News - 2024
സഭയുടെ നിയമങ്ങള്‍ മറികടന്ന് പുനര്‍വിവാഹം കഴിച്ച അധ്യാപകനെ ഇംഗ്ലണ്ടിലെ കത്തോലിക്ക സ്‌കൂളില്‍ നിന്നും പുറത്താക്കി
സ്വന്തം ലേഖകന്‍ 05-12-2016 - Monday
ഗോസ്പോര്‍ട്: കത്തോലിക്ക സഭയുടെ നിയമങ്ങള്‍ക്കു വിരുദ്ധമായി പുനര്‍വിവാഹം കഴിച്ചതിന് സഭയുടെ ഉടമസ്ഥതയില്‍ നടത്തുന്ന സ്‌കൂളില്‍ നിന്നും അധ്യാപകനെ പുറത്താക്കി. ഹാംപ്‌ഷൈറിലെ ഗോസ്‌പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് പ്രൈമറി സ്‌കൂളിലെ അധ്യാപകനായ ലിണ്ടന്‍ സ്‌ട്രോങ്ങാണ് പുറത്താക്കപ്പെട്ടത്. പോര്‍ട്‌സ്‌മൌത്ത് രൂപതയുടെ ബിഷപ്പാണ് അധ്യാപകനെ പുറത്താക്കുകയാണെന്ന തീരുമാനം അറിയിച്ചത്. ഈ അധ്യായന കാലളവിന്റെ അവസാനം വരെ മാത്രമേ ലിണ്ടന്‍ സ്‌ട്രോങ്ങിന് സ്‌കൂളില്‍ തുടരുവാന്‍ സാധിക്കുകയുള്ളുവെന്നാണ് ബിഷപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സെന്റ് മേരീസ് പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപകന്റെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് ലിണ്ടന്‍ സ്‌ട്രോങ്ങ്. തന്നെ പുറത്താക്കിയ ബിഷപ്പിന്റെ നടപടിയെ അദ്ദേഹം രക്ഷകര്‍ത്താക്കളെ അറിയിച്ചിട്ടുണ്ട്. സ്‌കൂളില്‍ നിന്നും പുറത്തുപോകുന്നത് തനിക്ക് ഏറെ ബുദ്ധിമുട്ടുകള്‍ വരുത്തുന്നുണ്ടെന്നും മറ്റൊരു ജോലിക്ക് ശ്രമിക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നുമാണ് ലിണ്ടന്‍ സ്‌ട്രോങ്ങ് രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്.
ഇംഗ്ലണ്ടിലെ കത്തോലിക്ക സ്‌കൂളില്‍ പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും സ്‌കൂളിലേക്ക് നിയമിതരാകുന്നതിന് മുമ്പ് ചില നിബന്ധനകളില്‍ ഒപ്പിടേണ്ടതായിട്ടുണ്ട്. കത്തോലിക്ക വിശ്വാസം തങ്ങള്‍ അനുസരിക്കുമെന്നും, വിവാഹ മോചനത്തിനും, പുനര്‍വിവാഹത്തിനുമെതിരെ തങ്ങള്‍ നിലകൊള്ളുമെന്നും അധ്യാപകര്‍ ഒപ്പുവയ്ക്കുന്ന നിബന്ധനയില്‍ പ്രത്യേകമായി പറയുന്നു. ഇതിനെതിരായി പ്രവര്‍ത്തിച്ചാല്‍ തങ്ങളെ സ്‌കൂളുകളില്‍ നിന്നും പുറത്താക്കാമെന്നും ഒപ്പുവയ്ക്കുന്ന നിബന്ധനയിലൂടെ അധ്യാപകര്‍ സമ്മതിക്കുന്നുണ്ട്.
പുനര്‍വിവാഹം കഴിച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ലിണ്ടന്‍ സ്‌ട്രോങ്ങിനെ സ്‌കൂളില്‍ നിന്നും പുറത്താക്കുവാന്‍ തിരുമാനിച്ചിരിക്കുന്നത്. കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ പ്രകാരം വിവാഹ മോചനം പാപമാണ്. ദമ്പതിമാര്‍ തങ്ങളുടെ ഇഷ്ടപ്രകാരം ദൈവത്തിന്റെ കൂട്ടിയോജിപ്പിക്കലിനെയാണ് വിവാഹമോചനം മൂലം വേര്‍പ്പെടുത്തുന്നത്. വിശ്വാസികള്‍ ജീവിക്കുന്ന രാജ്യത്തെ സിവില്‍ നിയമങ്ങള്‍ പുനര്‍വിവാഹത്തെ അനുകൂലിക്കുന്നുവെന്നതിനെ സഭയുടെ നിയമങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുവാനുള്ള കാരണമായി ചൂണ്ടികാണിക്കുവാനും കഴിയില്ല.
വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം മറ്റൊരാളെ ഭാര്യയോ, ഭര്‍ത്താവോ ആയി സ്വീകരിക്കുന്നവര്‍ ചെയ്യുന്നത് വ്യഭിചാരമാണെന്ന് യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. സുവിശേഷത്തില്‍ ഇത് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം വ്യക്തമായ പഠിപ്പിക്കലുകള്‍ തിരുവചനം നല്‍കുന്നതിനാലാണ് സഭ വിവാഹ മോചനത്തെ ശക്തമായി എതിര്‍ക്കുന്നത്.
കത്തോലിക്കാ സ്‌കൂളുകളിലെ അധ്യാപകർ വാക്കുകളിലൂടെ മാത്രമല്ല തങ്ങളുടെ പ്രവർത്തികളിലൂടെയും കത്തോലിക്കാ വിശ്വാസം കുട്ടികളിലേക്കു പകർന്നുകൊടുക്കാൻ ബാധ്യസ്ഥരാണ് എന്ന സന്ദേശമാണ് ഈ പ്രവർത്തിയിലൂടെ പോര്‍ട്‌സ്‌മൌത്ത് രൂപത നൽകുന്നത്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ വിശ്വാസത്തിനെതിരായ പ്രവർത്തികൾ ചെയ്യുമ്പോൾ അതിനെതിരെ ശക്തമായ നടപടികൾ എടുക്കുന്നതിൽ ഈ രൂപത ഒരിക്കലും മടികാണിക്കാറില്ല. ഈ രൂപതയുടെ കീഴിലുള്ള കമ്മ്യൂണിറ്റി സെന്ററിൽ സത്യവിശ്വാസത്തിനെതിരായ 'യോഗ' പരിശീലിപ്പിക്കുന്നത് കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു.