News

പാരീസ് മാതൃകയില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത: യുകെയിലെ കാന്‍റര്‍ബറി കത്തീഡ്രല്‍ ദേവാലയത്തിന് പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി

സ്വന്തം ലേഖകന്‍ 30-09-2016 - Friday

ലണ്ടന്‍: തീവ്രവാദികളുടെ ആക്രമണ സാധ്യത മുന്‍നിര്‍ത്തി യുകെയിലെ പ്രശസ്തമായ കാന്‍റര്‍ബറി കത്തീഡ്രല്‍ ദേവാലയത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വന്‍ ആയുധ സന്നാഹങ്ങളോടെയുള്ള പോലീസ് സംഘം കാന്‍റര്‍ബറി കത്തീഡ്രല്‍ പരിസരത്ത് തന്നെ ക്യാമ്പ് ചെയ്യുകയാണ്. അതേ സമയം ലണ്ടനില്‍ എല്ലാ സ്ഥലങ്ങളിലും പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഫാ. ജാക്വസ് ഹാമലിന്റെ കൊലപാതകത്തെയും ഭീകരാക്രമണ സാധ്യതകളെയും മുന്നില്‍ കണ്ടാണ് കാന്‍റര്‍ബറി കത്തീഡ്രല്‍ ദേവാലയത്തിന് പോലീസ് വന്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്.

യൂറോപ്പില്‍ അടുത്തിടെ നടന്ന പല തീവ്രവാദി ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ തീവ്രവാദികളില്‍ ചിലര്‍ യുകെയിലേക്കും കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അത്യാധുനിക തോക്കുകളും മറ്റ് പ്രതിരോധ സംവിധാനങ്ങളുമായിട്ടാണ് പോലീസ് സംഘം ദേവാലയ പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അതേ സമയം പോലീസ് നടപടി ജനങ്ങളുടെ ഉള്ളില്‍ ഭീതിപരത്തിയിട്ടുണ്ട്.

നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ ഷോപ്പിംഗ് സെന്ററുകളിലും, ലണ്ടനിലെ സൗത്ത് എന്‍ഡ് വിമാനത്താവളത്തിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ദേവാലയത്തിലേക്ക് എത്തുന്നവര്‍ക്ക് പോലീസ് ക്രമീകരണങ്ങള്‍ മൂലം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും, ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന് കാന്‍റര്‍ബറി കത്തീഡ്രല്‍ വക്താവ് പ്രതികരിച്ചു. കെന്റ് പോലീസും, എസെക്‌സ് പോലീസുമാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും, സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂലൈ മാസം യുകെ ആഭ്യന്തരമന്ത്രാലയം ആരാധനാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 2.4 മില്യണ്‍ യൂറോ പ്രത്യേകമായി അനുവദിച്ചിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കാന്‍റര്‍ബറി കത്തീഡ്രല്‍ ആണ് ആര്‍ച്ച്ബിഷപ്പിന്റെ ഔദ്യോഗിക ആസ്ഥാന ദേവാലയം. വര്‍ഷംതോറും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെയ്ക്ക് പ്രാര്‍ത്ഥനകള്‍ക്കും സന്ദര്‍ശനത്തിനുമായി എത്തുന്നത്.