News

മാഡ്രിഡില്‍ ലെയോ പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 12 ലക്ഷം വിശ്വാസികള്‍

പ്രവാചകശബ്ദം 08-06-2026 - Monday

മാഡ്രിഡ്: സ്പെയിനില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരുന്ന ലെയോ പാപ്പ, ഇന്നലെ മാഡ്രിഡില്‍ അര്‍പ്പിച്ച വിശുദ്ധ കുർബാനയിൽ 12 ലക്ഷത്തോളം വിശ്വാസികളുടെ പങ്കാളിത്തം. മാഡ്രിഡിന്റെ ഐക്കണിക് പ്ലാസ ഡി സിബെൽസിലും ചുറ്റുമുള്ള തെരുവുകളിലും ലെയോ പാപ്പയുടെ വിശുദ്ധ കുർബാനയ്ക്കായി 1.2 ദശലക്ഷം ആളുകൾ ഒരുമിച്ച് കൂടിയതായി സംഘാടകര്‍ വെളിപ്പെടുത്തി. നിരവധി മെത്രാന്മാരും നൂറുകണക്കിന് വൈദികരും മാർപാപ്പയ്‌ക്കൊപ്പം വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനയിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിലും ഫിലിപ്പ് രാജാവും ലെറ്റീഷ്യ രാജ്ഞിയും പ്രധാനമന്ത്രി പെട്രോ സാഞ്ചസുമുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

ലത്തീൻ സഭയിൽ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന ഞായർ എന്ന നിലയിൽ വിശുദ്ധ കുർബാനയുടെ പ്രാധാന്യം ഓർമിപ്പിക്കുന്നതായിരുന്നു മാർപാപ്പയുടെ വചനസന്ദേശം. നമ്മെ പിതാവിന്റെ കൂട്ടായ്മയിൽ ഒന്നിപ്പിക്കുവാനും അവിടുത്തെ മക്കളാക്കാനും മരണത്തെക്കാൾ ശക്തമായ സ്നേഹത്താൽ, സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന ജീവനുള്ള അപ്പം, ദൈവീക ജീവൻ കൊണ്ട് ഏവരെയും പരിപോഷിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു. ദൈവത്തോടുള്ള സ്നേഹവും വിശ്വസ്തതയും പുതുക്കുന്നതിനായി വിശ്വാസത്തിന്റെ വേരുകളിലേക്കുള്ള മടങ്ങിവരവാണ്, സ്പെയിനിൽ ഈ വിശുദ്ധ കുർബാനയുടെ ആഘോഷമെന്നും പാപ്പ പറഞ്ഞു.

ഉയിർത്തെഴുന്നേറ്റ കർത്താവിന്റെ സാന്നിധ്യത്തിലുള്ള വിശ്വാസത്തിന്റെ ആഘോഷമാണെന്നു പാപ്പ ചൂണ്ടിക്കാട്ടി. ക്രിസ്തു സ്വയം ഭക്ഷണമായി നൽകുകയാണെങ്കിൽ, ആ ക്രിസ്തുവിനെ ആലയത്തിനുള്ളിൽ മാത്രല്ല, ഏവരുടെയും സമീപത്തേക്ക് കൊണ്ടുപോകുവാൻ ബാധ്യസ്ഥരാണെന്നും പാപ്പ പറഞ്ഞു. ദുർബലർക്ക് ആശ്വാസവും, കുടുംബങ്ങൾക്ക് വെളിച്ചവും, ഏറ്റവും ദുർബലരായവർക്കുള്ള പ്രത്യാശയും, കഷ്ടപ്പെടുന്നവർക്ക് സമാധാനവും നൽകുന്നതാണ് വിശുദ്ധ കുർബാനയെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »