News - 2024

സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുവാനുള്ള തായ്‌വാന്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കത്തോലിക്ക മെത്രാന്‍ സമിതി രംഗത്ത്

സ്വന്തം ലേഖകന്‍ 29-11-2016 - Tuesday

തായ്‌പേയ്: സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കുവാനുള്ള തായ്‌വാന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ചു രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതി രംഗത്ത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കുവാന്‍ തായ്‌വാന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് വിശ്വാസികള്‍ക്ക് ആഹ്വാനം നല്‍കി. പാപത്തിലേക്ക് വഴിതെളിയ്ക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിശ്വാസികള്‍ ജാഗ്രതയോടെ പ്രതികരിക്കണമെന്നും, വിവാഹമെന്ന പവിത്രമായ ബന്ധം രാജ്യത്ത് നിലനില്‍ക്കുന്നതിനായി ദിവ്യകാരുണ്യ ആരാധനയും, ഉപവാസ പ്രാര്‍ത്ഥനയും നടത്തണമെന്നും ബിഷപ്പുമാര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

"പരമ്പരാഗതമായി രാജ്യത്ത് നിലനിന്നിരിന്ന സമ്പ്രദായത്തെ വിവാഹ നിയമത്തിലെ ഭേദഗതിയിലൂടെ സര്‍ക്കാര്‍ തകിടം മറിക്കുകയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ധാര്‍മ്മികമായ എല്ലാ വ്യവസ്ഥയേയും ചോദ്യം ചെയ്യുന്ന തീരുമാനം തായ്‌വാന്‍ സമൂഹത്തിന്റെ അന്തസിന് നിരക്കുന്നതല്ല. കുട്ടികളും, മാതാപിതാക്കളും, അവരുടെ മാതാപിതാക്കളുമെല്ലാം അടങ്ങുന്ന കുടുംബങ്ങളുടെ അവസാനത്തിനാകും ഇത്തരം തീരുമാനങ്ങള്‍ വഴിവയ്ക്കുക". ബിഷപ്പ് കോണ്‍ഫറന്‍സ് പുറത്തിറക്കിയ കുറിപ്പില്‍ വിശദീകരിക്കുന്നു.

പൊതുസമൂഹത്തിന്റെ മധ്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്താതെയാണ് ബില്‍ രാജ്യത്ത് നടപ്പിലാക്കുന്നതെന്നും ബിഷപ്പുമാരുടെ കൗണ്‍സില്‍ ചൂണ്ടികാണിക്കുന്നു. ഈ മാസം 17-ന് ഇരുപതിനായിരത്തില്‍ അധികം ക്രൈസ്തവര്‍ നിയമഭേദഗതിക്കെതിരെ തായ്‌വാന്‍ നിയമനിര്‍മ്മാണ സഭയുടെ മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

കത്തോലിക്ക യുവജനങ്ങളുടെ സംഘടന പുതിയ ബില്ലിനെ കുറിച്ച് ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയിരുന്നു. ഹിതപരിശോധനയുടെ ഫലം ഇവര്‍ ബിഷപ്പുമാര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. കത്തോലിക്ക സഭയുടെ പ്രബോധനവും, ദൈവവചനത്തിലെ തിരുവെഴുത്തുകളും അനുസരിച്ച് സ്വവര്‍ഗ വിവാഹം പാപമാണ്. മാനസികമായി ഇനിയും കണ്ടുപിടിക്കപെട്ടിട്ടില്ലാത്ത വികാരത്തിന് അടിമപ്പെടുന്നവരാണ് സ്വവര്‍ഗ്ഗാനുരാഗ പ്രവണതയിലേക്ക് കടക്കുന്നതെന്ന് സഭ പഠിപ്പിക്കുന്നു.

സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നതെന്ന്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക