News - 2024
ഇറാനിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
സ്വന്തം ലേഖകന്‍ 29-11-2016 - Tuesday
ടെഹ്‌റാന്‍: ഇറാനില്‍ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണില്‍പെടാതെ പ്രവര്‍ത്തിക്കുന്ന ഭൂഗര്‍ഭ സഭകളിലേക്ക് മാമോദീസ വഴി ക്രൈസ്തവ വിശ്വാസത്തിലേക്ക് വരുന്നവരുടെ എണ്ണത്തിലാണ് വന്‍വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ സുവിശേഷ പ്രസ്ഥാനമായ 'ഇലാം' നല്‍കുന്ന കണക്കുകള്‍ പ്രകാരം ഈ മാസം മാത്രം 200-ല്‍ അധികം ഇറാനികള്‍ മാമോദീസ സ്വീകരിച്ച് ക്രൈസ്തവരായി മാറിയിട്ടുണ്ട്.
വീടുകള്‍ കേന്ദ്രീകരിച്ച് വളരെ രഹസ്യമായിട്ടാണ് ഇറാനില്‍ ക്രൈസ്തവ ആരാധന നടക്കുന്നത്. ഇത്തരം പ്രാര്‍ത്ഥന കൂട്ടായ്മ സര്‍ക്കാര്‍ കണ്ടുപിടിച്ചാല്‍ വിശ്വാസികള്‍ കടുത്ത ശിക്ഷയാണ് നേരിടേണ്ടി വരിക. ഇറാനിലെ ക്രൈസ്തവരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയാണ് കുറച്ചുകാലമായി ഉണ്ടാകുന്നതെന്ന് സിസിഎം മിനിസ്ട്രീസ് എന്ന സുവിശേഷ സംഘടനയുടെ സിഇഒ മാനി ഇഫ്‌റാന്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
"ഇറാനില്‍ ക്രൈസ്തവരായി മാറുന്നതില്‍ വലിയ ഒരു ശതമാനവും യുവാക്കളാണ്. ഒരു പുതിയ ഉണര്‍വാണ് രാജ്യത്ത് നടക്കുന്നതെന്ന് ഞങ്ങള്‍ കരുതുന്നു. ഇറാനിലെ യുവാക്കള്‍ മുസ്ലീം ഭരണാധികാരികളുടെ ക്രൂരതയില്‍ മനംമടുത്ത അവസ്ഥയിലാണ്. അക്രമവും, അരാചകത്വവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇസ്ലാം മതം കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് അവര്‍ പറയുന്നു. ക്രൈസ്തവ വിശ്വാസത്തേയും, പടിഞ്ഞാറന്‍ സംസ്‌കാരത്തേയും അവര്‍ സ്വീകരിക്കുകയാണ്". മാനി ഇഫ്‌റാന്‍ പറഞ്ഞു.
1979-ല്‍ ഇറാനിലുണ്ടായ വിപ്ലവത്തോടാണ് നിലവിലെ സാഹചര്യങ്ങളെ മാനി ഇഫ്‌റാന്‍ താരതമ്യപ്പെടുത്തിയത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതു മുതല്‍, മതപരിവര്‍ത്തനം നടത്തുന്ന ഇറാനികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇസ്ലാം മതത്തില്‍ നിന്നും ഉണ്ടാകുന്ന ഭീഷണി വകവയ്ക്കാതെ ആയിരങ്ങളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
2020-ല്‍ ഇറാനിലെ ക്രൈസ്തവരുടെ എണ്ണം ഏഴു മില്യണ്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇറാന്റെ ജനസംഖ്യയുടെ 10 ശതമാനമാണിത്. ഇറാനില്‍ വളര്‍ന്നു വരുന്ന ക്രൈസ്തവ സമൂഹം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വെല്ലുവിളി നേരിടുന്ന ക്രൈസ്തവര്‍ക്ക് പ്രത്യാശയുടെ പുതിയ നാമ്പുകളാണ് സമ്മാനിക്കുന്നത്. ടെലിവിഷനിലൂടെയും, സാമൂഹ്യമാധ്യമങ്ങളിലൂടെയുമാണ് ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള വിവരങ്ങളും, പഠനങ്ങളും അനേകരുടെ ജീവിത സാക്ഷ്യവുമാണ് ഇസ്ലാം മതസ്ഥരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആനയിക്കുന്നത്.