News - 2024

ക്രിസ്തുമസില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തെ എടുത്തുമാറ്റുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികൾ ജാഗ്രതപുലർത്തണമെന്ന് ബിഷപ്പ് മാർക്ക് ഡേവിസ്

സ്വന്തം ലേഖകന്‍ 03-01-2017 - Tuesday

ക്രിസ്തുമസില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തെ എടുത്തുമാറ്റുവാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികൾ ജാഗ്രതപുലർത്തണമെന്ന് ബ്രിട്ടനിലെ ഷ്‌റൂസ്‌ബെറി രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാർക്ക് ഡേവിസ്. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം 'മാനവകുലത്തിന്റെ രക്ഷക്കു വേണ്ടി രക്ഷകനായ ക്രിസ്തു പിറന്നു' എന്ന സന്ദേശത്തിൽ നിന്നും ക്രിസ്തുമസിനെ അകറ്റി നിറുത്തുവാനുള്ള ശ്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകിയത്.

"മനുഷ്യര്‍ക്കു രക്ഷ സാധ്യമായതിന്റെ വലിയ അടയാളമാണ് ക്രിസ്തുമസ്. നാം ഇന്ന് ജീവിക്കുന്ന ഈ രാജ്യത്ത് എല്ലാ സ്ഥലങ്ങളിലും ഇപ്പോള്‍ പള്ളിമണികള്‍ മുഴങ്ങുന്നുണ്ട്. ബേത്‌ലഹേമില്‍ ജനിച്ച രക്ഷകന്റെ പിറവിയെ ലോകത്തോട് ഉറക്കെ വിളിച്ചു പറയുകയുമാണ് ഈ മണിനാദം. ക്രിസ്തുമസില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തെ എടുത്തുമാറ്റുവാനുള്ള ശ്രമങ്ങള്‍ ആണ് ബ്രിട്ടണില്‍ പലപ്പോഴും നടക്കുന്നത്. വിശ്വാസത്തെ തുറന്നു പറയുന്നവരെ ഒറ്റപ്പെടുത്തുന്ന പല നിലപാടുകളും രാജ്യത്ത് സ്വീകരിച്ചിരുന്നു.

നമ്മുടെ വിശ്വാസത്തെ തുറന്നു പറയുവാന്‍ നാം മടിക്കേണ്ടതില്ല. ക്രിസ്തുവിന്റെ ജനനത്തിന്റെ സദ്വാര്‍ത്ത അറിയിക്കുവാന്‍ എത്തിയ മാലാഖ ആട്ടിടയരോട് പറയുന്ന ആദ്യ വാചകം തന്നെ 'ഭയപ്പെടേണ്ട' എന്നതാണ്. അതിനാൽ ക്രിസ്തുമസിന്റെ സന്തോഷവും, നമ്മുടെ വിശ്വാസവും തുറന്നു പറയുവാന്‍ നാം ഭയപ്പെടേണ്ടതില്ല. ക്രൈസ്തവ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സംസ്‌കാരമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഇതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്". ബിഷപ്പ് മാര്‍ക്ക് ഡേവിസ് പറഞ്ഞു.

അടുത്തിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ പരാമര്‍ശത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ബിഷപ്പ് മാര്‍ക്ക് ഡേവിസ് തന്റെ പ്രസംഗം നടത്തിയത്. ക്രൈസ്തവർ തങ്ങളുടെ വിശ്വാസത്തെ ഉറക്കെ പ്രഘോഷിക്കുവാൻ ഭയക്കേണ്ടതില്ലെന്നായിരുന്നു തെരേസ മേയ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്.

2017-ല്‍ ക്രൈസ്തവ മൂല്യങ്ങള്‍ രാജ്യത്ത് പുതിയ നന്മകള്‍ സൃഷ്ടിക്കട്ടെ എന്നും ബിഷപ്പ് മാര്‍ക്ക് ഡേവിസ് ആശംസിച്ചു. ക്രൈസ്തവ മൂല്യങ്ങളുടെ തകര്‍ച്ച മനുഷ്യാകവാശ ലംഘനങ്ങളിലേക്കാകും രാജ്യത്തെ നയിക്കുക എന്ന മുന്നറിയിപ്പും ബിഷപ്പ് മാര്‍ക്ക് ഡേവിസ് നല്‍കി.