Meditation. - October 2024
പ്രാര്‍ത്ഥനയില്‍ കേന്ദ്രീകരിച്ചു വളരേണ്ട ക്രൈസ്തവ ജീവിതം
സ്വന്തം ലേഖകന്‍ 27-10-2023 - Friday
"അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക" (ലൂക്കാ 11:1).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 27
ഒലിവുമലയുടെ താഴ്‌വാരത്തു വച്ച്, അപ്പസ്‌തോലന്മാര്‍ യേശുവിനോട് ഇപ്രകാരം അപേക്ഷിച്ചത് ഒരു സാധാരണ ആവശ്യമല്ലായിരുന്നു; അതിനുപരിയായി, മനുഷ്യഹൃദയത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്ന് സ്വമേധയായുള്ള പ്രത്യാശയോടെ അവര്‍ പ്രകടിപ്പിക്കുകയായിരുന്നുവെന്ന്‍ പറയാം. സത്യം തുറന്ന് പറഞ്ഞാല്‍, ഇന്നത്തെ ലോകം ഈ ആവശ്യം ഉന്നയിക്കുന്നില്ല. ദൈനംദിന അദ്ധ്വാനത്തിലെ ധൃതിപിടിച്ച ഓട്ടവും, ആശയ വിനിമയ സാമഗ്രികളുടെ ശബ്ദമുഖരിതവും ബാലിശവുമായ കടന്നു കയറ്റവും കൂടി ആകുമ്പോള്‍, പ്രാര്‍ത്ഥിക്കാനുള്ള തീക്ഷ്ണത പലര്‍ക്കും നഷ്ട്ടമാകുന്നു.
സൃഷ്ടികളായതിനാല്‍ തന്നെ, അപൂര്‍ണരായ നമ്മള്‍ സ്തുതിക്കുന്നതിനും മദ്ധ്യസ്ഥത തേടുന്നതിനും, ഹൃദയങ്ങളില്‍ ജ്വലിക്കുന്ന അഭിലാഷങ്ങളുടെ സാക്ഷാത്ക്കാരത്തിനായും സകല ദാനത്തിന്റേയും ഉറവിടമായ അവനിലേക്ക് തിരിയുന്നതിനും പ്രാര്‍ത്ഥന ആവശ്യമാണ്. ഇത് പൂര്‍ണ്ണമായും ഗ്രഹിച്ചതുകൊണ്ടാണ് വി. അഗസ്തിന്‍ ഇപ്രകാരം പ്രസ്താവിച്ചത്:- ''കര്‍ത്താവേ, അവിടുന്ന് അവിടുത്തേക്കായിട്ടാണ് ഞങ്ങളെ സൃഷ്ടിച്ചത്; അങ്ങയില്‍ വിശ്രമിക്കുന്നത് വരെ ഞങ്ങളുടെ ഹൃദയങ്ങള്‍ അസ്വസ്ഥമാണ്.''
ഈ കാരണത്താല്‍ തന്നെ, വിശ്വാസിയുടെ അടിസ്ഥാന കര്‍മ്മമായ പ്രാര്‍ത്ഥനാനുഭവം, എല്ലാ മതങ്ങള്‍ക്കും പൊതുവായിട്ടുള്ളതാണ്. എന്നാല്‍ ചില മതങ്ങളില്‍ വ്യക്തിഗത ദൈവ വിശ്വാസം തീരെ അവ്യക്തമാണ്, ചിലതില്‍, അത് വ്യാജ ദൈവ പ്രതിനിധികളാല്‍ കുഴപ്പിക്കുന്നതുമാണ്.
പ്രാര്‍ത്ഥന ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രസ്ഥാനമാണ്. അതുകൊണ്ടാണ് 'ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം' എന്ന് യേശു നമ്മോട് ആവശ്യപ്പെട്ടത്. ശ്വസിക്കുന്നതുപോലെ അനിവാര്യമായ ഒന്നാണ് പ്രാര്‍ത്ഥന എന്ന് ക്രൈസ്തവര്‍ക്ക് നന്നേ അറിയാം. ദൈവവുമായി ഉറ്റ ചങ്ങാത്തത്തിലുള്ള സംഭാഷണത്തിന്റെ മാധുര്യം ഒരിക്കല്‍ രുചിച്ചറിഞ്ഞാല്‍, അത് ഉപേക്ഷിക്കാന്‍ നാം ശ്രമിക്കുകയേയില്ല.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.9.93)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.