News

വിവാഹ മോചനത്തിനു ശേഷം പുനർവിവാഹം നടത്തിയവർക്ക് ദിവ്യകാരുണ്യം അനുവദിക്കുന്നതിനെ പറ്റി വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞത്

അപ്പസ്തോലിക ആഹ്വാനം 24-10-2015 - Saturday

റോമിൽ വച്ചു നടന്നുകൊണ്ടിരിക്കുന്ന കുടുംബ സംബന്ധിയായ സിനഡ് ഇന്ന് അവസാനിക്കുമ്പോൾ ലോകം മുഴുവൻ സിനഡിന്റെ തീരുമാനങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. വിവാഹ മോചനത്തിനു ശേഷം പുനർവിവാഹം നടത്തിയവർക്ക് ദിവ്യകാരുണ്യം അനുവദിക്കുന്നതിനെ പറ്റി സിനഡിൽ നടന്ന ചർച്ചകൾ ഇതിനോടകം തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഈ അവസരത്തിൽ,34 വർഷങ്ങൾക്കു മുൻപ് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ വിവാഹ മോചനത്തിനു ശേഷം പുനർവിവാഹം നടത്തിയവർക്ക് ദിവ്യകാരുണ്യം അനുവദിക്കുന്നതിനെ പറ്റി അപ്പസ്തോലിക ആഹ്വാനത്തിലൂടെ പറഞ്ഞ കാര്യങ്ങളിലേക്ക് ഒരു എത്തി നോട്ടം.

1981 നവംബർ 22ന് പുറത്തിറക്കിയ 'Familiaris Consortio'/84-ൽ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം പറഞ്ഞു:-

"സിനഡിനോട് ഒത്തുചേര്‍ന്ന് അജപാലകരെയും‍ വിശ്വാസികളുടെ മുഴുവന്‍ സമൂഹത്തെയും ഞാന്‍ ആത്മാര്‍ത്ഥമായി ആഹ്വാനം ചെയ്യുന്നു. വിവാഹമോചനം നേടിയവരെ സഹായിക്കണം; സഭയില്‍നിന്ന്‍ വേര്‍പിരിഞ്ഞവരായി അവര്‍ തങ്ങളെത്തന്നെ കരുതുന്നില്ലെന്ന്‍ ഉറപ്പുവരുത്താന്‍ താത്പര്യപൂര്‍വ്വം ശ്രദ്ധിക്കണം. മാമോദീസ സ്വീകരിച്ച വ്യക്തികളെന്ന നിലയില്‍ അവര്‍ക്ക് സഭയുടെ ജീവിതത്തില്‍ പങ്കുചേരാം; വാസ്തവത്തില്‍ അവര്‍ അങ്ങനെ ചെയ്യുകയും വേണം.

ദൈവവചനം ശ്രവിക്കുക; ദിവ്യബലിയില്‍ സംബന്ധിക്കുക; പ്രാര്‍ത്ഥനയില്‍ സ്ഥിരോത്സാഹം കാണിക്കുക; ഉപവി പ്രവര്‍ത്തനങ്ങള്‍ക്കും, നീതിക്കുവേണ്ടിയുള്ള സാമൂഹിക പരിശ്രമങ്ങള്‍ക്കും സംഭാവനകള്‍ നല്‍കുക; തങ്ങളുടെ കുട്ടികളെ ക്രിസ്തീയവിശ്വാസത്തില്‍ വളര്‍ത്തുക;പ്രായശ്ചിത്തത്തിന്‍റെ ചൈതന്യവും പ്രയോഗവും അഭ്യസിക്കുകയും അങ്ങനെ അനുദിനവും ദൈവത്തിന്‍റെ കൃപയ്ക്കായി യാചിക്കുകയും ചെയ്യുക - എന്നീ കാര്യങ്ങളില്‍ അവര്‍ക്കു പ്രോത്സാഹനം നല്‍കണം. സഭ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവരെ ധൈര്യപ്പെടുത്തുകയും, കരുണയുള്ള ഒരു അമ്മയായി സ്വയം കാണിച്ചുകൊടുക്കുകയും, അങ്ങനെ അവരെ വിശ്വാസത്തിലും പ്രത്യാശയിലും നിലനിര്‍ത്തുകയും ചെയ്യട്ടെ.

എങ്കിലും വിവാഹമോചനത്തിനുശേഷം പുനര്‍വിവാഹം നടത്തിയവരെ ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവദിക്കാതിരുന്ന നടപടി സഭ ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നു.ഈ നടപടി വിശുദ്ധ ഗ്രന്ഥത്തെ അവലംബിച്ചുള്ളതാണ്. അവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന കൊടുക്കാത്തത് അവരുടെ നിലയും ജീവിതാവസ്ഥയും, മിശിഹായും സഭയും തമ്മിലുള്ള സ്നേഹൈക്യത്തെ വസ്തുനിഷ്ഠമായി നിഷേധിക്കുന്നു എന്ന വസ്തുത മൂലമാണ്. ദിവ്യകാരുണൃം സൂചിപ്പിക്കുകയും ഉളവാക്കുകയും ചെയ്യുന്നത് ആ ഐക്യത്തെയാണ്. ഇതിനുപുറമേ, അജപാലനപരമായ മറ്റൊരു പ്രത്യേക കാരണം കൂടിയുണ്ട്. ഈ ആളുകളെ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ അനുവദിച്ചാല്‍, വിവാഹത്തിന്‍റെ അഭേദ്യതയെക്കുറിച്ചുള്ള സഭയുടെ പ്രബോധനത്തെ സംബന്ധിച്ച് വിശ്വാസികള്‍ തെറ്റിലേക്കും ചിന്താകുഴപ്പത്തിലേക്കും നയിക്കപ്പെടും എന്നതാണ് കാരണം.

കുമ്പസാരമെന്ന കൂദാശയിലൂടെയുള്ള അനുരഞ്ജനമാണ് ദിവ്യകാരുണ്യത്തിലേയ്ക്ക് വഴി തുറക്കുന്നത്. മിശിഹായോടുള്ള ഉടമ്പടിയുടേയും വിശ്വസ്തതയുടെയും അടയാളം തകര്‍ത്തതില്‍ പശ്ചാത്തപിച്ചുകൊണ്ട്, വിവാഹത്തിന്‍റെ അഭേദ്യതയ്ക്ക് വിരുദ്ധമല്ലാത്ത ഒരു ജീവിതരീതി ഏറ്റെടുക്കാന്‍ ‍ആത്മാര്‍ത്ഥരായി സന്നദ്ധരാകുന്നവര്‍ക്ക് മാത്രമേ ഈ കൂദാശ നല്‍കുവാന്‍ പാടുള്ളൂ. പ്രയോഗതലത്തില്‍ അതിന്‍റെ അര്‍ത്ഥമിതാണ്. കുട്ടികളെ വളര്‍ത്തല്‍ പോലുള്ള ഗൗരവാവഹമായ കാരണങ്ങളുള്ളപ്പോള്‍, വേര്‍പിരിയുകയെന്ന ചുമതല നിര്‍വഹിക്കാന്‍ പുരുഷനും, സ്ത്രീക്കും കഴിയാതെവരാം. ആ സാഹചര്യത്തില്‍ അവര്‍ പരിപൂര്‍ണ്ണ വിരക്തിയില്‍ ജീവിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നു.

ഇതുപോലെതന്നെ, വിവാഹമെന്ന കൂദാശയും ദമ്പതികള്‍ തന്നെയും അവരുടെ കുടുംബങ്ങളും വിശ്വാസികളുടെ സമൂഹവും അര്‍ഹിക്കുന്ന ബഹുമാനം, പുനര്‍വിവാഹം നടത്തുന്ന വിവാഹമോചിതര്‍ക്കുവേണ്ടി ഏതെങ്കിലും തരത്തിലുള്ള ചടങ്ങുകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് അജപാലകരെ തടയുന്നു. ഏതൊരു കാരണത്തിന്‍റെയോ ഒഴിവുകഴിവിന്‍റെയോ പേരിലായാലും-അവ അജപാലന സ്വഭാവമുള്ളതാണെങ്കില്‍പോലും-അജപാലകര്‍ അത്തരം ചടങ്ങുകള്‍ സൃഷ്ടിക്കും. അങ്ങനെ സാധുവായി ഉടമ്പടി ചെയ്യപ്പെട്ട വിവാഹത്തിന്‍റെ അഭേദ്യതയെ സംബന്ധിച്ച് ആളുകളെ തെറ്റിലേയ്ക്ക് നയിക്കാന്‍ അവ ഇടയാക്കും.

ഈ വിധത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് മിശിഹായോടും അവിടുത്തെ സത്യത്തോടുമുള്ള വിശ്വസ്തതയാണ് സഭ പ്രഖ്യാപിക്കുന്നത്. അതേസമയം, തന്‍റെ ഈ സന്താനങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ച് സ്വന്തമായൊരു തെറ്റും കൂടാതെ തങ്ങളുടെ നിയമപ്രകാരമുള്ള പങ്കാളിയാല്‍ പരിത്യജിക്കപ്പെട്ടവരുടെ കാര്യത്തില്‍, അവള്‍ മാതൃസഹജമായ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

കര്‍ത്താവിന്‍റെ കല്പനയെ നിരാകരിക്കുകയും ഇപ്പോഴും ഈ അവസ്ഥയില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ക്ക്, അവര്‍ പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും ഉപവിയിലും സ്ഥിരമായി നില്‍ക്കുന്നെങ്കില്‍, മാനസാന്തരത്തിനും, രക്ഷയ്ക്കുമുള്ള കൃപാവരം ദൈവത്തില്‍ നിന്ന്‍ ലഭിക്കുമെന്ന് സഭ ഉറച്ച പ്രത്യാശയോടെ വിശ്വസിക്കുന്നു."

ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ


Related Articles »