News - 2024

രാജ്യത്തെ പ്രഥമ വനിതാ സംഘടനയ്ക്കു വത്തിക്കാന്റെ അംഗീകാരം

സ്വന്തം ലേഖകന്‍ 08-12-2016 - Thursday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ജോലി ചെയ്യുന്ന അല്മായരും സന്യസ്തരുമായ വനിതകളുടെ സംഘടനക്കു വത്തിക്കാന്‍ അംഗീകാരം നല്‍കി. 'വിമന്‍ ഇന്‍ ദ വത്തിക്കാന്‍' (ഡോനീ ഇന്‍ വത്തിക്കാനോ) എന്ന പേരിലാണ് വത്തിക്കാനില്‍ ജോലി ചെയ്യുന്ന വനിതകളുടെ സംഘടന അറിയപ്പെടുന്നത്. വത്തിക്കാനില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരും, വിവിധ ജോലികളില്‍ നിന്നും വിരമിച്ചവരുമായ വനിതകളാണ് സംഘടനയിലെ അംഗങ്ങള്‍. 2016 സെപ്റ്റംബര്‍ ഒന്നാം തീയതി വനിത സംഘടനയുടെ ഭരണഘടനയില്‍ അതിന്റെ ചുമതലക്കാര്‍ ഒപ്പുവച്ചതായും, ഇതേ തുടര്‍ന്ന് പുതിയ സംഘടന അംഗീകരിച്ചതായും വത്തിക്കാന്‍ പ്രസ് ഓഫീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

രാജ്യത്തെ വനിത ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദം ഉയര്‍ത്തുന്നതിനും, അവരുടെ സാമൂഹിക, ആത്മീയ രംഗങ്ങളിലെ വളര്‍ച്ച ഉറപ്പാക്കുന്നതിനുമാണ് ഇത്തരത്തില്‍ പ്രത്യേക സംഘടന രൂപീകരിച്ചിരിക്കുന്നത്. വത്തിക്കാന്‍ റേഡിയോയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ ട്രേസി മക്ലറിയാണ് സംഘടനയുടെ പ്രസിഡന്റ്. ജോലി സ്ഥലത്തെ വനിതകളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യങ്ങളില്‍ ഒന്നെന്ന് ട്രേസി മക്ലര്‍ പറയുന്നു.

"വത്തിക്കാനിലെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നവരില്‍ 19 ശതമാനവും വനിതകളാണ്. രാജ്യത്തെ വനിത ജീവനക്കാരുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധനവും ഉണ്ടാകുന്നുണ്ട്. സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്കും, അവരുടെ ശബ്ദത്തിനും സഭയില്‍ വ്യക്തമായ വിലകല്‍പ്പിക്കുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ പിതാവിന്റെ പ്രോത്സാഹനമാണ് ഇത്തരത്തില്‍ ഒരു സംഘടന ആരംഭിക്കുവാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായി തീര്‍ന്നത്". ട്രേസി മക്ലര്‍ പറഞ്ഞു.

വത്തിക്കാന്‍ റേഡിയോയുടെ ജര്‍മ്മന്‍ സര്‍വ്വീസസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥ ഗുഡ്‌റന്‍ സെയ്‌ലറിന്റെ പുസ്തകത്തില്‍ രാജ്യത്തെ സ്ത്രീകളുടെ ജോലിയുടെ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1915-ല്‍ ബനഡിക്റ്റ് പതിനഞ്ചാമന്‍ മാര്‍പാപ്പയുടെ കാലത്ത് ഒരു തയ്യല്‍ക്കാരിയെ രാജ്യത്ത് ജോലിക്കായി നിയമിച്ചാണ് വത്തിക്കാനില്‍ വനിതാ ജീവനക്കാരെ നിയമിക്കുന്ന നടപടിക്ക് ആരംഭം കുറിച്ചത്. 1929 മുതല്‍ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വിവിധ ജോലികള്‍ക്കായി വത്തിക്കാന്‍ വനിതകളെ നിയോഗിച്ചു തുടങ്ങി.

1934-ല്‍ പീയുസ് പതിനൊന്നാമന്‍ മാര്‍പാപ്പ ജര്‍മ്മന്‍ ജൂത വനിതയായ ഹെര്‍മ്മിന്‍ സ്പീയറിനെ വത്തിക്കാനില്‍ ജോലിക്കായി നിയമിച്ചു. ജൂതര്‍ കൊലചെയ്യപ്പെട്ടിരുന്ന കാലത്ത് ആര്‍ക്കിയോളജിസ്റ്റായ ഹെര്‍മ്മന്റെ ജീവന്‍ സംരക്ഷിക്കുക എന്ന ലക്ഷ്യവും നിയമനത്തിലൂടെ പീയുസ് പതിനൊന്നാമന്‍ മാര്‍പാപ്പ ലക്ഷ്യമിട്ടിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷമാണ് വത്തിക്കാനില്‍ വനിതകളുടെ നിയമനം ഏറെ സാധാരണയായി മാറിയത്.

രാജ്യത്ത് ജോലി ചെയ്യുന്ന 40 ശതമാനം വനിതകളും വിവിധ സര്‍വകലാശാലയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുള്ളവരാണ്. പത്രപ്രവര്‍ത്തകരായും, അഭിഭാഷകരായും, അക്കൗണ്ടന്റുകളായും ചരിത്രഗവേഷകരായും വത്തിക്കാനിലെ വിവിധ തൊഴില്‍ മേഖലകളില്‍ വനിതകള്‍ ഇന്ന് സജീവ സാന്നിധ്യമാണ്. വത്തിക്കാനിലെ രണ്ട് അണ്ടര്‍ സെക്രട്ടറിമാരുടെ തസ്തികകള്‍ അലങ്കരിക്കുന്നത് വനിതകളാണ്. ആത്മീയവും, സാമൂഹികവുമായ പരിപാടികള്‍ക്ക് തുടക്കം കുറിക്കുവാനുള്ള തയ്യാറെടുപ്പിലാണ് 'വിമന്‍ ഇന്‍ ദ വത്തിക്കാന്‍'.


Related Articles »