News - 2024

കര്‍ദിനാളുമാര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതാണ്: ഫാദര്‍ അന്റോണിയോ സ്പഡാരോ

സ്വന്തം ലേഖകന്‍ 30-11-2016 - Wednesday

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ 'അമോരിസ് ലെത്തീസിയ'യുമായി ബന്ധപ്പെട്ട് കര്‍ദിനാളുമാര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നേരത്തെ തന്നെ നല്‍കിയതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത ഉപദേഷ്ട്ടാവായ ഫാദര്‍ അന്റോണിയോ സ്പഡാരോ. തുടര്‍ച്ചയായ വിമര്‍ശനം സഭയില്‍ പ്രതിബന്ധവും, ഭിന്നതയും ഉളവാക്കുമെന്നും ഇറ്റാലിയന്‍ ജസ്യൂട്ട് വൈദികന്‍ കൂടിയായ ഫാദര്‍ അന്റോണിയോ സ്പഡാരോ കൂട്ടിച്ചേര്‍ത്തു.

"ബിഷപ്പുമാരുടെ പ്രത്യേക സിനഡില്‍ കര്‍ദിനാളുമാര്‍ ഇതേ ചോദ്യം ഉന്നയിച്ചതാണ്. വളരെ താല്‍പര്യപൂര്‍വ്വം ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി പല ആവര്‍ത്തി നല്‍കിയിട്ടുള്ളതാണ്. വീണ്ടും സമാനമായ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നതിനെ സംശയത്തോടെയാണ് നോക്കി കാണുന്നത്. ചിലര്‍ ചോദ്യങ്ങളിലൂടെ വിമര്‍ശനം ഉന്നയിക്കുവാനാണ് ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ സഭയില്‍ ബുദ്ധിമുട്ടും, ഭിന്നതയും ഉളവാക്കും". ഫാദര്‍ അന്റോണിയോ സ്പഡാരോ പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പോസ്‌ത്തോലിക പ്രബോധനമായ അമോരിസ് ലെത്തീസിയ സഭയിലും സമൂഹത്തിലും വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും, അത് സഭയ്ക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ഫാദര്‍ അന്റോണിയോ സ്പഡാരോ കൂട്ടിച്ചേര്‍ത്തു. കര്‍ദിനാളുമാരായ റെയ്മണ്ട് ലിയോ ബുർക്ക്, ജർമൻകാരായ വാൾട്ടർ ബ്രാൻഡ്മുള്ളർ, ജോവാക്കിം മെസ്‌നർ, ഇറ്റലിക്കാരനായ കാർലോ കഫാര എന്നിവരാണ് അമോരിസ് ലെത്തീസിയയിലെ ചില ഭാഗങ്ങളില്‍ വ്യക്തത നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.