News - 2024
വൈദികരെ, നിങ്ങള്‍ പിതാവായ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവര്‍: നൈജീരിയന്‍ ബിഷപ്പ് ആല്‍ബര്‍ട്ട് ഫാസിന
സ്വന്തം ലേഖകന്‍ 30-11-2016 - Wednesday
ഇബദാന്‍: ദൈവപിതാവിന്റെ വലിയ സ്‌നേഹമാണ് വൈദികരെ പൗരോഹിത്യത്തിലേക്ക് ക്ഷണിക്കുന്നതെന്നു നൈജീരിയന്‍ ബിഷപ്പ് ആല്‍ബര്‍ട്ട് ഫാസിന. നൈജീരിയായിലെ ഇജേബു-ഓഡേ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് വൈദികരുടെ പ്രത്യേക കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ദൈവത്തിന്റെ രക്ഷാപദ്ധതിയെ കുറിച്ച് പറഞ്ഞത്. ക്രിസ്തുവിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ദൈവപിതാവുമായുള്ള ബന്ധത്തില്‍ മാത്രമായിരുന്നുവെന്നും ബിഷപ്പ് ആല്‍ബര്‍ട്ട് ഫാസിന തന്റെ സന്ദേശത്തില്‍ വിശദീകരിച്ചു.
"നമ്മേ ഓരോരുത്തരേയും വൈദികരായി ദൈവം വിളിച്ചിരിക്കുന്നതിന്റെ പിന്നിലെ ഏറ്റവും ശക്തമായ കാരണം, അവിടുത്തേക്ക് നമ്മോടുള്ള അനന്യമായ സ്‌നേഹമാണ്. ഈ സ്‌നേഹത്തിനോടുള്ള പ്രതികരണമായി നാം വൈദിക ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ക്രിസ്തുവിന്റെ രക്ഷാപദ്ധതിയെ മനുഷ്യരുടെ ഇടയില്‍ അറിയിക്കുകയും, ക്രിസ്തുവിനു വേണ്ടി അവരെ നേടുകയുമാണ് നാം ഓരോരുത്തരും ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം". ബിഷപ്പ് ആല്‍ബര്‍ട്ട് ഫാസിന പറഞ്ഞു.
കഠിനമായ വേദനകള്‍ ജീവിതത്തില്‍ ഉണ്ടായിട്ടും തന്റെ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തില്‍ നിന്നും ക്രിസ്തു ഒഴിഞ്ഞുമാറിയില്ലെന്ന് ബിഷപ്പ് ചൂണ്ടികാട്ടി. ദൈവത്തിന്റെ തെരഞ്ഞെടുപ്പിനെ വിശദീകരിക്കുന്ന യോഹന്നാന്റെ സുവിശേഷം 15-ാം അധ്യായത്തിലെ 16-ാം വാക്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബിഷപ്പ് ആല്‍ബര്‍ട്ട് ഫാസിയ വൈദികര്‍ക്കുള്ള സന്ദേശം നല്‍കിയത്.
"ഒന്നുമില്ലായ്മയില്‍ നിന്നുമാണ് ദൈവം നമ്മേ വിളിച്ച് വേര്‍തിരിച്ചിരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തേയും, വിശുദ്ധ പൗലോസിനേയുമെല്ലാം ഇതേ വിളിയിലൂടെയാണ് ദൈവം അവിടുത്തെ പദ്ധതികളെ നിറവേറ്റുവാന്‍ തെരഞ്ഞെടുത്തത്. ഇതിനാല്‍ തന്നെ സുവിശേഷത്തിന്റെ രക്ഷാപദ്ധതിയേ ആളുകളുടെ ഇടയിലേക്ക് എത്തിച്ചു നല്‍കുവാന്‍ നമ്മേ ശക്തീകരിക്കുന്നതും ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്". ബിഷപ്പ് ആല്‍ബര്‍ട്ട് ഫാസിന വിവരിച്ചു. ഇജേബു-ഓഡേയിലെ സെന്റ് സെബാസ്റ്റ്യന്‍ കാത്തലിക് കത്തീഡ്രലിലാണ് ലാഗോസ്, ഇബാദന്‍ മേഖലയിലെ വൈദികരുടെ സമ്മേളനം നടന്നത്.