802-ല്‍ എഗ്ബെര്‍ട്ട് രാജാവിന്റെ കാലം മുതല്‍ 'വെസ്റ്റ്-സാക്സണ്‍സ്' ആയിരുന്നു മുഴുവന്‍ ഇംഗ്ലണ്ടിന്‍റെയും പരമാധികാരികള്‍. എന്നിരുന്നാലും ചില ഭാഗങ്ങളില്‍ ചില രാജാക്കന്‍മാര്‍ ഭരണം നടത്തിയിരുന്നു. കിഴക്കന്‍ ഭാഗത്തെ ഒരു രാജാവായിരുന്നു ഒഫ്ഫാ തന്റെ തന്റെ കിരീടവും രാജകീയ അധികാരവും ഉപേക്ഷിച്ച് ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞ് ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. അതിന്‍ പ്രകാരം അദ്ദേഹം തന്റെ പദവിയും അധികാരവും പഴയ ഇംഗ്ലീഷ്-സാക്സണ്‍ രാജാക്കന്മാരുടെ പിന്തലമുറയില്‍പ്പെട്ടവനും നന്മയില്‍ വളരുകയും ചെയ്ത വിശുദ്ധ എഡ്മണ്ടിനെ ഏല്‍പ്പിച്ചു. വിശുദ്ധന് അപ്പോള്‍ പതിനഞ്ച് വയസ്സ് മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളു.
855-ലെ ക്രിസ്തുമസ് ദിനത്തില്‍ യൂര്‍സ് എന്ന്‍ വിളിക്കപ്പെടുന്ന സ്റ്റൌറിലുള്ള ബുറും എന്ന രാജകീയ മാളികയില്‍വച്ച് എല്മാനിലെ മെത്രാനായ ഹുണ്‍ബെര്‍ട്ടിനാല്‍ വിശുദ്ധന്‍ തന്റെ പൂര്‍വ്വികരുടെ സിംഹാസനത്തില്‍ അവരോധിതനായി. പ്രായത്തില്‍ ചെറുപ്പമായിരുന്നാലും അദ്ദേഹം ദൈവഭക്തി, എളിമ, ദീനാനുകമ്പ തുടങ്ങിയ എല്ലാവിധ നന്മകളുടെയും വിളനിലമായിരുന്നു. ഒരു നല്ല രാജകുമാരന്‍റെ ഉദാഹരണമായിരുന്നു വിശുദ്ധന്‍. മുഖസ്തുതിപാടകരുടേയും ഒറ്റുകാരുടേയും പ്രഖ്യാപിത ശത്രുവായിരുന്നു ഇദ്ദേഹം. തന്റെ ജനങ്ങളുടെ സമാധാനത്തിലും സന്തോഷത്തിലുമായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. അതിനാല്‍ പക്ഷപാതരഹിതവും നീതിയുക്തവും മത-നിയമങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതുമായ ഒരു ഭരണത്തിനായി ഉത്സാഹിച്ചു.
തന്റെ ജനങ്ങളുടെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ പിതാവും, വിധവകളുടേയും, അനാഥരുടേയും സംരക്ഷകനും, ദുര്‍ബ്ബലരുടെ സഹായവും ആയിരുന്നു എഡ്മണ്ട് രാജാവ്. മതവും, ദൈവഭക്തിയും അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തുപറയാവുന്ന സവിശേഷതകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സന്യാസിമാര്‍ക്കും പുരോഹിതര്‍ക്കും പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും ഹൃദ്വിസ്ഥമായിരുന്നു. അതിനാല്‍ യാത്രവേളകളിലും, മറ്റവസരങ്ങളിലും പുസ്തകത്തിന്റെ സഹായം കൂടാതെ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതിന് അവര്‍ക്ക് കഴിഞ്ഞിരുന്നു.
പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും സ്വയം ഹൃദ്വിസ്ഥമാക്കുന്നതിനായി അദ്ദേഹം നോര്‍ഫോക് എന്നറിയപ്പെടുന്ന ഗ്രാമത്തില്‍ താന്‍ പണികഴിപ്പിച്ച രാജകീയ ഗോപുരത്തില്‍ ഏതാണ്ട് ഒരുവര്‍ഷക്കാലം പദവിയില്‍ നിന്നും അധികാരത്തില്‍ നിന്നും ഒഴിഞ്ഞുമാറികൊണ്ട് ജീവിച്ചു. ഡെന്മാര്‍ക്കുകാരുടെ ആക്രമണം വരെ ഏതാണ്ട് 15 വര്‍ഷക്കാലം ഈ വിശുദ്ധന്‍ രാജ്യം ഭരിച്ചു. ഡാനിഷ് സംഭവ-വിവരണ പുസ്തക പ്രകാരം ഡെന്മാര്‍ക്കിലെ രാജാവായ റെഗ്നെര്‍ ലോഡ്ബ്രോഗ് താന്‍ ആക്രമിച്ച അയര്‍ലന്‍ഡില്‍ തടവിലാക്കപ്പെടുകയും അവിടെവച്ച് വധിക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ക്രൂരഭരണത്തില്‍ നിന്നും ജര്‍മ്മനിയിലെ ലെവിസ് ദേബണയറിലേക്കൊളിച്ചോടിയ ഹാറാള്‍ഡ് ക്ലാഗ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ വീണ്ടും വിഗ്രാഹാരാധനയിലേക്ക് വഴുതി വീണു.
അദ്ദേഹത്തിന് ശേഷം സിവാര്‍ഡ്-III, എറിക്ക്-I, എറിക്ക്-II എന്നിവര്‍ ഭരണം നടത്തി. ഇതില്‍ എറിക്ക്-II തന്റെ അവസാനകാലത്ത് വിശുദ്ധ അഞ്ചാരിയൂസിനാല്‍ മാമോദീസ സ്വീകരിച്ച് വിശ്വാസിയായി. ഇദ്ദേഹത്തിന്റെ കാലത്ത് റെഗ്നെര്‍ ലോഡ്ബ്രോഗിന്റെ മക്കള്‍ നോര്‍വേ കീഴടക്കിയതിന് ശേഷം ഇംഗ്ലണ്ട് ആക്രമിച്ചു. എറിക്ക്, ഒറെബിക്ക്, ഗോഡ്ഫ്രെ, ഹിംഗുവാര്‍, ഹുബ്ബാ, ഉള്‍ഫോ, ബിയോണോ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. സാഹസികരും കടല്‍കൊള്ളക്കാരും ഉള്‍പ്പെടെ വടക്കന്‍ ഭാഗങ്ങളില്‍ നിന്നും സംഘടിപ്പിച്ച വലിയൊരു സൈന്യവും ഇവര്‍ക്കുണ്ടായിരുന്നു. ഈ സഹോദരന്‍മാരില്‍ ഏറ്റവും ക്രൂരനമാരും പിടിച്ചുപറിക്കാരുമായ ഹിംഗുവാര്‍, ഹുബ്ബാ എന്നിവര്‍ ഇംഗ്ലണ്ടില്‍ എത്തുകയും ശൈത്യകാലത്ത് കിഴക്കേ ആംഗ്ലിയയില്‍ തമ്പടിക്കുകയും അവിടെ ഒരുടമ്പടിയുണ്ടാക്കുകയും ചെയ്തു.
വേനല്‍ കാലത്ത് അവര്‍ വടക്കന്‍ പ്രദേശങ്ങളിലേക്ക് പോയി അവിടെ ട്വീട് നദീമുഖത്ത് എത്തി. പിന്നീട് നോര്‍ത്തംബര്‍ലാന്‍ഡ്, മെര്‍സിയ എന്നീ സ്ഥലങ്ങള്‍ കൊള്ളയടിച്ച്, വാളിനാലും തീയാലും ചുട്ടു ചാമ്പലാക്കിയതിനു ശേഷം ലിങ്കണ്‍ഷെയര്‍, നോര്‍ത്താംപ്ടണ്‍ഷയര്‍, കേംബ്രിജ്ഷയര്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചു. ക്രിസ്തുമതത്തോടുള്ള വിദ്വേഷത്താല്‍ കാമം, ക്രൂരത എന്നിവയുടെ പ്രതിരൂപമായ ഇവര്‍ എല്ലാ പള്ളികളും ആശ്രമങ്ങളും നശിപ്പിച്ചു. കണ്ണില്‍ കണ്ട പുരോഹിതരെയും സന്യാസിമാരെയും ക്രൂരമായി വധിച്ചു.
