Christian Prayer
ജപമാലയുടെ അസാധാരണമായ ശക്തിയെ പറ്റി വിശുദ്ധരുടെ 13 വാക്യങ്ങള്‍
സ്വന്തം ലേഖകന്‍ 08-01-2022 - Saturday
പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ സഹായത്തിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ് ജപമാലയെന്നു നമ്മുക്ക് എല്ലാവര്‍ക്കും അറിയാം. ഇംഗ്ലീഷിൽ Rosary എന്ന് അറിയപ്പെടുന്ന കൊന്തയുടെ അർത്ഥം 'Garland Of Roses' ( റോസാപ്പൂക്കൾ കൊണ്ടുള്ള മാല) എന്നാണ്. ജപമാലയിലെ ഒാരോ പ്രാർത്ഥനകളും ബൈബിൾ നിവേശിതമാണ്. ഈശോയുടെ ജീവിതത്തിലെ രക്ഷാകര സംഭവങ്ങൾ ഓരോന്നും ഓർമ്മിപ്പിക്കുന്ന ഒരു പ്രാര്‍ത്ഥന കൂടിയാണ് ജപമാല.
അനേകം കുടുംബങ്ങളിലും അനേകരുടെ വ്യക്തിജീവിതത്തിലും ജപമാല പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ശക്തി വഴി വലിയ ദൈവീക ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്ന് നമ്മില്‍ പലര്‍ക്കും അറിയാം. സഭയിലെ ഏതാനും വിശുദ്ധര്‍ ജപമാല പ്രാര്‍ത്ഥനയുടെ അത്ഭുതശക്തിയെ പറ്റി പറഞ്ഞ വാക്കുകളാണ് ഇനി നാം ധ്യാനിക്കുന്നത്.
1) “ജപമാല ചൊല്ലികൊണ്ടിരിക്കുന്ന ഒരു സൈന്യത്തെ എനിക്ക് തരൂ, ഞാന്‍ ഈ ലോകത്തെ കീഴടക്കും”
(വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പാ).
2) “ഈ കാലഘട്ടത്തിനു പറ്റിയ ഏറ്റവും ശക്തമായ ആയുധമാണ് ജപമാല”
(വിശുദ്ധ പാദ്രെ പിയോ).
3) “പരിശുദ്ധ ജപമാല ഒരു ശക്തമായ ആയുധമാണ്. ഇത് ആത്മവിശ്വാസത്തോടു കൂടി ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ ഉദ്ധിഷ്ട്ടഫലത്തില്‍ നിങ്ങള്‍ വിസ്മയഭരിതരാകും.”
(വിശുദ്ധ ജോസ് മരിയ എസ്ക്രിവ).
4) “ജപമാല മറ്റ് എല്ലാ പ്രാര്‍ത്ഥനകളെക്കാളും അധികമായി അനുഗ്രഹങ്ങളാല്‍ സമ്പുഷ്ടമാണ്; ദൈവമാതാവിന്റെ ഹൃദയത്തെ ഏറ്റവും കൂടുതലായി സ്പര്‍ശിക്കുന്ന ഒരു പ്രാര്‍ത്ഥനയാണിത്. നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ സമാധാനം വാഴുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കുടുംബമായി ജപമാല ചൊല്ലുവിന്‍.”
(പിയൂസ് പത്താമന്‍ മാര്‍പാപ്പാ).
5) “പിശാചിനെ ആട്ടിപ്പായിക്കുവാനും, ഒരുവനെ പാപത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാനും തക്ക ശക്തമായ ആയുധമാണ് ജപമാല. നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിലും, കുടുംബത്തിലും, രാജ്യത്തിലും സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാ സായാഹ്നത്തിലും ഒരുമിച്ച് ചേര്‍ന്ന് ജപമാല ചൊല്ലുവിന്‍. ജപമാല ചൊല്ലാതെ ഒരു ദിവസവും കടന്നുപോകുവാന്‍ അനുവദിക്കരുത്, ജോലിഭാരത്താല്‍ എത്രമാത്രം ക്ഷീണിതനാണെങ്കില്‍ പോലും”.
(പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പാ).
