News - 2024

ഭാഷാപോഷിണി വിവാദ ചിത്രം: പ്രതിഷേധം അറിയിച്ച് കെ‌സി‌ബി‌സി

സ്വന്തം ലേഖകന്‍ 16-12-2016 - Friday

കൊച്ചി: ഭാഷാപോഷിണി ഡിസംബർ ലക്കത്തിൽ 'ക്രിസ്തുവിന്റെ അന്ത്യ അത്താഴ'ത്തെ വികലമായ ചിത്രീകരിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി കെ‌സി‌ബി‌സി മലയാള മനോരമക്കു കത്ത് അയച്ചു. ചിത്രത്തിന് വേണ്ടി ന്യായവാദങ്ങള്‍ ഉയര്‍ത്തുന്നത് ഖേദകരമാണെന്നും ഇതിന്റെ ഉദ്യേശശുദ്ധി എങ്ങിനെയൊക്കെ വിശദീകരിച്ചാലും, കലയുടേയോ സാഹിത്യത്തിന്റെയോ എന്ത് മാനദണ്ഡം വച്ചുനോക്കിയാലും പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ പറയുന്നു. കെ‌സി‌ബി‌സി ഔദ്യോഗിക വക്താവ് ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ടാണ് മനോരമ എം‌ഡി മാമ്മന്‍ മാത്യുവിന് കത്ത് അയച്ചത്.

മാധ്യമ ധർമവും മൂല്യ ബോധവും മറ്റാരേക്കാളുമുണ്ട് എന്ന് സ്വയം കരുതുകയും മറ്റുള്ളവർ വിചാരിക്കുകയും ചെയ്യുന്ന ഒരു മാധ്യമ സ്ഥാപനത്തിൽനിന്നാണ് കലയുടേയോ ധാര്‍മികതയുടെയോ മൂല്യങ്ങൾക്കു ഒട്ടും ചേരാത്ത ഈ പ്രവൃത്തി ഉണ്ടായിരിക്കുക എന്നത് നിർഭാഗ്യകരമാണ്.

പെസഹാ വിരുന്നിൽ ക്രിസ്തുവിന്റെ സ്ഥാനത്തു അർദ്ധനഗ്നയായ ഒരു സ്ത്രീയെ പ്രതിഷ്ഠിക്കുകയും ഇരുവശത്തുമായി ക്രിസ്തുശിഷ്യരുടെ സ്ഥാനത്തു കന്യാസ്ത്രീകളെ ചിത്രീകരിക്കുകയും ചെയ്തത് ക്രൈസ്തവ സമുദായത്തിലെ ഒരു പ്രത്യേക വിഭാഗത്തെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ്. സമീപകാലത്ത് മനോരമയുടെ പ്രസിദ്ധീകരണങ്ങളില്‍ ഈ പ്രവണത വര്‍ദ്ധിച്ചു വരുന്നു. ഇത്തരം സമീപനങ്ങള്‍ സമൂഹത്തില്‍ ഭിന്നതയും സ്പര്‍ദ്ധയും വളര്‍ത്തും.

കുട്ടികളെ "നല്ല പാഠം" പഠിപ്പിക്കുന്ന ഒരു മാധ്യമ സ്ഥാപനം അനേകരുടെ മനസിന് വേദനയുണ്ടാക്കുന്ന വിധം ഒരു സമുദായത്തിന്റെ മത പ്രതീകങ്ങളെ ദുരുപയോഗിക്കാന്‍ മുതിരുന്നത് വിരോധാഭാസമാണ്. സാങ്കേതികമായി ഒരു മാപ്പു രേഖപ്പെടുത്തി ഉത്തരവാദിത്വം ഒഴിയാമെങ്കിലും, ഭാവിയിലെങ്കിലും കുറേക്കൂടി ഉയർന്ന മൂല്യ ബോധവും മാധ്യമ ജാഗ്രതയും ഉത്തരവാദിത്വവും പുലർത്തുമെന്ന ഉറപ്പാണ് മനോരമയിൽനിന്നു കത്തോലിക്കാ സഭയും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്. കെ‌സി‌ബി‌സി അയച്ച കത്തില്‍ പറയുന്നു.