News
സഭയുടെ ചരിത്രത്തിൽ ആദ്യമായി, ദമ്പതികൾ ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു
അഗസ്റ്റസ് സേവ്യർ 20-10-2015 - Tuesday
October 18 ഞായറാഴ്ച്ച, ഇറ്റാലിയൻ പുരോഹിതനായ Fr. വിൻസെന്റ് ഗ്രോസി, 'Immaculate Conception' സന്യാസിനി Sr. മേരി, ദമ്പതികളായ ലൂയി, സെലീ മാർട്ടിൻ എന്നിവരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. "നമുക്കെല്ലാം അനുകരിക്കാവുന്ന, യേശുവിന്റെ സേവന മാതൃക സ്വന്തം ജീവിതത്തിൽ പകർത്തിയ വിശുദ്ധ വ്യക്തികളാണവർ. അത്യന്ത്യം എളിമയോടെയും ദീനദയാലുത്വത്തോടെയും സഹജീവികളെ പരിചരിച്ചവരാണ് വിശുദ്ധിയിലേക്ക് ഉയർത്തപ്പെടുന്ന ഈ സ്ത്രീ പുരഷന്മാർ" പിതാവ് പറഞ്ഞു.
19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ലീസ്യൂവിലെ തെരേസ പുണ്യവതിയുടെ മാതാപിതാക്കളാണ് ലൂയിയും സെലീ മാർട്ടിനും. സഭാ ചരിത്രത്തിൽ ആദ്യമായാണ് ദമ്പതികൾ ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നത്.
St. തെരേസയ്ക്കും സഹോദരങ്ങൾക്കും ആത്മീയ പ്രചോദനം നൽകത്തക്ക ഒരു അന്തരീക്ഷം വീട്ടിൽ നിലനിറുത്തുവാൻ ഈ ദമ്പതികൾ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. പാവങ്ങളോടുള്ള അനുകമ്പ ഒരു ജീവിതചര്യയാക്കി മാറ്റുവാൻ ഈ മാതാപിതാക്കൾ യത്നിച്ചു.
കുടുംബസംബന്ധിയായ സിനഡ് നടന്നു കൊണ്ടിരിക്കുന്ന ഈ സമയം, ഏറ്റവും ഉത്തമമായ ഒരു കുടുംബത്തിലെ മാതാപിതാക്കളെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നത് അത്യധികം ഉചിതമാണെന്ന് പിതാവ് സൂചിപ്പിച്ചു.
St.ഗ്രോസിയും St. മേരിയുമാണ് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട മറ്റു രണ്ടു പേർ.
ഇറ്റാലിയൻ വിശുദ്ധൻ വിൻസെന്റ് ഗ്രോസിയുടെ പാവങ്ങളോടുള്ള ദീനദയാലുത്വംപ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് മാർപാപ്പ സൂചിപ്പിച്ചു.
അതേ സ്വഭാവ വിശേഷങ്ങൾ കൊണ്ട് അനുഗ്രഹീതയായിരുന്നു St. മേരിയും. പാവപ്പെട്ടവരുടേയം, ദുരിതമനുഭവിക്കുന്നവരുടേയും കുട്ടികൾക്ക്, ആശ്വാസമേകിക്കൊണ്ട് ജീവിച്ച പുണ്യവതിയാണ് St. മേരി.
''ദുഖം സ്വയം ഏറ്റെടുത്തു കൊണ്ട് ദൈവഹിതം നിറവേറ്റിയ യേശുവിന് നമ്മുടെ ദുഖങ്ങളുടെ കാരണങ്ങളും ആഴവും പെട്ടന്ന് മനസിലാകും."
അതിനു ശേഷം, St. മാർക്കിന്റെ സുവിശേഷ ഭാഗം പരാമർശിച്ച് പിതാവ് പ്രസംഗിച്ചു. യേശുശിഷ്യരായ സഹോദരർ, ജയിംസും ജോണും, അവരുടെ അമ്മയുടെ പ്രേരണയ്ക്ക് വഴങ്ങി, സ്വർഗ്ഗത്തിൽ തങ്ങൾക്ക് കർത്താവിന്റെ ഇടത്തും വലത്തുമായി ഇരിക്കാനുള്ള അനുഗ്രഹം ആവശ്യപ്പെടുകയാണ്. യേശു അവരോട് പറഞ്ഞു.'നിങ്ങൾ എന്റെയൊപ്പം പാനം ചെയ്യും. പക്ഷേ, എന്റെ ഇടത്തും വലത്തും ഇരിക്കുന്നത് ആരെന്നുള്ളത് എനിക്കുള്ള തീരുമാനങ്ങളല്ല.''
സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള ലൗകീകമായ ആഗ്രഹങ്ങൾക്ക് പുറകേ പോകാതെ, തന്റെയൊപ്പം ചേർന്ന് ത്യാഗത്തിന്റെയും സേവനത്തിന്റെയും പാതയിൽ ചരിക്കാൻ യേശു അവരോട് ആവശ്യപ്പെടുകയാണ്. ക്രൈസ്തവ സമൂഹത്തിൽ യഥാർത്ഥ അധികാരം സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിൽ ചരിക്കുന്നതാണ്.
സ്വയം സ്വീകരിച്ച പീഠാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും, യേശു സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന തലത്തിൽ വർത്തിക്കുകയാണ്. അത് സ്നേഹത്തിന്റെയും സേവനത്തിന്റെയും ഉദാത്ത രൂപങ്ങളായി മാറുകയും, ആ മഹത്വം അദ്ദേഹം തിരുസഭയിൽ ചേർക്കുകയും ചെയ്യുന്നു.
ലൗകീക അധികാരങ്ങൾക്കുള്ള ആഗ്രഹം, ക്രിസ്തുവിന്റെ സ്നേഹ സേവനങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്ന ആശയങ്ങളല്ല എന്ന് പിതാവ് സൂചിപ്പിച്ചു.
നമെല്ലാം മാമോദീസായിലൂടെ യേശുവിന്റെ സേവന ദൗത്യം ഏറ്റെടുക്കാൻ ചുമതലപ്പെട്ടിരിക്കുന്നു. യേശുവിന്റെ ദയയുടേയും സേവനത്തിന്റെയും നീർച്ചാലുകളായി നാം മാറുന്നു. ആ നീർച്ചാലുകൾ , ദുഖിക്കുന്നവരുടേയും അശരണരുടേയും അടുക്കലേക്ക് എത്തിക്കാനുള്ള ചുമതലയാണ്, ക്രിസ്തുവിന്റെ അനുയായികളായ നമുക്കുള്ളത്.
ഇന്ന് പുണ്യപദവിയിലേക്ക് ഉയർത്തപ്പെട്ട നാല് വിശുദ്ധരുടേയും ജീവിതം, അനുകരണീയമായ സേവനത്തിന്റെ ഒരു പാത നമുക്ക് കാണിച്ചു തരുന്നതായി പ്രസ്താവിച്ചുകൊണ്ട് പിതാവ് പ്രസംഗം ഉപസംഹരിച്ചു.
