News - 2024

ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപാധിയായി മാത്രം വിശ്വാസത്തെ കരുതരുതെന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 03-10-2016 - Monday

ബാക്കു: ദൈവവുമായി നമ്മെ ബന്ധിപ്പിക്കന്ന ഏറ്റവും പ്രധാനമായ മാര്‍ഗ്ഗമാണ് വിശ്വാസമെന്നും ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപാധിയായി അതിനെ കരുതരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനത്തിനായി അസര്‍ബൈജാനില്‍ എത്തിയ ശേഷം വിശ്വാസ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസത്തെ ജോര്‍ജിയന്‍ സന്ദര്‍ശനത്തിനു ശേഷമാണ്, കത്തോലിക്ക വിശ്വാസ സമൂഹം ന്യൂനപക്ഷമായുള്ള അസര്‍ബൈജാനിലേക്ക് സന്ദര്‍ശനം നടത്തുന്നതിനായി പാപ്പ എത്തിയത്.

വിമാനത്താവളത്തില്‍ നിന്നും പാപ്പ നേരെ പോയത് പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള രാജ്യത്തെ ഏക കത്തോലിക്ക ദേവാലയത്തിലേക്കാണ്. ദേവാലയത്തില്‍ എത്തിയ മാര്‍പാപ്പയെ സ്വീകരിക്കുവാനും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്നതിനുമായി 300-ല്‍ അധികം വിശ്വാസികള്‍ എത്തിയിരുന്നു. അസെറി, ഇംഗ്ലീഷ്, റഷ്യന്‍ ഭാഷകളിലാണ് വിശുദ്ധ ഗ്രന്ഥ ഭാഗങ്ങള്‍ വായിച്ചത്. വിശുദ്ധ ബലി അര്‍പ്പിച്ച ശേഷം വിശ്വാസ സമൂഹത്തോട് മാര്‍പാപ്പ തന്റെ സന്ദേശം അറിയിച്ചു.

"വളരെ ചെറിയ കത്തോലിക്ക വിശ്വാസ സമൂഹമുള്ള ഈ രാജ്യത്തേക്ക് ഞാന്‍ വരണോ, അത് സമയ നഷ്ടമല്ലേ എന്ന് പലരും എന്നോട് ചോദിച്ചു. ആരംഭത്തില്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം പ്രാപിച്ച, ദൈവമാതാവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട വിശ്വാസ സമൂഹം ഇതിലും ചെറിയതായിരുന്നു എന്നാണ് അവരോട് ഞാന്‍ മറുപടി പറഞ്ഞത്. പരിശുദ്ധാത്മാവാണ് അനുദിനം നമ്മേ വിശ്വാസം പ്രചരിപ്പിക്കുവാനും വളരുവാനും സഹായിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പോകുക". പാപ്പ പറഞ്ഞു.

അസര്‍ബൈജാനിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഷിയാ മുസ്ലീം വിഭാഗത്തില്‍പ്പെടുന്നവരാണ്. കത്തോലിക്ക സമൂഹം ഒരുമയോടെ നില്‍ക്കുകയും, ലളിത ജീവിതം നയിക്കുകയും, കാരുണ്യ പ്രവര്‍ത്തികളില്‍ പങ്കാളികളാകുകയും ചെയ്യണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. സമൂഹത്തിന് അനുകരിക്കുവാന്‍ കഴിയുന്ന മാതൃകകള്‍ നമ്മില്‍ നിന്നും ഉണ്ടാകണമെന്നും പാപ്പ വിശ്വാസികളോട് പറഞ്ഞു.

"വിശ്വാസമെന്നത് സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വരുന്ന ഒരു മാന്ത്രിക ശക്തിയല്ല. ഒരാളുടെ ആവശ്യം മാത്രം സാധിക്കുന്നതിനായി ഉപയോഗിക്കേണ്ട ഒന്നല്ല വിശ്വാസം. ദൈവവുമായി നമ്മെ ബന്ധിപ്പിക്കന്ന ഏറ്റവും പ്രധാനമായ മാര്‍ഗ്ഗമാണ് വിശ്വാസം. സേവനത്തില്‍ ഊന്നിയ വിശ്വാസം ഹൃദയത്തെ തുറക്കാന്‍ ഉപകരിക്കുന്നതാണ്. നല്ലതു ചെയ്യുമ്പോള്‍ ഹൃദയം സന്തോഷിക്കുന്നു". പാപ്പ പറഞ്ഞു.

ചിലര്‍ സേവനം, പേരിനും പ്രശസ്തിക്കും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനം ശരിയായ ആത്മാവില്‍ നിന്നല്ല ഉണ്ടാകുന്നതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.


Related Articles »