News - 2024

ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് മൂന്ന് വികാരി ജനറാൾമാർ; ഫാ. തോമസ് പാറയടിയില്‍, ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. മാത്യു ചൂരപ്പൊയ്കയില്‍

ഫാ. ബിജു കുന്നക്കാട്ട് 12-10-2016 - Wednesday

പ്രസ്റ്റണ്‍ : ഫാ. തോമസ് പാറയടിയില്‍ എം‌എസ്‌ടി, ഫാ. സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. മാത്യു ചൂരപ്പൊയ്കയില്‍എന്നിവരെ വികാരി ജനറാൾമാരായും ഫാ.മാത്യു പിണക്കാട്ടിനെ രൂപത ചാന്‍സലറായും ഗ്രേറ്റ് ബ്രിട്ടൻ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു.

എം എസ്ടി സഭാംഗമായ ഫാ. തോമസ് പാറയടിയില്‍ 2007 മുതല്‍ യുകെയിലെ സീറോ മലബാര്‍ പ്രവാസികളുടെ ഇടയില്‍ ശുശ്രൂഷചെയ്തു വരികയാണ്. മൂന്നു വര്‍ഷമായി സീറോ മലബാര്‍ സഭയുടെ നാഷണല്‍ കോര്‍ഡിനേറ്ററുമാണ്. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് ആരാധനാക്രമത്തില്‍ ലൈസെന്‍ഷ്യേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം മംഗലപ്പുഴ സെമിനാരിയില്‍ അധ്യാപകനായും റൂഹാലയ മേജര്‍ സെമിനാരി റെക്ടറായും ഉജ്ജയിന്‍ കത്തീഡ്രല്‍ വികാരിയായും, വികാരി ജനറാളായും എംഎസ്ടി ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചിരുന്നു.

കോട്ടയം അതിരൂപതാംഗമായ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ 2005 മുതല്‍ യുകെയിലെ സീറോ മലബാര്‍ സഭാവിശ്വാസികളുടെ ഇടയില്‍ അജപാലന ശുശ്രൂഷ നടത്തിവരികയാണ്. 2014 മുതല്‍ ഷ്രൂസ്‌ബെറി രൂപതയിലെ ക്‌നാനായ കത്തോലിക്കാ ചാപ്ലയിനായിരുന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും ബംഗളൂരുവിലെ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ നിന്നു ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അദ്ദേഹം പടമുഖം സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ചര്‍ച്ച് അടക്കം അഞ്ച് ഇടവകകളില്‍ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

ഫാ. മാത്യു ചൂരപ്പൊയ്കയില്‍ ഏഴു വര്‍ഷമായി യു. കെ. യിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷ നടത്തിവരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ഇടവകയുടെയും ബ്ലാക്പൂള്‍ സെന്റ് എവുപ്രാസിയാ സെന്റ് ചാവറ കുര്യാക്കോസ് ഇടവകയുടെയും വികാരിയുമായിരുന്നു. താമരശേരി രൂപതാംഗമായ അദ്ദേഹം 2003 മുതല്‍ 2008 വരെ രൂപതാ മതബോധനകേന്ദ്രത്തിന്റെ ഡയറക്ടറായും കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഫൊറോന വികാരിയായും ശുശ്രൂഷചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അജപാലന ദൈവശാസ്ത്രത്തില്‍ ലൈസെന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

പാലാ രൂപതാംഗമായ ഫാ. മാത്യു പിണക്കാട്ട് ഒന്നര വര്‍ഷമായി ഇറ്റലിയിലെ സവോണയില്‍ സീറോ മലബാര്‍ വിശ്വാസികളുടെ ഇടയില്‍ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു പൗരസ്ത്യ കാനന്‍ നിയമത്തില്‍ ലൈസെന്‍ഷ്യേറ്റും ഡോക്ടറേറ്റും കരസ്ഥമാക്കിയ അദ്ദേഹം 2006 മുതല്‍ 2010 വരെ പാലാ രൂപതാ കച്ചേരിയില്‍ വൈസ് ചാന്‍സലറായും സേവനം ചെയ്തിട്ടുണ്ട്. ഫാ. മാത്യു ചൂരപ്പൊയ്കയിലിന് രൂപതാ പ്രോക്കുറേറ്ററുടെ അധിക ചുമതലയും ഉണ്ടായിരിക്കുന്നതാണ്. ഫാ. ഫാന്‍സുവ പത്തിലിനെ നേരത്തെ സെക്രട്ടറിയായി നിയമിച്ചിരിന്നു.