News - 2026

വിശാഖപട്ടണം അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മല്ലവരപു പ്രകാശ് ദിവംഗതനായി

പ്രവാചകശബ്ദം 08-06-2026 - Monday

വിജയവാഡ: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് റവ. ഡോ. മല്ലവരപു പ്രകാശ് ദിവംഗതനായി. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് വിശാഖപട്ടണത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്ത്യം. 77 വയസ്സായിരിന്നു. ആര്‍ച്ച് ബിഷപ്പിന്റെ നിര്യാണത്തിൽ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും ക്രൈസ്തവ സമൂഹം ദുഃഖം രേഖപ്പെടുത്തി. 2002 മുതൽ 2012 വരെ വിജയവാഡ കത്തോലിക്ക രൂപതയുടെ അധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1949 ജനുവരി 29ന് നിസാമാബാദ് ജില്ലയിലെ ജാദിജമാൽപൂരിൽ ജനിച്ച ഡോ. പ്രകാശ് 1979 ഒക്ടോബർ 10 ന് വൈദികനായി അഭിഷിക്തനായി. 1998 ജൂലൈ 22ന് മെത്രാനായി സ്ഥാനമേറ്റു. 2002 വരെ കടപ്പ രൂപതയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു, ദരിദ്രർക്കും അനാഥർക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ഏറെ ശ്രദ്ധ നേടിയിരിന്നു. 2012 മുതൽ 2024 ൽ വിരമിക്കുന്നതുവരെ വിശാഖപട്ടണം അതിരൂപതയുടെ അധ്യക്ഷനായിരിന്നു. ആര്‍ച്ച് ബിഷപ്പ് മല്ലവരപുവിന്റെ വിയോഗം ക്രൈസ്തവ സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് വിജയവാഡ ബിഷപ്പ് റവ. ഡോ. തെലഗത്തോട്ടി ജോസഫ് റാവു പറഞ്ഞു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »