News - 2024

വധശിക്ഷയ്ക്കു വിധേയമാക്കുന്ന രീതി പിന്‍വലിക്കണമെന്ന് ടെക്‌സാസിലെ ബിഷപ്പുമാര്‍

സ്വന്തം ലേഖകന്‍ 12-10-2016 - Wednesday

ടെക്‌സാസ്: കുറ്റവാളികളെ വധശിക്ഷയ്ക്കു വിധേയമാക്കുന്ന രീതി പൂര്‍ണ്ണമായും പിന്‍വലിക്കപ്പെടേണ്ടതാണെന്ന് അമേരിക്കയിലെ കത്തോലിക്ക ബിഷപ്പുമാര്‍. വധശിക്ഷയ്ക്ക് എതിരായുള്ള ലോകദിനത്തില്‍ പുറത്തിറക്കിയ കുറിപ്പിലാണ് ടെക്‌സാസിലെ ബിഷപ്പുമാര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പിലാക്കുന്നതു കൊണ്ട് ആര്‍ക്കും പ്രയോജനമില്ലെന്നും കുറ്റവാളികള്‍ക്ക് മറ്റു ശിക്ഷകള്‍ നല്‍കി അവരെ കുറ്റവാസനകളില്‍ നിന്നും മാതൃകാപരമായി മോചിപ്പിക്കുകയാണ് വേണ്ടതെന്നും ബിഷപ്പുമാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

അമേരിക്കയില്‍ വധശിക്ഷയെ അനുകൂലിക്കുന്നവര്‍ കുറവാണെന്ന് നേരത്തെ പ്യൂ റിസേര്‍ച്ച് നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. 1993-ല്‍ 75 ശതമാനം അമേരിക്കന്‍ പൗരന്‍മാരും വധശിക്ഷ നടപ്പിലാക്കുന്നതിനെ അനുകൂലിച്ചിരുന്നു. എന്നാല്‍, 2015-ല്‍ നടത്തിയ പഠനങ്ങളില്‍ 56 ശതമാനമായി ഇത് കുറഞ്ഞു. മറ്റൊരാളെ കൊലപ്പെടുത്തുന്നവര്‍ക്ക് മാത്രമേ വധശിക്ഷ നല്‍കാവു എന്ന തലത്തിലേക്കും അമേരിക്കന്‍ ജനത തങ്ങളുടെ നിലപാടിനെ മാറ്റിയതായും പ്യൂ റിസേര്‍ച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നു.

അടുത്തിടെ വീണ്ടും നടത്തിയ പഠനത്തില്‍ വധശിക്ഷ നടപ്പിലാക്കണമെന്ന് 49 ശതമാനം ആളുകള്‍ മാത്രമാണ് പറഞ്ഞത്. അതായത് അമേരിക്കന്‍ ജനതയില്‍ ഭൂരിപക്ഷവും വധശിക്ഷയെ എതിര്‍ക്കുന്നു. ബിഷപ്പുമാര്‍ പുറത്തിറക്കിയ കുറിപ്പില്‍ ഈ കണക്കുകള്‍ അവര്‍ വ്യക്തമായി എടുത്തു കാണിക്കുന്നുണ്ട്.

ദരിദ്രരേയും, ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവരേയും, മനോവൈകല്യമുള്ളവരെയും വധശിക്ഷയിലൂടെ കൊന്നൊടുക്കുന്നതു കൊണ്ട് സമൂഹത്തിന് ഒരു പ്രയോജനവും ലഭിക്കുന്നില്ല. ഒരാളെ വധിക്കുന്നതിനാല്‍ തന്നെ അയാള്‍ക്ക് കുറ്റവാസനകളില്‍ നിന്നുള്ള പുനരധിവാസം സാധ്യമല്ല. ശിക്ഷയുടെ ഉദ്ദേശത്തെ തന്നെ വധശിക്ഷ ചോദ്യം ചെയ്യുന്നു. ആയുഷ്‌കാലം മുഴുവനും ഒരാളെ ജയിലില്‍ ഇടുന്നതിനു ചെലവഴിക്കുന്ന തുകയുടെ മൂന്നു മടങ്ങ് പണം, വധശിക്ഷ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നഷ്ടപ്പെടുന്നുണ്ടെന്നും ബിഷപ്പുമാര്‍ ചൂണ്ടികാണിക്കുന്നു

വധശിക്ഷ നടപ്പിലാക്കിയ ശേഷം, ശിക്ഷയേറ്റുവാങ്ങിയ പലരും നിരപരാധികളാണെന്ന് കണ്ടെത്തിയ പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവര്‍ക്ക് ഇനി ജീവന്‍ മടക്കി നല്‍കുവാന്‍ സര്‍ക്കാരിനോ, മറ്റൊരു സംവിധാനത്തിനോ സാധ്യമല്ല. തെറ്റായ ആരോപണങ്ങളുടെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കേണ്ടതല്ലയെന്നും ബിഷപ്പുമാര്‍ ചോദിക്കുന്നു. വധശിക്ഷ ഒഴിവാക്കണമെന്നും, കുറ്റവാളികള്‍ക്ക് മറ്റു ശിക്ഷകള്‍ നല്‍കി അവരെ കുറ്റവാസനകളില്‍ നിന്നും മാതൃകാപരമായി മോചിപ്പിക്കുകയാണ് വേണ്ടതെന്നും ബിഷപ്പുമാര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.


Related Articles »