6) “എല്ലാ സന്ധ്യാ സമയങ്ങളിലും ജപമാല ചൊല്ലുന്ന കുടുംബം എത്ര മനോഹരമായ കുടുംബമാണ്”.
(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ).
7) “ദൈവത്താല്‍ പ്രചോദിതമായ ഒരു അമൂല്യ നിധിയാണ് ജപമാല.”
(വിശുദ്ധ ലൂയീസ് ഡെ മോണ്ട്ഫോര്‍ട്ട്)
8) “പരിശുദ്ധ കന്യകാമാതാവിന്റെ അടുക്കല്‍ പോവുക. അവളെ സ്നേഹിക്കുക! നിങ്ങള്‍ക്ക് സാധിക്കുമ്പോഴൊക്കെ ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുക! അങ്ങനെ പ്രാര്‍ത്ഥനയുടെ ആത്മാക്കളാവുക. അത് നമുക്കാവശ്യമായ അനുഗ്രഹങ്ങള്‍ നേടി തരുന്നു!”
(വിശുദ്ധ പാദ്രെ പിയോ)
9) “പ്രാര്‍ത്ഥിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ജപമാല ചൊല്ലുക എന്നതാണ്”
(വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ്)
10) “സാത്താനെതിരെയുള്ള ചമ്മട്ടിയാണ് ജപമാല.”
(അഡ്രിയാന്‍ ആറാമന്‍ മാര്‍പാപ്പാ).
11) “പത്തു ലക്ഷത്തോളം കുടുംബങ്ങള്‍ എല്ലാദിവസവും ജപമാല ചൊല്ലുകയാണെങ്കില്‍, മുഴുവന്‍ ലോകവും രക്ഷപ്പെടും.”
(വിശുദ്ധ പിയൂസ് പത്താമന്‍ മാര്‍പാപ്പാ)
12) “ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനാ രീതിയും, നിത്യജീവന്‍ നേടുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗവുമാണ് ജപമാല. നമ്മുടെ എല്ലാ തിന്മകള്‍ക്കുമുള്ള ഒരു പരിഹാരമാണത്. ഒപ്പം എല്ലാ അനുഗ്രഹങ്ങളുടേയും ഉറവിടവും. ഇതിലും ശ്രേഷ്ഠമായ മറ്റൊരു പ്രാര്‍ത്ഥനാ മാര്‍ഗ്ഗവും ഇല്ല.”
(ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ)
13) “യഥാര്‍ത്ഥ ക്രിസ്തീയ പരിപൂര്‍ണ്ണതയുടെ ഒരു വിദ്യാലയമാണ് ജപമാല പ്രാര്‍ത്ഥന”
(വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പാ).
സ്നേഹിതരെ, ജപമാലയുടെ അത്ഭുതശക്തിയെ പറ്റി സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ വിശുദ്ധരുടെയും മാര്‍പാപ്പമാരുടെയും വാക്കുകളാണ് നാം ധ്യാനിച്ചത്. നമ്മുടെ ഏത് പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഏറ്റവും ശക്തമായ ആയുധം നമ്മുടെ കൈകളില്‍ തന്നെയുണ്ട്. അത് ജപമാലയെന്ന അമ്പത്തിമൂന്നു മണി ജപമാണ്.
ഒരു നിമിഷം നമ്മുക്ക് ചിന്തിക്കാം. നമ്മുടെ ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ ഒരു ജപമാല പ്രാര്‍ത്ഥന എങ്കിലും ഹൃദയം തുറന്നു പ്രാര്‍ത്ഥിക്കാന്‍ നമ്മുക്ക് സാധിച്ചിട്ടുണ്ടോ? നമ്മുടെ യാത്രവേളകളിലും ഒഴിവ് സമയങ്ങളിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ നമ്മുക്ക് അവസരമുണ്ടായിട്ടും മറ്റുള്ളവര്‍ എന്തു വിചാരിക്കുമെന്ന് ചിന്തിച്ച് നാം നിസംഗത പുലര്‍ത്തിയിട്ടുണ്ടോ? ജപമാല നമ്മുക്ക് ഒരു അധരവ്യായാമ പ്രാര്‍ത്ഥന മാത്രമാണോ? സ്വയം വിചിന്തനത്തിന് വിധേയമാക്കുക.