News - 2024

പതിനായിരങ്ങളെ സാക്ഷിയാക്കി മാര്‍പാപ്പ ഏഴുപേരെ വിശുദ്ധരായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 17-10-2016 - Monday

വത്തിക്കാന്‍: നാലു വൈദികരും രണ്ടു രക്‌തസാക്ഷികളും ഒരു കർമലീത്താ സന്യാസിനിയും ഉൾപ്പെടെ ഏഴുപേരെ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ രാവിലെ 10.15നു നടന്ന നാമകരണ ചടങ്ങുകള്‍ക്ക് സാക്ഷിയാകുവാന്‍ 80,000-ല്‍ അധികം തീർഥാടകർ എത്തിചേര്‍ന്നിരിന്നു.

വാഴ്ത്തപ്പെട്ടവരായ സലോമോന്‍ ലെക്‌ലെര്‍ക്ക്, ജോസ് സാഞ്ചസ് ഡെല്‍ റിയോ, സ്പാനിഷ് ബിഷപ്പായ മാനുവേല്‍ ഗോണ്‍സാല്‍വസ് ഗാര്‍സിയ, ലുഡോവിക്കോ പവോനി, അല്‍ഫോണ്‍സോ മരികോ ഫുസ്‌കോ, ഫ്രഞ്ച് കന്യാസ്ത്രീയായ എലിസബത്ത് ഡീ ലാ ട്രിനൈറ്റ്, അര്‍ജന്റീനിയന്‍ വൈദികന്‍ ജോസ് ഗബ്രിയേല്‍ ഡെല്‍ റോസാരിയോ ബ്രോച്ചീറോ എന്നിവരെയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.

മാർപാപ്പയുടെ ജന്മനാടായ അർജന്റീനയിൽനിന്നുള്ള പ്രഥമ വിശുദ്ധനായ ഫാ. ബ്രോച്ചെറോയുടെ നാമകരണച്ചടങ്ങിൽ പങ്കെടുക്കാൻ അർജന്റീനിയൻ പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രതിനിധി സംഘം വത്തിക്കാനിൽ എത്തിയിരിന്നു. 1928ല്‍ മെക്‌സിക്കോയിലെ ക്രിസ്റ്റെരോ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 14കാരനായ ജോസ് സാന്‍ചെക്ക് ഡെല്‍ റിയോ, ഫ്രഞ്ച് വിപ്ലവത്തില്‍ കൊല്ലപ്പെട്ട സലമോന്‍ ലെക്‌റേക് എന്നിവരാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട രക്തസാക്ഷികള്‍.

അതേ സമയം നാലു പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുവാനുള്ള നടപടികൾ വത്തിക്കാനില്‍ പുരോഗമിക്കുന്നുണ്ട്. സ്പാനിഷ് വൈദികരായ ലൂയിസ് സംമ്പ്രാനോ ബാള്‍ക്കോ, ടിബൂര്‍സിയോ അര്‍ണായിസ് മുനോസ്, ഇറ്റാലിയന്‍ കന്യാസ്ത്രീകളായ തെരേസ സ്പിനെലി, മരിയ കോസ്റ്റാന്‍സാ പനാസ് എന്നിവരുടെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങൾ സ്ഥിരീകരികരിക്കപ്പെട്ടാൽ ഇവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും.