India - 2025
മാഹി സെന്‍റ് തെരേസാ ദേവാലയം ഒരുങ്ങി; ഒക്ടോബര്‍ 5നു തിരുനാള്‍ കൊടിയേറ്റം
സ്വന്തം ലേഖകന്‍ 29-09-2016 - Thursday
മാഹി: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ മാഹി സെന്‍റ് തെരേസാ ദേവാലയത്തില്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ 22 വരെ തിരുനാള്‍ കൊണ്ടാടും. തിരുനാളിന് മുന്‍പായുള്ള ഒരുക്കമായി കഴിഞ്ഞ ദിവസങ്ങളില്‍ ശാലോം ടീമിന്റെ നേതൃത്വത്തില്‍ ജീവിത നവീകരണ ധ്യാനം നടത്തി. നാളെ രാവിലെ 7.30 മുതല്‍ രാത്രി 8.30 വരെ 13 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തും. ഒക്ടോബര്‍ നാലിന് വൈകീട്ട് അഞ്ചിന് സെമിത്തേരിയിലെ ചാപ്പലില്‍ പ്രത്യേക ദിവ്യബലിയും നടക്കും.
ഒക്ടോബര്‍ അഞ്ചിന് 11.30ന് ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറ പതാക ഉയര്‍ത്തുന്നതോടെ തിരുനാള്‍ ഉത്സവത്തിന് തുടക്കമാവും. തുടര്‍ന്ന് ഉച്ചയ്ക്കു 12ഓടെ വിശുദ്ധ അമ്മ ത്രേസ്യായുടെ, രഹസ്യ അറയില്‍ സൂക്ഷിച്ച തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും. 5.45ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ കാര്‍മികത്വത്തില്‍ സാഘോഷ ദിവ്യബലി നടക്കും. ഒമ്പതിന് രാവിലെ 9.15ന് ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറയുടെ കാര്‍മികത്വത്തില്‍ ലാറ്റിന്‍ ഭാഷയില്‍ ദിവ്യബലി ഉണ്ടാവും.
തിരുനാളിന്റെ ഏറ്റവും പ്രധാന ദിനമായ 14ന് വൈകീട്ട് അഞ്ചിന് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കലിന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. വൈകീട്ട് ഏഴിന് വിശുദ്ധ അമ്മയുടെ ദീപാലംകൃതമായ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം. രാവിലെ 10ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കലിന്‍െറ മുഖ്യ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയും ഉണ്ടാവും. വൈകിട്ട് അഞ്ചിന് മേരിമാത കമ്യൂണിറ്റി ഹാളില്‍ മതമൈത്രി സംഗമവും നടക്കും.
തിരുനാള്‍ സമാപനമായ 22ന് രാവിലെ 10.15ന് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്‍െറ കാര്‍മികത്വത്തില്‍ (സീറോ മലബാര്‍ റീത്തില്‍) ദിവ്യബലി നടക്കും. ഉച്ചക്കു മൂന്നോടെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ 18 ദിവസത്തെ തിരുനാള്‍ മഹോത്സവത്തിന് സമാപനമാവും. തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.