ബെര്‍വിക്കിനു പിന്നീടുള്ള പ്രശസ്ഥമായ കോള്‍ഡിംഗ്ഹാം ആശ്രമത്തിലെ സന്യാസിനികള്‍ തങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ തങ്ങളുടെ കന്യകാത്വം നശിപ്പിക്കപ്പെടുമോ എന്ന ഭയത്താല്‍ ആശ്രമാധിപയായ വിശുദ്ധ എബ്ബായുടെ നേതൃത്വത്തില്‍ തങ്ങളുടെ മൂക്കും മേല്‍ചുണ്ടും മുറിച്ച് കളഞ്ഞു. ഈ രൂപത്തില്‍ തങ്ങളെ കണ്ടാല്‍ കണ്ടാല്‍ അവര്‍ക്ക് വെറുപ്പ് തോന്നുകയും അതുവഴി തങ്ങളുടെ വിശുദ്ധി സംരക്ഷിക്കാം എന്നായിരുന്നു അവര്‍ക്ക് കണക്ക് കൂട്ടിയത്. അവരുടെ ചാരിത്രം കളങ്കപ്പെട്ടില്ലെങ്കിലും ആ ക്രൂരന്മാര്‍ അവരെയെല്ലാവരെയും വാളിനിരയാക്കി.
ബാര്‍ഡ്നി, ക്രോയ്ലാന്‍ഡ്, പീറ്റര്‍ബറോ, എലി, ഹന്‍ഡിംഗ്ഡണ്‍ എന്നിവിടങ്ങളിലെ ആശ്രമങ്ങള്‍ നിലംപരിശാക്കി. അവിടത്തെ അന്തേവാസികളെ ക്രൂരമായി കശാപ്പ് ചെയ്തു. പീറ്റര്‍ബറോയിലെ പള്ളിയുടെ അവശിഷ്ടങ്ങള്‍ 'Monk's-Stone' എന്ന പേരോടു കൂടി ഒരു സ്മാരകം എന്ന നിലയില്‍ സംരക്ഷിച്ചു വരുന്നു. ഒരു ആശ്രമാധിപന്‍റെയും, കുറെ സന്യാസിയുടെയും പ്രതിമകള്‍ ഇവിടെ കാണാന്‍ കഴിയും. 870-ല്‍ ഹിംഗുവാര്‍, ഹുബ്ബാ എന്നിവരാല്‍ കൊലചെയ്യപ്പെട്ട അവിടത്തെ സന്യാസിമാരെ അടക്കം ചെയ്തിട്ടുള്ള കുഴിക്ക് മുകളിലാണ് ഈ പ്രതിമകള്‍ ഉള്ളത്.
ചോരയുടെ മണമുള്ള ഈ കാടന്മാര്‍ വിശുദ്ധ എഡ്മണ്ടിന്‍റെ പ്രദേശങ്ങളിലുമെത്തി. ആദ്യം കണ്ട പട്ടണമായ തെറ്റ്ഫോര്‍ഡിനു തീയിട്ട ശേഷം തങ്ങളുടെ കണ്ണില്‍ കണ്ടതെല്ലാം അവര്‍ ചവറു കൂനയാക്കി. ഉടമ്പടിയില്‍ വിശ്വാസമുണ്ടായിരുന്ന അവിടത്തെ ജനങ്ങള്‍ തങ്ങള്‍ സുരക്ഷിതരാണ് എന്ന് കരുതിയതിനാല്‍ തയ്യാറെടുപ്പൊന്നും നടത്തിയിട്ടില്ലായിരുന്നു. എങ്കിലും വിശുദ്ധ എഡ്മണ്ട് കുറെ സൈനികരെ സംഘടിപ്പിച്ച് തെറ്റ്ഫോര്‍ഡിനു സമീപത്ത് വച്ച് ഈ ക്രൂരന്‍മാരുടെ സൈന്യത്തിലെ ഒരു വിഭാഗവുമായി ഏറ്റുമുട്ടുകയും അവരെ ചിന്താകുഴപ്പത്തില്‍ ആക്കുന്നതിനു അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. എന്നാല്‍ എണ്ണമറ്റ ശത്രു സൈന്യത്തോട് ഏറ്റുമുട്ടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതിനും ശത്രുസൈനികരുടെ ആത്മാക്കളെ ആത്യന്തികമായ നാശത്തില്‍ നിന്നും രക്ഷിക്കുന്നതിനുമായി തന്റെ സൈന്യത്തെ പിരിച്ചു വിടുകയും തന്റെ അധികാരം ഉപേക്ഷിച്ച് സുഫ്ഫോക്കിലെ ഫ്രാമ്ലിംഗ്ഹാം കോട്ടയില്‍ താമസിക്കുകയും ചെയ്തു.
നരാധമന്‍മാരായ ശത്രുക്കള്‍ വിശുദ്ധന് പല പ്രലോഭനങ്ങളും നല്‍കി. എന്നാല്‍ അവയെല്ലാം തന്റെ മത വിശ്വാസത്തിനും തന്റെ ജനതയോടുള്ള നീതിക്കും എതിരാണെന്ന കാരണത്താല്‍ വിശുദ്ധന്‍ നിരസിച്ചു. തന്റെ മതത്തിനും മനസാക്ഷിക്കും എതിരായി ജീവിക്കുന്നതിലും ഭേദം വിശ്വാസത്തിനുവേണ്ടി മരിക്കുവാനായിരുന്നു വിശുദ്ധന്‍ ഇഷ്ടപ്പെട്ടിരുന്നത്. വിശുദ്ധന്‍ വേവ്നിയില്‍ കുറച്ച് കാലം ഒളിവില്‍ കഴിഞ്ഞിരുന്നുവെങ്കിലും ഒക്സണ്‍ എന്ന സ്ഥലത്ത് വച്ച് ശത്രുക്കള്‍ അദ്ദേഹത്തെ വളഞ്ഞു. കനത്ത ചെങ്ങലയാല്‍ അവര്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി അവരുടെ ജനറലിന്റെ കൂടാരത്തില്‍ എത്തിച്ചു. അവിടെ വച്ചും അവര്‍ അദ്ദേഹത്തെ പ്രലോഭിപ്പിച്ചുവെങ്കിലും വിശുദ്ധനായ ഈ രാജാവ് തന്റെ മതം തനിക്ക് ജീവനേക്കാള്‍ വലുതാണ് എന്ന്‍ പ്രഖ്യാപിച്ചുകൊണ്ട് അതെല്ലാം നിരസിച്ചു.
ഇതില്‍ പ്രകോപിതനായ ഹിംഗുവാര്‍ അദ്ദേഹത്തെ ഒരു കുറുവടികൊണ്ട് മര്‍ദ്ദിച്ചു. അതിനുശേഷം അദ്ദേഹത്തെ ഒരു മരത്തില്‍ ബന്ധനസ്ഥനാക്കി ചാട്ടകൊണ്ടടിച്ചു മേലാകെ മുറിവേല്‍പ്പിച്ചു. വളരെയേറെ ക്ഷമാപൂര്‍വ്വം വിശുദ്ധന്‍ ഇതെല്ലാം സഹിച്ചു. ഈ പീഡനങ്ങള്‍ക്കൊന്നുംതന്നെ ക്രിസ്തുവിന്റെ നാമം വിളിക്കുന്നതില്‍ നിന്നും വിശുദ്ധനെ പിന്തിരിപ്പിച്ചില്ല. ഇത് ശത്രുക്കളെ കൂടുതല്‍ പ്രകോപിതരാക്കുകയും അവര്‍ ആ മരത്തെ വളഞ്ഞു നിന്നുകൊണ്ടു വിശുദ്ധന്റെ ശരീരത്തിന്റെ ഒരിഞ്ചുപോലും പുറത്ത് കാണാത്ത രീതിയില്‍ ഒരു മുള്ളന്‍പന്നിയെന്ന കണക്കെ അസ്ത്രം കൊണ്ടു നിറച്ചു. വളരെ നേരത്തിനു ശേഷം ഹിംഗുവാര്‍ ഈ ക്രൂരത നിറുത്തുകയും വിശുദ്ധന്‍റെ തല വെട്ടിമാറ്റുവാന്‍ ഉത്തരവിടുകയും ചെയ്തു.
അങ്ങനെ 870 നവംബര്‍ 20ന് തന്റെ 29-മത്തെ വയസ്സില്‍ തന്റെ ഭരണത്തിന്‍റെ പതിനഞ്ചാം വര്‍ഷം വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചു. വിശുദ്ധന്റെ ആയുധ-വാഹകന്റെയും, ഒരു ദ്രിക്സാക്ഷിയുടെയും വിവരണത്തില്‍ നിന്നും വിശുദ്ധ ദുന്‍സ്റ്റാന്‍ ഇക്കാര്യങ്ങളെല്ലാം ഗ്രഹിച്ചു. ഇപ്പോള്‍ ഹോക്സോണ്‍ അല്ലെങ്കില്‍ ഹോക്സനെ എന്നറിയപ്പെടുന്ന ഈ സ്ഥലം അപ്പോള്‍ ഹെന്‍ഗ്ലെസ്ടുന്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. പില്‍കാലത്ത് അവിടെ ഒരു സന്യാസിമഠം പണിയുകയും അതിനു വിശുദ്ധ എഡ്മണ്ടിന്റെ പേര്‍ നല്‍കുകയും ചെയ്തു.
വിശുദ്ധന്‍റെ ശിരസ്സ് ഒരു മരകമ്പില്‍ കുത്തി ശത്രുക്കള്‍ കൊണ്ടുപോയെങ്കിലും പിന്നീട് ഒരു കുറ്റികാട്ടില്‍ എറിഞ്ഞു കളഞ്ഞു. പക്ഷെ ഇത് ഒരു പ്രകാശസ്തൂപത്തിന് നടുവില്‍ അത്ഭുതകരമായ രീതിയില്‍ കണ്ടെത്തുകയും ഹോസോണിലുള്ള വിശുദ്ധന്‍റെ മറ്റ് ശരീര ഭാഗങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയും ചെയ്തു. ഈ വിശുദ്ധ ഭൗതീകാവശിഷ്ടങ്ങള്‍ ഉടന്‍തന്നെ കിംഗ്‌സ്റ്റാണ്‍ അല്ലെങ്കില്‍ ബെഡ്റിക്സ്‌വര്‍ത്ത് എന്ന സ്ഥലത്തേക്ക് മാറ്റി അന്നുമുതല്‍ ആ സ്ഥലം എഡ്മണ്ട്സ്ബറി എന്ന പേരില്‍ അറിയപ്പെട്ടു. കാരണം ഈ സ്ഥലം വിശുദ്ധ എഡ്മണ്ടിന് പൈതൃകസ്വത്തായി കിട്ടിയ സ്വന്തം പട്ടണമായിരുന്നു, അല്ലാതെ അവിടെ അദ്ദേഹത്തെ അടക്കം ചെയ്തു എന്ന കാരണത്താല്‍ അല്ലായിരുന്നു.
ഇംഗീഷ്-സാക്സണ്‍ ഭാഷയില്‍ ബറി എന്ന്‍ പറഞ്ഞാല്‍ കൊട്ടാരം അല്ലെങ്കില്‍ രാജധാനി എന്നാണ് അര്‍ത്ഥം. അദ്ദേഹത്തെ അടക്കം ചെയ്തിടത്ത് അക്കാലത്തെ രീതി അനുസരിച്ച് മരംകൊണ്ടുള്ള ഒരു പള്ളി പണിതു. ഒരു വലിയ മരത്തിന്റെ കൊമ്പുകള്‍ ഒരേപൊക്കത്തില്‍ മുറിക്കുകയും അടുപ്പിച്ചു അടുപ്പിച്ചു തറയില്‍ കുഴിച്ചിടുകയും ഇടക്കുള്ള ഭാഗം മണ്ണും കുമ്മായവും കൊണ്ടു നിറക്കുകയും വഴി ഭിത്തികള്‍ നിര്‍മ്മിക്കുകയും, ഇതിനു മുകളിലായി ഒരു മേഞ്ഞ മേല്‍ക്കൂര ഉറപ്പിക്കുകയും ചെയ്തു. വളരെ മനോഹരമായിരുന്നു ഈ നിര്‍മ്മിതി, അതിനാല്‍ തന്നെ ഏറ്റവും ശക്തരായ പാശ്ചാത്യ-സാക്സണ്‍ രാജാക്കന്മാരുടെ നിര്‍മ്മിതിയായ ഗ്ളാസ്റ്റെന്‍ബറിയിലുള്ള രാജകീയ ആശ്രമത്തിന്റെ നിര്‍മ്മാണവും ഈ രീതിയുടെ അടിസ്ഥാനത്തില്‍ ആണ്.
പില്‍ക്കാലത്ത് ഇത് കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ചു. വിശുദ്ധന്റെ അമൂല്യമായ ഭൗതീകാവശിഷ്ടങ്ങള്‍ പല അത്ഭുതങ്ങള്‍ക്കും കാരണമായിട്ടുണ്ട്. 920-ല്‍ എതേല്‍റെഡ് രാജാവിന്റെ ഭരണകാലത്ത് ടര്‍ക്കില്‍ ദി ടെയിനിന്റെ നേതൃത്വത്തിലുള്ള കിരാതന്‍മാരുടെ ആക്രമണത്തെ ഭയന്ന് ഈ വിശുദ്ധ ഭൗതീകാവശിഷ്ടങ്ങളുടെ സൂക്ഷിപ്പുകാരും ഇത് ഒരിക്കലും ഉപേക്ഷിക്കാത്തവരുമായ എഗ്ല്‍വിന്‍ അല്ലെങ്കില്‍ ഐല്‍വിന്‍ എന്ന സന്യാസിയും ലണ്ടനിലെ മെത്രാനായ അല്‍ഫുണും ചേര്‍ന്ന്‍ ഇവ ലണ്ടനിലേക്ക് മാറ്റി. മൂന്ന് വര്‍ഷത്തോളം വിശുദ്ധ ഗ്രിഗറിയുടെ പള്ളിയില്‍ സൂക്ഷിച്ചതിനുശേഷം 923-ല്‍ വീണ്ടും എഡ്മണ്ട്സ്ബറിയിലേക്ക് മാറ്റി.
മരംകൊണ്ടുണ്ടാക്കിയ ആ പഴയ പള്ളി ക്നൂട്ട് അഥവാ കനൂട്ടസ് രാജാവിന്റെ അവിടെ ഉണ്ടായിരുന്നു. തന്റെ പിതാവായ സ്വെയിന്‍ അഥവാ സ്വെണോ ഈ സ്ഥലത്തിനും ഭൗതീകാവശിഷ്ടങ്ങള്‍ക്കും വരുത്തിയ കേടുപാടുകള്‍ക്ക് പ്രായാശ്ചിത്വം എന്ന നിലയില്‍ 1020-ല്‍ ഈ രക്തസാക്ഷിയായ വിശുദ്ധന്റെ ആദരണാര്‍ത്തം അവിടെ ഒരു മനോഹരമായ പള്ളിയും ആശ്രമവും പണികഴിപ്പിച്ചു. ഈ വിശുദ്ധന്റെ സമാനതകളില്ലാത്ത ദൈവഭക്തിയും എളിമയും സഹനശക്തിയും മറ്റ് നന്മകളും നമ്മുടെ ചരിത്രകാരന്മാര്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. പില്‍ക്കാല ഇംഗ്ലീഷ് രാജാക്കന്മാര്‍ ഈ വിശുദ്ധനെ പ്രത്യേക മധ്യസ്ഥനും ഒരു രാജാവിനുവേണ്ട എല്ലാ നന്മകളുടെ ഒരു മാതൃകയുമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.
ഹെന്‍റി ആറാമന്‍ മതപഠനം തന്റെ ജീവിതകാലം മുഴുവന്‍ തുടരുകയും വിശുദ്ധ എഡ്മണ്ട്സ്ബറിയിലെ ആശ്രമത്തില്‍ അദ്ദേഹം നടത്തിയ ധ്യാനങ്ങള്‍ വഴി മറ്റെങ്ങും ലഭിക്കാത്തത്ര ആനന്ദവും സന്തോഷവും അനുഭവിക്കുകയും ചെയ്തു. 1222-ല്‍ ഈ വിശുദ്ധന്റെ നാമഹേതു തിരുന്നാള്‍ ഓക്സ്ഫോര്‍ഡ് നാഷണല്‍ കൗണ്‍സില്‍ രാജ്യത്തെ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടുത്തിയെങ്കിലും 1362-ല്‍ മെത്രാനായ സിമോണ്‍ ഇസ്ലെപ്പിന്റെ വെട്ടിക്കുറക്കലില്‍ ഈ ദിനം അവധിദിന പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു.
ഇതര വിശുദ്ധര്‍
1. ത്രെയിസില്‍ വച്ചു വധിക്കപ്പെട്ട ബാസ്സൂസ്, ഡയണീഷ്യസ്, ആഗാപ്പിത്തൂസ്
2. ആഫ്രിക്കായിലെ അമ്പേലിയൂസ്
3. ഏഷ്യാ മൈനറിലെ യൂസ്റ്റെസ്, തെസ്പെപ്സിയൂസ്, അനത്തോളിയൂസ്
4. ലാവോണില്‍ മരിച്ച ഔത്തുബോദൂസ്
5. മിലാനില്‍ ആര്‍ച്ചു ബിഷപ്പായിരുന്ന ബെനീഞ്ഞു
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക