Meditation. - September 2024

ദൈവസ്‌നേഹത്തിന്റെ സദ്‌വാര്‍ത്ത

സ്വന്തം ലേഖകന്‍ 27-09-2023 - Wednesday

"ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു" (1 യോഹന്നാന്‍ 4:16).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 27

ദൈവത്തിന് നമ്മോടുള്ള സ്‌നേഹം സൗജന്യമായി നല്‍കപ്പെട്ടതാണ്; നമുക്ക് പ്രതീക്ഷിക്കാനോ സങ്കല്‍പിക്കാനോ കഴിയുന്നതിന്റെ എത്രയോ അതിര് കവിയുന്നതാണത്. അവന്‍ നമ്മെ സ്‌നേഹിക്കുന്നത്, നമ്മള്‍ അതിന് അര്‍ഹരായവരോ യോഗ്യരായവരോ ആയതുകൊണ്ടല്ല. വി. യോഹന്നാന്‍ എഴുതുന്നതുപോലെ, ''സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു'' നമ്മുടെ ബലഹീനതകളിലും നമ്മുടെ ആവശ്യങ്ങളിലും അവന്‍ നമ്മെ സ്‌നേഹിക്കുന്നു എന്ന പരമാര്‍ത്ഥമാണ് ദൈവസ്‌നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്.

അപ്പസ്‌തോലനായ പൗലോസ് ഒരിക്കല്‍ എഴുതി, ''യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവന വിശ്വസനീയവും തികച്ചും സ്വീകാര്യവുമാണ്. പാപികളില്‍ ഒന്നാമനാണ് ഞാന്‍. എങ്കിലും എനിക്ക് കാരുണ്യം ലഭിച്ചു. യേശുക്രിസ്തുവില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ക്ക് ഒരു മാതൃകയാകത്തക്കവിധം, പാപികളില്‍ ഒന്നാമനായ എന്നില്‍ അവന്റെ പൂര്‍ണ്ണമായ ക്ഷമ പ്രകടമായി.'' ക്രിസ്തു വന്നത് പാപം ക്ഷമിക്കാനും, അവന്റെ സ്‌നേഹം ഏത് പാപത്തേക്കാളും വലുതും ശക്തിയുള്ളതുമാണെന്നുമാണ് വി. പൗലോസ് വിശദീകരിക്കുന്നത്.

ക്രിസ്തുവിന്റെ സ്‌നേഹം പാപത്തേക്കാളും മരണത്തേക്കാളും ശക്തിയുള്ളതാണ്. ഇതാണ് സഭയുടെ വിശ്വാസം. സഭ കാലങ്ങളായി പ്രഖ്യാപിക്കുന്നതും, ഇന്ന് ഞാന്‍ നിങ്ങളോട് പ്രഖ്യാപിക്കുന്നതും ദൈവസ്‌നേഹത്തിന്റെ ഈ സദ്‌വാര്‍ത്തയാണ്. ദൈവം നിങ്ങളെ സ്‌നേഹിക്കുന്നത് തന്റെ പുത്രന്റെ അനന്തമായ സ്‌നേഹത്തിലൂടെയാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാന്‍ അന്റോണിയോ, ടെക്‌സാസ് 13.10.87).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »