News - 2024

ആസിയാ ബീബിയുടെ മോചനത്തിനായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രാര്‍ത്ഥനാ ദിനം ഇന്ന്‍; സുപ്രീം കോടതി നാളെ വാദം കേള്‍ക്കും

സ്വന്തം ലേഖകന്‍ 12-10-2016 - Wednesday

ഇസ്ലാമാബാദ്: മതനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ക്രൈസ്തവ വിശ്വാസി ആസിയാ ബീബിയുടെ മോചനത്തിനായി ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്‌ വൈഡ് ആഹ്വാനം ചെയ്ത പ്രാര്‍ത്ഥനാദിനം ഇന്ന്‍. 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്‌ വൈഡ് ഒരാഴ്ച മുന്‍പാണ് ആഹ്വാനം ചെയ്തത്. അതേ സമയം ആസിയായുടെ കേസില്‍ പാക്കിസ്താന്‍ സുപ്രീം കോടതി നാളെ വാദം കേള്‍ക്കും.

വിധി എന്തുതന്നെയാണെങ്കിലും അതിനെ ഉള്‍ക്കൊള്ളുവാനുള്ള മനോധൈര്യം ആസിയാക്ക് ലഭിക്കുന്നതിനു വേണ്ടിയും ആസിയായുടെ കേസ് കോടതിയില്‍ വാദിച്ച സൗഫുള്‍ മലൂക്ക് എന്ന വക്കീലിന്റെ സംരക്ഷണത്തിനും വിധി പ്രസ്താവിക്കുന്ന സുപ്രീം കോടതി ജഡ്ജിക്കു വേണ്ടിയും വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥനാ നടത്തണമെന്നാണ് ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ്‌ വൈഡ് ആഹ്വാനം ചെയ്തിരിക്കുന്നത്.

2009-ല്‍ ആണ് ആസിയാ ബീബീയെ വധിക്കുവാന്‍ കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ വ്യാജകേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇതേ തുടര്‍ന്നാണ് കീഴ്കോടതി ആസിയയെ വധശിക്ഷയ്ക്കു വിധിച്ചത്.