News - 2024

ജസ്യൂട്ട് സഭയുടെ റെഫ്യൂജി സര്‍വ്വീസ് ശ്രദ്ധേയമാകുന്നു; സേവനം സ്വീകരിക്കുന്നവരില്‍ 55 ശതമാനത്തില്‍ അധികവും ഇസ്ലാം മത വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 07-10-2016 - Friday

ന്യൂയോര്‍ക്ക്: വിവിധ സാഹചര്യങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ജസ്യൂട്ട് വൈദികര്‍ നടത്തുന്ന ജസ്യൂട്ട് റെഫ്യൂജി സര്‍വ്വീസിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. അഭയാര്‍ത്ഥികളായി വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയും, രാജ്യത്തിനുള്ളില്‍ തന്നെ അഭയാര്‍ത്ഥികളായി കഴിയുകയും ചെയ്യുന്നവരെയാണ് ജസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് കരുതലോടെ ചേര്‍ത്തു പിടിക്കുന്നത്.

1980-ല്‍ ജസ്യൂട്ട് വൈദികനായ ഫാ. പെഡ്രോ അരൂപ്പിയാണ് സംഘടനയ്ക്ക് തുടക്കം കുറിച്ചത്. ഹിരോഷിമയില്‍ നടന്ന അണുബോംബാക്രമണത്തിന്റെ ഇരകളെ സഹായിക്കുക എന്നതായിരുന്നു സംഘടനയുടെ ആദ്യലക്ഷ്യം. വിയറ്റ്‌നാം യുദ്ധത്തില്‍ ദുരിതത്തിലായവരേയും സഹായിക്കുവാന്‍ സംഘടന രംഗത്തു വന്നു.

ഇന്ന് 45 രാജ്യങ്ങളിലായി ഏഴേകാല്‍ ലക്ഷത്തോളം മനുഷ്യര്‍ക്ക് തണലായി ജസ്യൂട്ട് റെഫ്യൂജി സര്‍വ്വീസ് നിലകൊള്ളുന്നു. സംഘടനയുടെ സേവനം സ്വീകരിക്കുന്നവരില്‍ 55 ശതമാനത്തില്‍ അധികവും ഇസ്ലാം മതവിശ്വാസികളാണ്. 1800-ല്‍ അധികം ജീവനക്കാരുള്ള ജസ്യൂട്ട് റെഫ്യൂജി സര്‍വ്വീസില്‍ 65 പേര്‍ മാത്രമാണ് ജസ്യൂട്ട് സന്യാസ സമൂഹത്തില്‍ നിന്നും കടന്നു വന്നിട്ടുള്ളവര്‍. സിറിയയിലെ ഹോംസിലും, യുദ്ധകെടുതികള്‍ നേരിടുന്ന മറ്റുപല രാജ്യങ്ങളിലും സംഘടനയുടെ പ്രവര്‍ത്തനം നിരവധി ആളുകള്‍ക്കാണ് ആശ്വാസം നല്‍കുന്നത്.

അമ്പത് മില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക ബജറ്റാണ് ജസ്യൂട്ട് റെഫ്യൂജി സര്‍വ്വീസിനുള്ളത്. അഭയാര്‍ത്ഥി മേഖലകളിലെ ജനങ്ങള്‍ക്ക് ആവശ്യമായ മാനസിക പിന്‍തുണയ്ക്ക് ക്ലാസുകളും മറ്റും ജസ്യൂട്ട് റെഫ്യൂജി സര്‍വ്വീസസ് ചെയ്തു നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും സംഘടന നല്‍കുന്നു. മറ്റ് പല അഭയാര്‍ത്ഥി സംഘടനകളേയും അപേക്ഷിച്ച് തങ്ങളുടെ പ്രവര്‍ത്തനം ചെറിയ തോതിലുള്ളതാണെങ്കിലും കുറച്ചു പേരെ സഹായിക്കുവാന്‍ സാധിക്കുന്നതില്‍ തങ്ങള്‍ കൃതാര്‍ത്ഥരാണെന്നു സംഘടന തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.