News

പാപ്പയുടെയും വത്തിക്കാന്റെയും മുന്നറിയിപ്പുകള്‍ അവഗണിച്ച് മെത്രാഭിഷേകം; "പത്താം പീയൂസ് കൂട്ടായ്മ" കത്തോലിക്ക സഭയ്ക്കു പുറത്തേക്ക്?

പ്രവാചകശബ്ദം 02-07-2026 - Thursday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് ശ്രദ്ധ നേടിയിരിന്ന പത്താം പീയൂസിന്റെ പൗരോഹിത്യകൂട്ടായ്മ എന്ന പേരിൽ അറിയപ്പെടുന്ന കൂട്ടായ്മ, കത്തോലിക്ക സഭയ്ക്ക് പുറത്തേക്ക്. മാര്‍പാപ്പയുടെ അനുമതിയില്ലാതെ നാല് പുതിയ മെത്രാന്മാരെ ഇവര്‍ ഇന്നലെ വാഴിച്ചു. ഇതോടെ കത്തോലിക്കാസഭയുടെ നിയമങ്ങൾക്ക് വിരുദ്ധമായ പ്രവര്‍ത്തി വഴി സഭയിൽനിന്നുള്ള സ്വയം പുറത്താകലിന് (ശീശ്മ) കാരണമായെന്ന് വ്യക്തമായിരിക്കുകയാണ്. മെത്രാഭിഷേകം ഒഴിവാക്കണമെന്നും തിരുസഭയോട് ചേര്‍ന്നു മുന്നോട്ട് പോകണമെന്നും മുന്‍പ് നിരവധി തവണ വത്തിക്കാനും ഇക്കഴിഞ്ഞ ദിവസം ലെയോ പാപ്പയും അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ ഈ മുന്നറിയിപ്പുകൾ അവഗണിച്ചു നാല് വൈദികരെ മെത്രാന്മാരായി വാഴിക്കുന്ന ചടങ്ങ് ഇന്നലെ സ്വിറ്റ്സർലണ്ടിലെ എക്കോണിൽ നടത്തുകയായിരിന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് തന്നെ ചടങ്ങ് പ്രഖ്യാപിക്കപ്പെട്ടിരിന്നു. എന്നാല്‍ ഇതുമായി മുന്നോട്ട് പോകരുതെന്നും, അനുമതിയില്ലാതെ മെത്രാഭിഷേകം നടത്തരുതെന്നും, ഇത് കർത്താവിന്റെ തിരുസഭയിൽ വിള്ളലുണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്നും ലെയോ പതിനാലാമൻ പാപ്പയും, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ ചടങ്ങുകൾക്കെതിരായും ക്രൈസ്തവ ഐക്യത്തിനായും ആഹ്വാനം ചെയ്തുകൊണ്ട് ജൂൺ 29ന് ഒരു കത്തും ലെയോ പാപ്പ കൂട്ടായ്മയുടെ നേതൃത്വത്തിന് നൽകിയിരുന്നു. കാനോനിക നിയമമനുസരിച്ച് പാപ്പയുടെ അനുമതിയില്ലാതെ മെത്രാഭിഷേകം നടത്തുന്നത്, സഭയിൽനിന്നുള്ള സ്വയം പുറത്താകലിന് (latae sententiae excommunication) കാരണമായിരിക്കുകയാണ്. മാര്‍പാപ്പയുടെ അനുമതിയില്ലാതെയിരിക്കെ, സമൂഹത്തിന്റെ നിലനിൽപ്പും തുടർച്ചയും കണക്കിലെടുത്ത് ഈ അനുമതി ഉണ്ടെന്ന ന്യായീകരണം നിരത്തിയാണ് മെത്രാഭിഷേകചടങ്ങുകൾ ഇന്നലെ നടത്തിയത്. അതേസമയം, ചടങ്ങുകൾ നടന്ന ഇന്നലെ ആഗോളസഭയുടെ ചരിത്രത്തിൽ ഭിന്നതയുടെ മുറിവ് സൃഷ്ടിച്ച ദിനമായാണ് വിലയിരുത്തപ്പെടുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »