News - 2024
സ്വവര്‍ഗ്ഗ വിവാഹത്തിനും കുടുംബ ബന്ധങ്ങളുടെ വിശുദ്ധിയെ തകര്‍ക്കുന്നതുമായ നിയമങ്ങള്‍ക്കുമെതിരെ പാരീസില്‍ വന്‍ പ്രതിഷേധറാലി
സ്വന്തം ലേഖകന്‍ 19-10-2016 - Wednesday
പാരീസ്: കുടുംബ ബന്ധങ്ങളുടെ പവിത്രതയ്ക്കു വിലങ്ങു തടിയായി നില്‍ക്കുന്ന നിയമങ്ങള്‍ക്കെതിരെ പ്രകടന റാലിയുമായി പാരീസില്‍ ഒത്തുകൂടിയത് രണ്ടുലക്ഷത്തില്‍ അധികം ആളുകള്‍. സംഘാടകരെ പോലും ഞെട്ടിച്ചാണ് ഇത്രയും വലിയ ജനാവലി റാലിയില്‍ പങ്കെടുക്കുവാനായി എത്തിയത്.
'മാനിഫ് പോര്‍ ടൗസ്' എന്ന പേരില്‍ വര്‍ഷം തോറും ഇത്തരത്തില്‍ റാലി പാരീസില്‍ നടത്തപ്പെടാറുണ്ട്. ദമ്പതിമാരും കുട്ടികളും അണിനിരന്ന റാലി ഫ്രാന്‍സിന്റെ ശരിയായ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നത്.
കുടുംബബന്ധങ്ങളുടെ പവിത്രതയെ പ്രതികൂലമായി ബാധിക്കുന്ന നിരവധി തീരുമാനങ്ങള്‍ ഫ്രാന്‍സില്‍ അടുത്തിടെയായി നടപ്പിലാക്കുന്നുണ്ട്. സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കുക, കൃത്രിമ ഗര്‍ഭനിരോധ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുക, സ്വവര്‍ഗ്ഗ വിവാഹത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുവാനുള്ള അനുമതി നല്കുക തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. ഇത്തരം തിന്മ പ്രവര്‍ത്തികള്‍ കുടുംബ ബന്ധമെന്ന പവിത്രതയെ ചോദ്യം ചെയ്യുന്നതും, അതിനെ നശിപ്പിക്കുന്നതുമാണെന്ന ഈ തിരിച്ചറിവാണ് ജനങ്ങളെ റാലിയില്‍ പങ്കെടുക്കുവാന്‍ പ്രേരിപ്പിച്ചത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞു മുന്നുമണി മുതല്‍ വൈകുന്നേരം അഞ്ചര വരെയാണ് പരിപാടി ക്രമീകരിച്ചിരുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ റാലിയിലേക്ക് എത്തുവാന്‍ തുടങ്ങിയതോടെ സ്ഥല പരിമിതി നേരിട്ടുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റാലിയിലേക്ക് ആദ്യം വന്നവര്‍ മറ്റുള്ളവരെ കൂടി പങ്കെടുപ്പിക്കുന്നതിനായി യോഗം അവസാനിക്കുന്നതിനു മുമ്പേ തങ്ങളുടെ സ്ഥലം കടന്നുവരുന്നവര്‍ക്കായി ഒഴിഞ്ഞു നല്‍കി.
വന്‍ പോലീസ് സന്നാഹമാണ് ഒത്തുചേരലിനെ നിയന്ത്രിക്കുവാന്‍ എത്തിയിരുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെയുള്ള കുടുംബങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നുവെങ്കിലും ഏറ്റവും സമാധാനപരമായിട്ടാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
'മാനിഫ് പോര്‍ ടൗസ്' എന്ന പരിപാടി 2012-ല്‍ ആണ് ആരംഭിച്ചത്. 2013-ല്‍ ഫ്രാന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയിരുന്നു. ഇതേ വര്‍ഷം കുടുംബങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം പോലീസ് അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചതു വലിയ വാര്‍ത്തയായിരുന്നു. കുടുംബത്തിന്റെ പവിത്രതയും വിശുദ്ധിയും നശിപ്പിക്കാന്‍ പദ്ധതിയിടുന്ന സര്‍ക്കാരിന് ശക്തമായ താക്കീതാണ് ഇത്തരം പ്രതിഷേധങ്ങള്‍ നല്‍കുന്നത്.