Friday Mirror - 2024

സാന്‍ നിക്കോളസ്സില്‍ പരിശുദ്ധ കന്യകാ മറിയം പ്രത്യക്ഷപ്പെട്ട് നല്കിയ സന്ദേശങ്ങള്‍

സ്വന്തം ലേഖകന്‍ 01-01-1970 - Thursday

അര്‍ജന്റീനയിലെ സാന്‍ നിക്കോളസ്സില്‍ ഉണ്ടായ പരിശുദ്ധ കന്യകാ മറിയത്തിന്റെ പ്രത്യക്ഷീകരണം പ്രസ്തുത സ്ഥലത്തെ ബിഷപ്പായ ഹെക്ടര്‍ സബത്തീനോ അടുത്തിടെ അംഗീകരിച്ചിരിന്നു. ആറര വര്‍ഷ ക്കാലയളവിനുള്ളില്‍, വിദ്യാഭ്യാസമില്ലാത്ത ഒരു വീട്ടമ്മയായ ഗ്ലാഡിസ് ക്വിറോഗാ ഡ മോട്ടായ്ക്ക് പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മ, 800-ഓളം സന്ദേശങ്ങളാണ് അവര്‍ക്ക് നല്‍കിയത്. അവയില്‍ നിന്ന് തെരഞ്ഞെടുത്ത ഏതാനും സന്ദേശങ്ങളെ പറ്റിയാണ് താഴെ കൊടുക്കുന്നത്.

സാത്താനുമായുള്ള പോരാട്ടം

1. ഇന്നത്തെ ലോകം ആകെ ആശയക്കുഴപ്പത്തിലാണ്. തിന്മ ലോകത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു. ഹൃദയത്തിലൂടെ നേര്‍ക്കാഴ്ച ആഗ്രഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. ആത്മശോധന മുടക്കാത്തവര്‍ ഭാഗ്യവാന്മാര്‍! ദിവ്യമാതാവിനാല്‍ നയിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍! അല്‍പം പോലും പ്രകാശം ആത്മാവിലില്ലാത്ത ഈ കാലങ്ങളില്‍, എന്റെ വിശുദ്ധമായ വെളിച്ചമായിരിക്കും ഈ ഘോരമായ ഇരുട്ടിന്റെ നടുവില്‍ നിങ്ങളെ നയിക്കുക. എല്ലാ അനിശ്ചിതത്വങ്ങളും തരണം ചെയ്യുവാന്‍ ഞാന്‍ നിന്നെ സഹായിക്കാം. വേണ്ടതുപോലെ നേരിടാന്‍ ദൈവപുത്രനോട് ചേര്‍ന്ന് ഈ അമ്മ നിന്നെ പ്രാപ്തയാക്കാം. അതിനുവേണ്ടി, എളിമപ്പെട്ട് എന്റെ ഹൃദയത്തിലേക്ക് സ്വയം സമര്‍പ്പിക്കേണ്ടത് ആവശ്യമാണ്.

2. സാത്താന്‍ അതിശക്തിയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്, ഭയപ്പെടരുത്. അവന് സ്പര്‍ശിക്കാന്‍ സാധിക്കുന്ന എല്ലാത്തിനേയും വളഞ്ഞ് ദയാദാക്ഷിണ്യമില്ലാതെ അവന്‍ ആക്രമിച്ചു കൊണ്ടിരിക്കയാണ്. എന്റെ മക്കളേ, പ്രാര്‍ത്ഥിക്കുവിന്‍; പ്രാര്‍ത്ഥന നിങ്ങളെ ശക്തിപ്പെടുത്തും. പ്രാര്‍ത്ഥിക്കുവാനായി യേശുക്രിസ്തുവിനാല്‍ വിളിക്കപ്പെട്ടവരാണ് നിങ്ങള്‍. തിന്മയുടെ അധിപന്‍ ഇക്കാലത്ത് പൂര്‍ണ്ണ ശക്തിയോടെ വിഷം വാരി വിതറുകയാണ്; കാരണം, അവന്റെ ദുഷ്ഭരണം അവസാനിക്കാന്‍ പോകുകയാണെന്ന് അവനറിയാം. അവനിനിയും അധിക കാലമില്ല; അവന്റെ അന്ത്യം അടുത്തിരിക്കുന്നു.

3. തിന്മയുടെ വിഷം സകലതും ദുഷിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ആത്മാക്കളുടെ രക്ഷയ്ക്കു കര്‍ത്താവിനെയാണ് വേണ്ടതെന്ന് വ്യക്തമായി കഴിഞ്ഞിരിക്കുന്നു.

4. എന്നെ ക്രൂരമായി ധിക്കരിച്ചു കൊണ്ടിരിക്കുന്ന ശത്രു, എന്റെ മക്കളെ പരസ്യമായി പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇത് ഇരുട്ടും വെളിച്ചവും തമ്മിലുള്ള ഒരു പോരാട്ടമാണ്. ഇത് എന്റെ പ്രിയപ്പെട്ട സഭയുടെ നിരന്തരമായ പീഢനമാണ്.

5. ശത്രു ഏറ്റവും ഭയക്കുന്ന ആയുധം ജപമാലയാണ്. അത് ആശ്വാസം തേടുന്നവരുടെ അഭയവും, എന്റെ ഹൃദയത്തിലേക്ക് കടക്കുവാനുമുള്ള കവാടവുമാണ്. ഇതാണ് നിങ്ങൾ പ്രയോജനപ്പെടുത്തേണ്ട ഏറ്റവും വിലയേറിയ സമയം.


കേന്ദ്രസ്ഥാനമായ ക്രിസ്തു

6. ഇന്ന് അനേകരെ അടിമകളാക്കുന്ന സുഖലോലുപത എന്ന രോഗത്തില്‍ നിന്നും എന്റെ മക്കളെ മോചിപ്പിക്കുവാൻ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിസ്തുവിനെ കണ്ടെത്തുവാനും അവനെ സ്‌നേഹിക്കുവാനും നിങ്ങളെ സഹായിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാറ്റിനും ഉപരിയായി, ക്രിസ്തു അവരില്‍ പ്രബലമായി നിലനില്‍ക്കണമെന്ന് അവരോട് പറയുവാനും ഞാന്‍ ആഗ്രഹിക്കുന്നു.

7. ക്രിസ്തു ശിരസ്സായ സഭയുടെ അവയവങ്ങളാണ് നിങ്ങള്‍. ഭൂമിയില്‍ ആ ശരീരത്തിന്റെ ചുമതലക്കാരനായി നില്‍ക്കുന്ന വ്യക്തിയായ മാർപാപ്പ 'എന്റെ മകന്റെ വികാരി'യാണ്. ഇക്കാരണത്താല്‍, നീ മാർപാപ്പയെ പിന്‍തുടരണം. ക്രിസ്തുവിന്റെ യഥാര്‍ത്ഥ ഉപദേശമായ അദ്ദേഹത്തിന്റെ ഉപദേശം അനുസരിക്കണം. അങ്ങനെ 'എന്റെ മകന്റെ' ഇഷ്ടം നിറവേറട്ടെ!

8. കാല്‍വരിയിലെ ക്രൂശിക്കപ്പെടലിനും മരണത്തിനും ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പ് സംഭവിച്ചത് പോലെ ക്രിസ്തുവിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം വീണ്ടും ഉദിച്ചുയരും, അങ്ങനെ സ്‌നേഹത്തിന്റെ ശക്തിയാല്‍ സഭ പുനരുദ്ധരിക്കപ്പെടും.

9. അവന്റെ രാജ്യം എല്ലാവരും അനുഭവിക്കണമെന്നാണ് കര്‍ത്താവ് ആഗ്രഹിക്കുന്നത്. അവനില്‍ നിന്ന്‍ ദൂരസ്ഥരായവരോട് ഞാന്‍ പറയുന്നു, 'അടുത്ത് ചെല്ലുക, യേശുക്രിസ്തു നിങ്ങളുടെ കൈ എത്തുന്ന ദൂരത്തുണ്ട്'.

10. മനുഷ്യരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കർത്താവിനു നേരെ കതക് അടച്ചു കളയരുത്. യേശു നമ്മോട് പ്രതിജ്ഞാബദ്ധമായിരിക്കുന്നത് പോലെ നാം അവനോട് പ്രതിജ്ഞാബദ്ധമായിരിക്കുക.


പരിശുദ്ധ അമ്മയുടെ വേദന

11. എന്റെ ഹൃദയം മുറിവേറ്റിരിക്കുകയാണ്. കാരണം സഭ ആക്രമിക്കപ്പെടുകയാണ്; സഭയുടെ മാതാവ് എന്ന നിലയില്‍ തളര്‍ത്തി കളയുന്ന വേദനയാണ് ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. എന്റെ കഷ്ടതകള്‍ മാര്‍പാപ്പയുടെ കഷ്ടതകളുമായി കൂടിച്ചേരുകയാണ്. എന്തെന്നാല്‍ മാര്‍പാപ്പയുടെ വേദന എന്റെ വേദനയാണ്. സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.

12. ഓരോ തവണയും ക്രിസ്തുവിന്റെ വചനങ്ങളെ ധിക്കരിക്കുമ്പോൾ, അത് എന്റെ ഹൃദയത്തിന് അടിയേല്‍ക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്.


വിശുദ്ധ കുര്‍ബ്ബാന

13. വിശുദ്ധ കുര്‍ബാനയിലെ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണ്. വിശുദ്ധ കുര്‍ബാനയിൽ സന്നിഹിതനായിരിക്കുന്ന അവനെ ആരാധിക്കുക, സ്‌നേഹിക്കുക.

14. എന്റെ മക്കളേ, 'ക്രിസ്തു തന്നെത്തന്നെ നിനക്കായി നല്‍കിയെന്നത് അനുഭവവേദ്യമാകുന്നത് വിശുദ്ധ കുര്‍ബാനയിലൂടെയാണ്. ശരീരമായും രക്തമായും അവന്‍ നമ്മിലേക്ക് പ്രവേശിക്കുന്നത് ദിവ്യകാരുണ്യത്തിലൂടെയാണ്. അവനെ സ്വീകരിക്കാന്‍ ഒരുക്കമാകുന്നവരുടെ ആത്മാക്കളെ അവന്‍ രക്ഷിക്കുന്നത് വിശുദ്ധ കുര്‍ബ്ബാനയിലാണ്.


പരിശുദ്ധ അമ്മയുടെ പ്രത്യേക സ്മരണക്കായി സഭ മാറ്റി വെച്ചിരിക്കുന്ന മാസമാണല്ലോ ഈ ഒക്ടോബര്‍ മാസം. രക്ഷകന് ജന്മം നല്കിയ നിമിഷം മുതല്‍ തന്റെ മരണം വരെ പരിശുദ്ധ അമ്മ അനുഭവിച്ച സഹനങ്ങള്‍ നിരവധിയായിരിന്നുവെന്ന് നമ്മുക്കറിയാം. എന്നാല്‍ ഇന്ന്‍ ഈ നിമിഷവും, ഭൂമിയിലെ പാപത്തിന്റെ ഫലമായി പരിശുദ്ധ അമ്മ വേദനിക്കുകയാണെന്ന് മുകളില്‍ നല്കിയിരിക്കുന്ന സന്ദേശങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയും. ഈ വേദനകള്‍ നീങ്ങണമെങ്കില്‍ ലോകത്തിന്റെ നവീകരണം സാധ്യമായേ തീരൂ. അതിനുള്ള പ്രതിവിധി പരിശുദ്ധ അമ്മ തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ.

അതായത് വിശുദ്ധ കുര്‍ബാനയോടും ജപമാലയോടുമുള്ള അതിരറ്റ ഭക്തി. പാപത്തിന്റെ ബന്ധനങ്ങളില്‍ അകപ്പെട്ട് സ്വന്തം ശരീരത്തെയും ആത്മാവിനെയും എന്നെന്നേക്കുമായി നശിപ്പിക്കുന്ന അനേകര്‍ക്ക് മാനസാന്തരമുണ്ടാകുന്നതിനും അങ്ങനെ ആത്മാക്കളുടെ രക്ഷ സാധ്യമാകുന്നതിനും വേണ്ടി നമ്മുക്ക് ദിവ്യകാരുണ്യത്തോട് കൂടുതല്‍ അടുക്കാം. ജപമാലയെ മുറുകെ പിടിക്കാം. അങ്ങനെ ലക്ഷകണക്കിന് ആത്മാക്കളുടെ രക്ഷ സാധ്യമാകുന്നതിന് വേണ്ടി നമ്മുടെ ജീവിതം പൂര്‍ണ്ണമായും ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »