News
പോളണ്ടില്‍ ആരംഭിച്ച 'ത്രീ കിംഗ് പ്രോസഷന്‍' ലോകശ്രദ്ധ ആകര്‍ഷിക്കുന്നു
സ്വന്തം ലേഖകന്‍ 06-01-2017 - Friday
വാര്‍സോ: 2009-ല്‍ പോളണ്ടിലെ വാര്‍സോയില്‍ ആരംഭിച്ച 'ത്രീ കിംഗ് പ്രോസഷന്‍' ലോകശ്രദ്ധ ആകര്‍ഷിക്കുന്നു. ഒരു ചെറിയ കൂട്ടമായി ആരംഭിച്ച പരിപാടി കുടുംബത്തിന്റെ മഹത്വവും, ശ്രേഷ്ഠതയും വെളിപ്പെടുത്തി അനവധി രാജ്യങ്ങളിലേക്ക് പടര്‍ന്നു പന്തലിക്കുകയാണ്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ഒരു യാത്രയുടെ പുനര്‍സൃഷ്ടിയാണ് ഈ പരിപാടിയിലൂടെ ആവിഷ്‌കരിക്കുന്നത്. ലോകരക്ഷകനായി ജനിച്ച ക്രിസ്തുവിനെ കാണുവാന്‍ വേണ്ടി മൂന്നു രാജാക്കന്‍മാര്‍ എത്തിയതിനെ അനുസ്മരിച്ചാണ് ഈ പരിപാടി നടത്തപ്പെടുന്നത്.
യേശുവിനെ കാണുവാനുള്ള രാജാക്കന്‍മാരുടെ വരവിനെ അനുസ്മരിച്ചുകൊണ്ടാണ് കത്തോലിക്ക സഭ എപ്പിഫെനി അഥവാ ദനഹാ തിരുനാളായി ആചരിക്കുന്നത്. എല്ലാവര്‍ഷവും ജനുവരി ആറാം തീയതിയാണ് എപ്പിഫെനി സഭ ആചരിക്കുന്നത്. ഇതേ ദിവസം തന്നെയാണ് പോളണ്ടില്‍ ആരംഭിച്ച ത്രീ കിംഗ് പ്രോസഷനും നടക്കുന്നത്. കുടുംബങ്ങള്‍, കുട്ടികള്‍, വിദ്യാലയങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ത്രീ കിംഗ് പ്രോസഷന്‍ നടത്തപ്പെടുന്നത്.
കുടുംബാംഗങ്ങള്‍ എല്ലാവരും പങ്കെടുക്കുന്ന ചടങ്ങില്‍ കുട്ടികളാണ് മൂന്നു രാജാക്കന്‍മാരുടെ വേഷത്തില്‍ എത്തുന്നത്. ഏറെ ആഹ്ലാദപൂര്‍വ്വം നടത്തപ്പെടുന്ന ഘോഷയാത്രയില്‍ പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. ഓരോ പ്രദേശത്തേയും കത്തോലിക്ക ദേവാലയങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ത്രീ കിംഗ് പ്രോസഷനു ശേഷം വിശുദ്ധ ബലി അര്‍പ്പണവും നടക്കാറുണ്ട്. ഏറെ ഭയഭക്ത്യാദരങ്ങളോടെയാണ് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത്.
2005-ല്‍ ജനനതിരുനാളുമായി ബന്ധപ്പെട്ട് ഒരു സ്‌കൂളില്‍ അവതരിപ്പിക്കപ്പെട്ട നാടകത്തില്‍ നിന്നുമാണ് ത്രീ കിംഗ് പ്രോസഷന്‍ ആരംഭിച്ചത്. സ്‌കൂള്‍ നാടകം പതിയെ പ്രത്യേക തിയറ്ററിലേക്ക് മാറ്റി. 2009-ല്‍ തെരുവില്‍ ഇത്തരം പരിപാടികള്‍ നടത്തുവാന്‍ ആരംഭിച്ചു. കൂടുതല്‍ വര്‍ണ്ണാഭമായിട്ടാണ് പരിപാടികള്‍ തെരുവിലേക്ക് എത്തിയത്. 2009 ജനുവരി നാലാം തീയതി നടന്ന പരിപാടികള്‍ ആര്‍ച്ച് ബിഷപ്പ് കസിമിയേഴ്‌സ് നൈകിസ് ആണ് ഉദ്ഘാടനം ചെയ്തത്. ഇതേ തുടര്‍ന്നാണ് എപ്പിഫെനി തിരുനാള്‍ ദിനത്തില്‍ വാര്‍സോയില്‍ ത്രീ കിംഗ് പ്രോസഷന്‍ ആരംഭിച്ചത്.
2010-ല്‍ ത്രീ കിംഗ് പ്രോസഷന്‍ നടത്തുവാന്‍ വേണ്ടി പ്രത്യേക ഫൗണ്ടേഷന്‍ തന്നെ നിലവില്‍ വന്നു. അധികം വൈകാതെ തന്നെ എപ്പിഫെനി തിരുനാള്‍ പോളണ്ട് സര്‍ക്കാര്‍ ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. പോളണ്ടിലെ അഞ്ചു നഗരങ്ങളിലേക്ക് കൂടി ത്രീ കിംഗ് പ്രോസഷന്‍ നടത്തുവാന്‍ ആരംഭിച്ചു. പതിനായിരത്തില്‍ അധികം പേരാണ് ഓരോ പരിപാടികളിലും പങ്കെടുക്കുവാനായി എത്തിയത്. പോളണ്ടിലെ ത്രീ കിംഗ് പ്രോസഷന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും വേഗം തന്നെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്.
16 രാജ്യങ്ങളിലായി 420-ല്‍ അധികം പട്ടണങ്ങളില്‍ എപ്പിഫെനി തിരുനാളുമായി ബന്ധപ്പെട്ടു ത്രീ കിംഗ് പ്രോസഷന്‍ നടത്തപ്പെടുന്നുണ്ട്. ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയും, ഫ്രാന്‍സിസ് മാര്‍പാപ്പയും ത്രീ കിംഗ് പ്രോസഷനെ തങ്ങളുടെ വത്തിക്കാനിലെ പ്രാര്‍ത്ഥനകളില്‍ പ്രത്യേകം പരാമര്‍ശിക്കുവാനും ആരംഭിച്ചതോടെ പരിപാടി കൂടുതല്‍ വിജയമായി മാറി. കുടുംബാംഗങ്ങള്‍ ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി എന്ന നിലയില്‍ ത്രീ കിംഗ് പ്രോസഷന്‍ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ പരിപാടി കൂടുതല്‍ രാജ്യങ്ങളിലേക്കും ആളുകളിലേക്കും ത്രീ കിംഗ് പ്രോസഷന്‍ വ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വിശ്വാസികള്‍.