News
ഇറ്റലിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശുദ്ധ ബനഡിക്റ്റിന്റെ ബസലിക്ക തകര്‍ന്നു
സ്വന്തം ലേഖകന്‍ 31-10-2016 - Monday
റോം: ഇറ്റലിയിലെ നോര്‍സിയായിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ വിശുദ്ധ ബനഡിക്റ്റിന്റെ നാമധേയത്തിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബസലിക്ക തകര്‍ന്നു. യൂറോപ്പിന്റെ സംസ്‌കാരത്തേയും, സന്യാസ പാരമ്പര്യത്തേയും ഏറെ സ്വാധീനിച്ച വിശുദ്ധ ബനഡിക്റ്റിന്റെ ജന്മസ്ഥലത്ത് നിര്‍മ്മിച്ച ബസലിക്ക ദേവാലയമാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ തകര്‍ന്നു വീണത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. റോമിലും, വത്തിക്കാനിലും ഭൂചലനം അനുഭവപ്പെട്ടു.
രാവിലെ 7.40-നാണ് ഭൂചലനം അനുഭവപ്പെട്ടത്. നോര്‍സിയായില്‍ നിന്നും ആറു മൈല്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന പൈ-ഡെല്‍ കൊളീ എന്ന സ്ഥലമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വിശുദ്ധ ബനഡിക്റ്റ് കത്തീഡ്രലിനു സമീപത്തുള്ള ചെറിയ ദേവാലയവും ഭൂചലനത്തില്‍ തകര്‍ന്നു. എന്നാല്‍, നഗരമധ്യത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ ബനഡിക്റ്റിന്റെ പ്രതിമയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. നോര്‍സിയായില്‍ ഉള്ള സന്യസ്ഥരെല്ലാം സുരക്ഷിതരാണ്.
നോര്‍സിയന്‍ സന്യാസ സമൂഹത്തിന്റെ ചുമതലകള്‍ വഹിക്കുന്ന ഫാദര്‍ ബനഡിക്റ്റ് നിവാക്കോഫ് സ്ഥിതിഗതികള്‍ സംബന്ധിക്കുന്ന വിവരം സന്യാസ സമൂഹത്തിന്റെ വെബ്‌സൈറ്റില്‍ കുറിച്ചു. സന്യാസ സമൂഹത്തിലെ അംഗങ്ങള്‍ക്ക് ഭൂചലനത്തില്‍ അപകടം സംഭവിച്ചിട്ടില്ലെന്നു കുറിപ്പിലൂടെ അറിയിച്ച ഫാദര്‍ ബനഡിക്റ്റ്, വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനകള്‍ക്കായി നന്ദിയും അറിയിച്ചു. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു. ജനങ്ങളുടെ സേവനത്തിനായി സന്യസ്ഥര്‍ സദാസമയവും രംഗത്തുണ്ടാകുമെന്നും, അതാണ് തങ്ങളുടെ മുഖ്യദൗത്യമെന്നും ഫാദര്‍ നിവാക്കോഫ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.
റോമിനു പുറത്തായി സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് ബസലിക്കയ്ക്കും ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് നടന്ന ശക്തമായ ഭൂചലനത്തില്‍ ഇറ്റലിയില്‍ 300 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, അനേകര്‍ക്ക് വീടുകള്‍ നഷ്ടമാകുകയും ചെയ്ത വലിയ ദുരന്തമായിരുന്നു അത്. രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സാധ്യമാകുന്നതെല്ലാം ഉടന്‍ തന്നെ ചെയ്യുമെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് മറ്റിയോ റെന്‍സി അറിയിച്ചു.
ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന മധ്യേ, ഭൂചലനത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള തന്റെ ഐക്യദാര്‍ഢ്യം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം അറിയിച്ചു. മുറിവേറ്റവര്‍ക്കു വേണ്ടിയും, വീടുകളും സമ്പാദ്യവും നഷ്ടപ്പെട്ടവര്‍ക്കു വേണ്ടിയും താന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായി പിതാവ് പറഞ്ഞു. രക്ഷാപ്രവര്‍ത്തകരുടെ കരങ്ങളെ ദൈവം ശക്തിപ്പെടുത്തട്ടെ എന്ന് പറഞ്ഞ പാപ്പ, പരിശുദ്ധ അമ്മ അവര്‍ക്ക് കാവലായിട്ടുണ്ടാകുമെന്നും തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.