News - 2024

'യേശുനാമം' ഉച്ചത്തില്‍ വിളിച്ചു: കത്തിയമര്‍ന്ന കാറില്‍ നിന്നു യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

സ്വന്തം ലേഖകന്‍ 05-01-2017 - Thursday

നോർത്ത് കരോളിന: കാർ അപകടത്തിൽ രക്ഷപെടുവാൻ കഴിയാതെ കുടുങ്ങി കിടന്ന യുവതിയെ, യേശു നാമത്തിൽ രക്ഷപെടുത്തിയ അത്ഭുത സാക്ഷ്യവുമായി സ്കോട്ട് ലൗ എന്ന വിശ്വാസി വാർത്തയിൽ ഇടം നേടുന്നു. അപകടത്തിൽപ്പെട്ട് കത്തി നശിച്ചു കൊണ്ടിരുന്ന കാറിൽ നിന്നും അത്ഭുതകരമായിട്ടാണ് മിഷേൽ എന്ന 22-കാരിയെ സ്കോട് ലൗ രക്ഷപ്പെടുത്തിയത്. ആരേയും അത്ഭുതപ്പെടുത്തുന്ന സാക്ഷ്യമാണ് സ്കോട്ട് ലൗ പങ്കുവയ്ക്കുന്നത്.

നോർത്ത് കരോളിനയിൽ നിന്നും സാൻ അന്റോണിയോ എന്ന പ്രദേശത്തേക്ക് വർഷത്തിൽ ചുരുങ്ങിയത് രണ്ടു തവണയെങ്കിലും സ്കോട്ട് ലൗ യാത്ര ചെയ്യാറുണ്ട്. കരിമരുന്ന് പ്രയോഗത്തിന്റെ ജോലികൾ ചെയ്യുന്ന സ്കോട്ടിന്നു ഇത്തവണത്തെ യാത്രയിൽ ഒരു ദൈവീക പദ്ധതി കൂടി നിറവേറ്റേണ്ടതുണ്ടായിരുന്നു. ഹൈവേ 281-ൽ അര്‍ദ്ധരാത്രി സമയത്ത് ഒരു കാർ അപകടത്തിൽ അകപ്പെട്ട് കിടക്കുന്നത് സ്കോട്ട് കണ്ടു. അപകടത്തെ തുടർന്ന് കാറിനു പതിയെ തീ പിടിക്കുവാൻ തുടങ്ങി. ഡ്രൈവർ സീറ്റിൽ നിന്നും മാറി കിടക്കുന്ന മിഷേലിന്റെ ഞരക്കം കേട്ട സ്കോട്ട് അവളെ രക്ഷിക്കുവാൻ ചെന്നു. എന്നാൽ മിഷേലിന്റെ കാൽ വാഹനത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു.

വാഹനത്തിന്റെ മുൻ ഭാഗത്തേക്ക് പെട്രോൾ പടർന്നതിനെ തുടർന്ന് തീ ആളിക്കത്തുവാൻ തുടങ്ങി. മിഷേലിനെ രക്ഷപെടുത്തുവാൻ പല തവണ സ്കോട്ട് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ സ്കോട് യേശു നാം ഉരുവിടുകയായിയിരിന്നു. "യേശുവിന്റെ നാമത്തിൽ, യേശുവിന്റെ നാമത്തിൽ" ഈ വാക്കുകൾ ആവര്‍ത്തിച്ചു പറഞ്ഞ് സ്കോട് വാഹനത്തിൽ കുടുങ്ങി കിടക്കുന്ന മിഷേലിനെ ഉയർത്തി. അത്ഭുതകരമായി മിഷേലിന്റെ കുടുങ്ങി കിടന്ന കാൽ വാഹനത്തിൽ നിന്നും പുറത്തു വന്നു. കത്തിയമരുവാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ് മിഷേലിനെ വാഹനത്തിൽ നിന്നും രക്ഷിക്കാന്‍ സ്കോട്ടിന് 'യേശുനാമത്തിലൂടെ' കഴിഞ്ഞത്.

മിഷേലിനെ രക്ഷപ്പെടുത്താന്‍ നേരിയ സാധ്യത പോലും ഇല്ലാതിരുന്ന സമയത്താണ് താന്‍ യേശു നാമത്തെ വിളിച്ചതെന്ന്‍ സ്കോട്ട് ലൗ സാക്ഷ്യപ്പെടുത്തുന്നു. മിഷേലിന്റെ പിതാവിനെ താൻ പിന്നീട് ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും, മിഷേൽ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്നും സ്കോട്ട് പറഞ്ഞു. അടുത്ത തവണ സാൻ അന്റോണിയോയിൽ പോകുമ്പോൾ മിഷേലിനെ നേരിൽ കാണുവാനും സ്കോട്ടിന് പദ്ധതിയുണ്ട്. 'യേശുനാമത്തിന്റെ' അത്ഭുതശക്തിയെ തെളിയിക്കുന്ന സ്കോട്ട് ലൗവിന്റെ ജീവിതാനുഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്.


Related Articles »