News - 2026

ഭീഷണിയും വിലക്കും; ഛത്തീസ്ഗഡിലെ ക്രൈസ്തവ കുടുംബങ്ങൾ വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 26-06-2026 - Friday

നാരായൺപൂർ, ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിൽ ക്രൈസ്തവര്‍ മതസ്വാതന്ത്ര്യത്തിന് വലിയ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. വ്യാജ മതപരിവർത്തന ആരോപണം ഉന്നയിച്ച് സംഘര്‍ഷം അരങ്ങേറിയ സ്ഥലമാണിത്. ഒത്തുതീർപ്പിന്റെ ഭാഗമായി നിരവധി ക്രിസ്ത്യൻ കുടുംബങ്ങളോട് പ്രാർത്ഥനകളും മറ്റ് വിശ്വാസപരമായ പ്രവർത്തനങ്ങളും നടത്തുന്നത് ഒഴിവാക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

നേരത്തെ ക്രിസ്ത്യൻ കുടുംബങ്ങളുടെ സാന്നിധ്യത്തെയും വിശ്വാസപരമായ ആചാരങ്ങളെയും കുറിച്ച് ചിലര്‍ എതിർപ്പ് ഉന്നയിക്കുകയായിരിന്നു. ഇതിന് പിന്നാലെ ഗ്രാമത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്ന സാഹചര്യമായപ്പോള്‍ സ്ഥിതിഗതികൾ ശാന്തമാക്കാൻ ജില്ലാ അധികാരികൾ ഇടപെട്ടു. എന്നാല്‍ ഒത്തുതീർപ്പ് ചര്‍ച്ചകള്‍ക്കിടയിലും വീടുകളിലെ പ്രാർത്ഥനകൾ, വിശ്വാസപരമായ ഒത്തുചേരലുകൾ എന്നിവയുൾപ്പെടെയുള്ള ക്രൈസ്തവ ആരാധനയ്ക്ക് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് 'കാത്തലിക് കണക്ട്' റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ സാഹചര്യങ്ങൾ ആശങ്കാജനകമാണെന്ന് വിവിധ ക്രൈസ്തവ സംഘടന വക്താക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നു യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ദേശീയ കോർഡിനേറ്ററും ഡൽഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷൻ പ്രസിഡന്റുമായ എ.സി. മൈക്കൽ പറഞ്ഞു. നിയന്ത്രണങ്ങള്‍ ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരുടെയോ അവരുടെ പ്രിയപ്പെട്ടവരുടെയോ മൃതദേഹം അടക്കം ചെയ്യുന്നതിന് പോലും തീവ്രഹിന്ദുത്വവാദികള്‍ തടസ്സം ഉന്നയിച്ച ജില്ലയാണ് നാരായൺപൂർ.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »