Daily Saints.

November 26: മോറിസിലെ വിശുദ്ധ ലിയോണാര്‍ഡ്

സ്വന്തം ലേഖകന്‍ 26-11-2023 - Sunday

ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാര്‍ഡിന്റെ പിതാവ്. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ഇറ്റലിയിലെ വടക്ക്-പടിഞ്ഞാറന്‍ തുറമുഖ പ്രദേശമായ മോറിസിലുമാണ് വസിച്ചിരുന്നത്. തന്റെ അമ്മാവനായ അഗോസ്റ്റിനോയുടെ കൂടെ താമസിക്കുന്നതിനായി ലിയോണാര്‍ഡ് തന്റെ 13-മത്തെ വയസ്സില്‍ റോമിലേക്ക് പോയി. അവിടെ റോമന്‍ കോളേജില്‍ ചേര്‍ന്ന്‍ പഠനമാരംഭിച്ചു. പഠനത്തില്‍ മിടുക്കനായിരുന്ന വിശുദ്ധ ലിയോണാര്‍ഡിനെ മരുന്നുകള്‍ കൊണ്ട് വരുന്നതിനായി അവര്‍ നിയോഗിച്ചു. പക്ഷേ, തന്റെ അമ്മാവന്റെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ 1697-ല്‍ വിശുദ്ധന്‍ ഫ്രിയാര്‍സ് മൈനര്‍ സഭയില്‍ ചേര്‍ന്നു.

"പതിനെട്ടാം നൂറ്റാണ്ടിലെ മഹാനായ സുവിശേഷകന്‍" എന്ന് വിശുദ്ധ അല്‍ഫോണ്‍സസ് ലിഗോരിയാല്‍ വിളിക്കപ്പെട്ട ഫ്രാന്‍സിസ്കന്‍ സഭാംഗമായ വിശുദ്ധ ലിയോണാര്‍ഡ് ചൈനയില്‍ സുവിശേഷ വേലക്കായി പോയ ഒരാളാണ്. അദ്ദേഹം ആ ഉദ്യമത്തില്‍ കാര്യമായി വിജയിച്ചില്ലെങ്കിലും മറ്റ് പല മേഖലകളിലും വളരെയേറെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി.

പൗരോഹിത്യ പട്ട സ്വീകരണത്തിന് ശേഷം അദ്ദേഹത്തിന് ക്ഷയം ബാധിക്കുകയും വിശ്രമ ജീവിതത്തിനായി, അദ്ദേഹത്തെ തന്റെ ജന്മദേശത്തേക്ക് തിരികെ അയച്ചു. താന്‍ തന്റെ ജീവിതത്തിലേക്ക് തിരികെ വന്നാല്‍ തന്റെ ജീവിതകാലം മുഴുവനും സുവിശേഷ പ്രഘോഷണത്തിനും പാപികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടി കൊണ്ട് വരുന്നതിനുമായി സമര്‍പ്പിക്കുമെന്നു അദ്ദേഹം പ്രതിജ്ഞ ചെയ്തു.

പിന്നീട് 40 വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുകയും ഇറ്റലി മുഴുവന്‍ വ്യാപിച്ച തന്റെ സുവിശേഷ വേലകളും, ധ്യാനങ്ങളും, ഇടവക ദൗത്യങ്ങളും തുടങ്ങുന്നതിനായി ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. തന്റെ ദൗത്യങ്ങളില്‍ 15 മുതല്‍ 18 വരെ ദിവസങ്ങളോളമോ ചിലപ്പോള്‍ അതിലധികമോ ആഴ്ചകള്‍ കുമ്പസാരിപ്പിക്കുന്നതിന് മാത്രമായി അദ്ദേഹം ചിലവിട്ടിരുന്നു. "ഞങ്ങളുടെ ദൗത്യത്തിന്റെ ശരിയായതും ഏറ്റവും നല്ലതുമായ ഫലങ്ങള്‍ ആ ദിവസങ്ങളിലാണ് ഞങ്ങള്‍ക്ക് ശേഖരിക്കുവാന്‍ കഴിഞ്ഞതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്രമാത്രം നന്മ ആ ദിവസങ്ങളില്‍ ചെയ്തിട്ടുണ്ട്" എന്നദ്ദേഹം ഇതിനെക്കുറിച്ച് പറയുകയുണ്ടായി.

തന്റെ സുവിശേഷ വേലകള്‍ മൂലമുണ്ടായ മതാവേശം തുടര്‍ന്ന്‍ കൊണ്ടുപോകുന്നതിനായി അദ്ദേഹം അതിനു മുന്‍പ് അത്രയധികം പ്രചാരത്തിലില്ലാതിരുന്ന കുരിശിന്റെ വഴിക്ക് നല്ല പ്രചാരം കൊടുത്തു. യേശുവിന്റെ പരിശുദ്ധ നാമത്തില്‍ അദ്ദേഹം വളരെയേറെ സുവിശേഷപ്രഘോഷങ്ങളും നടത്തിയിരുന്നു. ഏകാന്തമായി പ്രാര്‍ത്ഥിക്കുവാന്‍ സമയം ആവശ്യമാണെന്ന് മനസ്സിലാക്കിയതു മുതല്‍ അദ്ദേഹം റിറ്റിറോസ് (ritiros) ധ്യാനവസതികള്‍ ഉപയോഗിക്കുന്നത് പതിവാക്കി മാറ്റി. ഇറ്റലി ഉടനീളം ഇത്തരം ധ്യാനവസതികള്‍ പണികഴിപ്പിക്കുന്നതിന് ഇദ്ദേഹം വളരെയേറെ സഹായിച്ചിട്ടുണ്ട്. 1867-ല്‍ ലിയോണാര്‍ഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1923-ല്‍ അദ്ദേഹത്തെ ഇടവക സുവിശേഷ പ്രഘോഷകരുടെ മധ്യസ്ഥ വിശുദ്ധനായി തീരുമാനിച്ചു.

ഇതര വിശുദ്ധര്‍

1. ഔട്ടൂണ്‍ ബിഷപ്പായിരുന്ന അമാത്തോര്‍

2. റീംസിലെ ബസോളൂസ്

3. കോണ്‍സ്റ്റാന്‍സിലെ കോണ്‍റാഡ്

4. വെസെക്സ് രാജകുമാരനായ എജെല്‍വയിന്‍

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »