണ്. എമ്മാവൂസിന്റെ വഴികളിലൂടെ തന്റെ പ്രിയപ്പെട്ടവരെ തേടിനടന്ന ഉത്ഥിതനെ പോലെ, യേശുവിന്റെ കരുണയും സ്നേഹവും ഉത്ഥിതന്റെ സമാധാനവും പകർന്നു നൽകാൻ പുതിയ ഇടയൻ വിശ്രമമില്ലാതെ സഞ്ചരിക്കുന്നു.
കഴിഞ്ഞ ദിവസം ബർമിംഗ്ഹാം സീറോമലബാർ കൺവെൻഷനിൽ വച്ച് മാർ ജോസഫ് സ്രാമ്പിക്കൽ ഇപ്രകാരം വിശ്വാസികളോടു പറഞ്ഞു "അരമനയുടെ അതിർത്തികൾക്കപ്പുറം ഇടവകകളിലും, കുടുംബ യൂണിറ്റുകളിലും, സാധിക്കുമെങ്കിൽ കുടുംബങ്ങളിൽ വരെ കടന്നുവന്ന് നിങ്ങളോടോപ്പമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഫ്രാൻസിസ് മാർപാപ്പായുടെ ഹൃദയ സ്വരം സ്വീകരിച്ചു 'ജനങ്ങളുടെ പിതാവാകാൻ' ഞാൻ ആഗ്രഹിക്കുന്നു. ഒരു പക്ഷേ ഞാൻ അറിയപ്പെടുക 'മോട്ടോർവേ പിതാവ്' എന്നാകും. നിങ്ങളുടെ പ്രാർത്ഥന നിരന്തരം എന്നോടൊപ്പം ഉണ്ടാകണം".
ഈ തിരഞ്ഞെടുപ്പിനെപ്രതി ദൈവത്തിന് നന്ദി പറയാം
പ്രിയ സ്രാമ്പിക്കൽ പിതാവേ, അങ്ങയുടെ തിരഞ്ഞെടുപ്പിനെപ്രതി ഞങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നു. അങ്ങയുടെ ആത്മീയ നേതൃത്വത്തിലൂടെ കണ്ണു കണ്ടിട്ടില്ലാത്തതും, കാത് കേട്ടിട്ടില്ലാത്തതും, മനുഷ്യ ഹൃദയം ആസ്വദിചിട്ടില്ലാത്തതുമായ 'ദൈവത്തിന്‍റെ വിസ്മയകരമായ പ്രവര്‍ത്തികള്‍' ഈ കാലയളവില്‍ ധാരാളമായി സംഭവിക്കട്ടെയെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ഒരു പ്രവാചക സ്വപ്നം പോലെ അങ്ങയുടെ നേതൃത്വത്തില്‍ ഒരു World Evangelisation Center ഈ മണ്ണില്‍ ഉയര്‍ന്നുവരട്ടെ. പൗരോഹിത്യത്തിന്‍റെയും സമര്‍പ്പിത ജീവിതത്തിന്‍റെയും അല്‍മായ പ്രേഷിതത്വത്തിന്‍റെയും പരിശീലന വേദികള്‍ ഒരു കുടക്കീഴില്‍ തീര്‍ത്തുകൊണ്ട് ലോകത്തിന്‍റെ എല്ലാ സ്ഥലങ്ങളിലേക്കും സുവിശേഷകരെ അയക്കുന്ന, 'ആടുകളുടെ മണം പേറുന്ന പുതിയ ഇടയന്‍' ചരിത്രത്തിന് മുന്‍പേ നടക്കട്ടെ!