Meditation. - September 2024
ദൈവ സ്നേഹത്തിന്റെ വിവിധ വശങ്ങള്‍
സ്വന്തം ലേഖകന്‍ 28-09-2022 - Wednesday
"നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്" (റോമാ 8.15).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 28
ദൈവ സ്‌നേഹത്തിന് വിവിധ വശങ്ങളുണ്ട്. പ്രത്യേകമായ ഒന്ന്, ദൈവം നമ്മെ സ്‌നേഹിക്കുന്നത് നമ്മുടെ പിതാവെന്ന നിലയ്ക്കാണ്. മുടിയനായ പുത്രന്റെ ഉപമ ഈ സത്യം വളരെ വ്യക്തമായി വെളിവാക്കുന്നതാണ്. സുബോധം വന്നപ്പോള്‍ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിച്ചെല്ലുവാന്‍ തീരുമാനിക്കുന്ന ഉപമയിലെ സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലോ. ദൂരെവച്ച് തന്നെ പിതാവ് അവനെ കണ്ടിട്ട്, മനസ്സലിഞ്ഞ്, ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു ചുംബിക്കുന്നു. ഇതാണ് ദൈവത്തിന്റെ പിതൃസഹജമായ സ്‌നേഹം. കരുതലോടെയുള്ള സദാ ക്ഷമിക്കാനുള്ള തിരികെ സ്വീകരിക്കുവാന്‍ വ്യഗ്രതയുള്ള സ്‌നേഹം.
പിതാവ് എന്ന നിലയിലുള്ള ദൈവത്തിന്റെ നമ്മോടുള്ള സ്‌നേഹം ശക്തവും വിശ്വസ്തവുമാണ്. അവിടുത്തെ ഈ സ്നേഹത്തെ കാരുണ്യം തുളുമ്പുന്ന ഒരുതരം സ്‌നേഹമെന്നും നാം പാപം ചെയ്തുകഴിയുമ്പോള്‍ മനം മാറ്റം ഉണ്ടാകാനുള്ള കൃപ നല്‍കുന്ന ഒരുതരം സ്‌നേഹമെന്നും വിളിക്കാം. ദൈവകാരുണ്യത്തെക്കുറിച്ചുള്ള ചാക്രിക ലേഖനത്തില്‍ ഞാന്‍ പറഞ്ഞതുപോലെ, "മുടിയനായ പുത്രന്റെ ഉപമ ലളിതമായും ആഴമായും വെളിവാക്കുന്നത് മനഃപരിവര്‍ത്തനം എന്ന യാഥാര്‍ത്ഥ്യമാണ്. സ്‌നേഹം പ്രവര്‍ത്തനപരമാകുന്നതിന്റെ ഏറ്റവും വ്യക്തമായ പ്രകടനവും മനുഷ്യലോകത്തിലെ കാരുണ്യത്തിന്റെ സാന്നിദ്ധ്യവുമാണ് മനഃപരിവര്‍ത്തനം".
സ്നേഹം പുനഃസ്ഥാപിക്കപ്പെടുകയും, ലോകത്ത് നിലനില്‍ക്കുന്ന എല്ലാ പ്രകാരത്തിലുമുള്ള തിന്മയില്‍ നിന്നും നന്മ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് കാരുണ്യം അതിന്റെ ശരിയായ രൂപത്തില്‍ പ്രകടമാകുന്നത്. നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തെ 'ആബാ പിതാവേ' എന്ന് സംബോധന ചെയ്യാന്‍ യേശു നമ്മോട് പറഞ്ഞത്, പിതാവെന്ന നിലയില്‍ ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നിമിത്തമാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാന്‍ അന്റോണിയോ, ടെക്‌സാസ് 13.10.87).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.