Social Media - 2024

വിളക്കുമരത്തോട് അമ്മ പറഞ്ഞത്

26-01-2023 - Thursday

മകനെ നിന്‍റെ ഓർമ്മപ്പുസ്തകത്തിൽ എഴുതി ചേർക്കേണ്ട കുറച്ചു കാര്യങ്ങൾ ഞാൻ പറയുന്നു. കാതോർത്ത് കേൾക്കുക, ഇതനുസരിച്ച് ജീവിച്ചാൽ നിനക്ക് സങ്കടപ്പെടേണ്ടി വരില്ല. "നിന്‍റെ യാത്ര മറ്റുള്ളവർക്ക് വെളിച്ചം നൽകുവാനാണ്. അതിനായി അവർ നിന്നെ അനുയോജ്യമായ സ്ഥലത്ത് നിർത്തും. ഒരിക്കൽ നീ ഒരിടത്തുറച്ചാൽ അതായിരിക്കും നിന്‍റെ ലോകം, ആ സ്ഥലം നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വെളിച്ചം നൽകുക എന്നതാണ് നിന്‍റെ ദൗത്യം എന്ന് മറക്കരുത്. ഒരു പക്ഷേ നീ ഏകാകി ആണെന്ന് വന്നേക്കാം. എങ്കിലും, നിൻറെ ദൗത്യം മാറുകയില്ല. അത് ആളൊഴിഞ്ഞ കോണിലോ നിറഞ്ഞ തെരുവിലോ ആയാലും,നീ നീ തന്നെ ആവണം".

"നീ അനേക കാര്യങ്ങൾക്ക് മൂക സാക്ഷിയാവും. അതിൽ ചിലപ്പോൾ സത്കർമ്മങ്ങൾ ഉണ്ടാവാം അകൃത്യങ്ങൾ ഉണ്ടാവാം. നിൻറെ തണലിൽ അനേകർ വിശ്രമിച്ചേക്കാം. അതിൽ അഷ്ടിക്ക് വകയില്ലാത്തവനും ധനവാനും ഉണ്ടായേക്കാം! അവർ ആരൊക്കെ ആയാലും നീ പ്രകാശിക്കുന്നവനാവണം. ആളെ നോക്കി നിന്‍റെ പ്രകാശം ക്രമീകരിക്കരുത്. വേറെ എവിടെയെങ്കിലും ഇരുട്ട് ഉണ്ടെങ്കിൽ അത് മാറ്റുക നിന്‍റെ പണിയല്ല". 'നീ നിൽക്കുന്നിടം പ്രകാശ പൂരിതമാക്കുക. അതാണ് നിൻറെ ജന്മലക്ഷ്യം'.

"നീ ഉയർന്നു നിൽക്കുന്നവനാണ്. നിനക്ക് താഴെ, തലമുണ്ടിട്ട് രാത്രി പ്രയാണം നടത്തുന്ന പകൽ മാന്യന്‍മാരും സ്ഥിരം കള്ളമാരും കടന്നു പോയേക്കാം. അവരോടോ മറ്റുള്ളവരോടോ അതേക്കുറച്ച് നീ ഒന്നും പറയേണ്ടാ. നീ പ്രകാശിക്കുക മാത്രം ചെയ്യുക".

"ചിലപ്പോൾ ശൈത്യവും അല്ലെങ്കിൽ ഉഷ്ണവും നിന്നെ ശല്ല്യപെടുത്തിയേക്കാം. കാറ്റോ മഴയോ ആകുലപ്പെടുത്തിയേക്കാം. എങ്കിലും നീ പതറരുത്! മകനേ, നിന്‍റെ ആവശ്യമില്ലാത്തപ്പോൾ നീ വിശ്രമിക്കുക. കാരണം, സൂര്യനൊപ്പം നീയും പ്രകാശിച്ചാൽ നിന്‍റെ പ്രകാശം ചെറുതാവുകയും വകത്തിരുവില്ലാത്തവനെന്ന് നീ വിളിക്കപ്പെടുകയും അങ്ങനെ നീ പരിഹാസ്യനാവുകയും ചെയ്യും! അതിനാൽ ഇരുളിൽ പ്രകാശിക്കുന്നവനാകുക".

"നീ ഒരു വിളക്കുമരമാണ്, നിനക്കു ചുറ്റും മറ്റു മരങ്ങൾ ഉണ്ടായേക്കാം, അവർ കാറ്റത്ത് ആടുന്നവരാകും. 'എങ്കിലും, നീ ഉറച്ചു നിൽക്കുന്നവനാകണം'. നിന്‍റെ വെളിച്ചം ആരെങ്കിലും സ്വീകരിക്കുന്നുണ്ടോ എന്ന് നീ നോക്കേണ്ടാ. വെളിച്ചം നൽകുക മാത്രം ചെയ്യുക. അവസാനമായി മകനെ, നിന്നെ ഒരുകാര്യം കൂടി ഓർമ്മിപ്പിക്കുന്നു. ഇതെല്ലാം ചെയ്യണമെങ്കിലോ നിനക്ക് ഊർജ്ജനിലയവുമായി ബന്ധമുണ്ടാവണം. അതുമായി നിന്നെ ബന്ധിപ്പിക്കുന്ന ചാലകം എന്ന് നഷ്ടപെടുന്നുവോ അപ്പോൾ മുതൽ നീ ഉപയോഗ ശൂന്യമായി ഉയർന്നു നിൽക്കുന്ന വെറുമൊരു തൂണു മാത്രമാകും. മകനേ, പോകുക! വെളിച്ചം നൽകുക!"

ലോകത്തിന് വെളിച്ചം നലകുവാൻ വിളിക്കപ്പെട്ടവൻ ആണ് ഓരോ ക്രിസ്ത്യാനിയും അഥവാ ഓരോ വിളക്കുമരങ്ങൾ. ഊർജ്ജനിലയമാകട്ടെ ക്രിസ്തുവും. അതിനാൽ, ഈ ഉപദേശം നമുക്കും ശ്രവിക്കാം. മകനെ പോകുക വെളിച്ചം നൽകുക. മിശിഹാ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Source: Social Media

#repost

More Archives >>

Page 1 of 1