News - 2024

അബോര്‍ഷനിലൂടെ നശിപ്പിക്കുന്ന ഗര്‍ഭസ്ഥശിശുക്കളെ ഉചിതമായ രീതിയില്‍ സംസ്‌കരിക്കണമെന്ന നിയമം പ്രാബല്യത്തിലേക്ക്

സ്വന്തം ലേഖകന്‍ 02-12-2016 - Friday

ഹൂസ്റ്റണ്‍: അബോര്‍ഷനിലൂടെ നശിപ്പിക്കപ്പെടുന്ന ഗര്‍ഭസ്ഥ ശിശുക്കളെ ഉചിതമായ രീതിയില്‍ സംസ്‌കരിക്കണമെന്ന നിയമം ടെക്‌സാസില്‍ ഈ മാസം 19 മുതല്‍ നടപ്പിലാക്കി തുടങ്ങും. ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വ്വീസ് കമ്മീഷനാണ് ഇതു സംബന്ധിക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ തീരുമാനിച്ചത്. ആശുപത്രികളിലും, അബോര്‍ഷന്‍ ക്ലിനിക്കുകളിലും ഇനി മുതല്‍ ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നും നിയമം ശുപാര്‍ശ ചെയ്യുന്നു.

അബോര്‍ഷനിലൂടെ നശിപ്പിക്കപ്പെടുന്ന ഗര്‍ഭസ്ഥ ശിശുക്കളെ വെറും മാലിന്യമായി മാത്രം കണക്കിലാക്കി ചപ്പുചവറുകളുടെയൊപ്പം മണ്ണിട്ടു മൂടുന്ന രീതിയാണ് ഇപ്പോള്‍ ടെക്‌സാസ് സംസ്ഥാനത്തില്‍ നടപ്പിലുള്ളത്. ഭ്രൂണമെന്നതും ഒരു മനുഷ്യജീവനാണെന്നും, അതിനാല്‍ തന്നെ ആവശ്യമായ ബഹുമാനവും ആദരവും നശിപ്പിക്കപ്പെടുന്ന ഭ്രൂണത്തിനും നല്‍കണമെന്ന വാദമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനെ മാനിക്കുന്ന തീരുമാനമാണ് ഭരണാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് കത്തോലിക്ക സഭയുടെ വക്താക്കള്‍ പ്രതികരിച്ചു.

ജൂലൈ മാസമാണ് ഇതു സംബന്ധിക്കുന്ന ബില്‍ ആദ്യം അവതരിപ്പിച്ചത്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ നിയമമായി നടപ്പിലാക്കുന്നത്. ഭ്രൂണത്തെ ഉചിതമായി സംസ്‌കരിക്കുന്നതിനുള്ള പണം അത് ചെയ്യുന്നവര്‍ തന്നെ നല്‍കേണ്ടി വരും. എന്നാല്‍, സാധാരണ രീതിയില്‍ ഗര്‍ഭം അലസിപ്പോകുന്നവര്‍ക്ക് ഇത്തരം ചട്ടങ്ങള്‍ ഒന്നും തന്നെ ബാധകമല്ല.

ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇത്തരം നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നാണ് ഇവര്‍ പറയുന്നത്. നിലവിലെ ടെക്‌സാസിലെ ഗര്‍ഭഛിദ്ര നിയമങ്ങള്‍ പ്രകാരം 20 ആഴ്ച്ച വരെ വളര്‍ച്ചയെത്തിയ ഭ്രൂണത്തെ അലസിപ്പിക്കുവാന്‍ സാധിക്കും. ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും മാരകമായ രോഗമുണ്ടെങ്കിലും ഗര്‍ഭഛിദ്രം ചെയ്യുവാന്‍ ടെക്‌സാസില്‍ തടസമില്ല.