News

ഈജിപ്ത് ദേവാലയത്തിലെ ആക്രമണം: ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു

സ്വന്തം ലേഖകന്‍ 15-12-2016 - Thursday

കയ്റോ: ഈജിപ്തിലെ ദേവാലയത്തില്‍ ഞായറാഴ്ച കുർബാനയ്ക്കിടെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അബു അബ്ദുള്ള അൽ മസ്രി എന്നയാളാണ് കോപ്റ്റിക് ഓർത്തഡോക്സ് പള്ളിയിൽ ചാവേറായി പൊട്ടിത്തെറിച്ചത്. ബെൽറ്റ് ബോംബ് ധരിച്ച ഇയാൾ ജനകൂട്ടത്തിനിടയിലേക്ക് ഓടി കയറുകയായിരുന്നെന്നും ഐഎസ് അവകാശപ്പെട്ടു. നേരത്തെ, 22കാരനായ മുഹമ്മുദ് ഷഫീക്ക് മുസ്തഫ എന്നയാളാണ് ചാവേർ ആക്രമണം നടത്തിയതെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫാത്ത അൽ സിസി അഭിപ്രായപ്പെട്ടിരിന്നു.

സെന്റ് മാർക്സ് കത്തീഡ്രലിനോടു ചേർന്നുള്ള സെന്റ് പീറ്റേഴ്സ് പള്ളിയിലാണു ഞായറാഴ്ച കുർബാനയ്ക്കിടെ സ്ഫോടനമുണ്ടായത്. കുർബാനയിൽ പങ്കെടുക്കാനെത്തിയ 25 പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. 49 പേർക്കു മാരകമായി പരിക്കേറ്റു. ഈജിപ്ത് ഓർത്തഡോക്സ് ക്രിസ്ത്യൻ സഭയുടെ തലവനായ പോപ്പ് തവദ്രോസ് രണ്ടാമന്റെ ആസ്ഥാന ദേവാലയത്തോട് ചേര്‍ന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. അതേ സമയം ദുരന്തത്തിന് കാരണക്കാരായവരോട് ക്ഷമിക്കാന്‍ തയ്യാറാണെന്ന് കോപ്റ്റിക് ബിഷപ്പ് അന്‍ബ ആഞ്ചലോസ് വ്യക്തമാക്കിയെന്നത് ശ്രദ്ധേയമാണ്.