News - 2024

മെക്‌സിക്കോയില്‍ കാണാതായ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി; രാജ്യത്ത് വൈദികര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ 14-01-2017 - Saturday

മെക്‌സിക്കോ സിറ്റി: ഒരാഴ്ച്ചയില്‍ അധികമായി കാണാതായ മെക്‌സിക്കന്‍ വൈദികന്റെ മൃതശരീരം കണ്ടെത്തി. കൊവാഹുയ്‌ലാ സംസ്ഥാനത്തിലെ സാല്‍റ്റിലോ രൂപതയിലെ ഫാദര്‍ ജോയാക്വിന്‍ ഹെര്‍ണാണ്ടസ് സിഫുന്റസിന്റെ മൃതശരീരമാണ് കണ്ടെത്തിയത്. കൊവാഹുയ്‌ലാ സംസ്ഥാനത്തിന്റെ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം പരാസ് ഡീ ഫുവെന്റി എന്ന പട്ടണത്തില്‍ നിന്നുമാണ് വൈദികന്റെ മൃതശരീരം കണ്ടെത്തിയത്. സമീപ സംസ്ഥാനമായ ന്യുവോ ലിയോണിലെ സാന്റാ കട്ടാരീന എന്ന പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ വൈദികന്റെ കാറും കണ്ടെത്തിയിട്ടുണ്ട്.

ഈ മാസം മൂന്നാം തീയതി മുതല്‍ അവധി ദിവസങ്ങളുമായി ബന്ധപ്പെട്ടു വിവിധ യാത്രയിലായിരിന്ന ഫാദര്‍ ജോയാക്വിന്‍ ഹെര്‍ണാണ്ടസിനെ വളരെ അടുത്ത സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിട്ട് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഫാദര്‍ ജോയാക്വിന്‍ ഹെര്‍ണാണ്ടസ് യാത്ര പുറപ്പെട്ട ദിവസം രാവിലെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ കാര്‍ ഓടിച്ചുകൊണ്ടു പോകുന്നതായി അയല്‍വാസികള്‍ കണ്ടിരുന്നു. അയല്‍ക്കാരുടെ മൊഴികള്‍ പ്രകാരം വൈദികന്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ല.

ഫോണില്‍ ബന്ധപ്പെടുവാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് വൈദികന്റെ സുഹൃത്തുക്കള്‍ അദ്ദേഹം സേവനം ചെയ്യുന്ന ദേവാലയത്തിലെ താമസസ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തിയിരിന്നു. വൈദികന്‍ താമസിക്കുന്ന മുറി മുഴുവനും അലങ്കോലപ്പെട്ട് കിടക്കുന്ന കാഴ്ച്ചയാണ് സുഹൃത്തുക്കള്‍ക്ക് കാണുവാന്‍ കഴിഞ്ഞത്. യാത്രയ്ക്കായി തയ്യാറാക്കിവെച്ചിരുന്ന പെട്ടിയും, വൈദികന്റെ കണ്ണടയും മുറിയില്‍ നിന്നും സുഹൃത്തുക്കള്‍ കണ്ടെത്തിയിരുന്നു.

സാല്‍റ്റിലോ രൂപത വൈദികന്റെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. "എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണത ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്ന ഫാദര്‍ ജോയാക്വിന്‍ ഹെര്‍ണാണ്ടസ്. വിശ്വാസത്താലും, സ്‌നേഹത്താലും പൂരിതമായ പ്രവര്‍ത്ത ശൈലിയുടെ ഉടമയയായിരുന്നു അദ്ദേഹം". വൈദികനെ അനുസ്മരിച്ച് രൂപത പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

കത്തോലിക്ക സഭയിലെ വൈദികര്‍ കൊല്ലപ്പെടുന്നത് മെക്‌സിക്കോയില്‍ ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തില്‍ വെരാക്രൂസ് സംസ്ഥാനത്തു നിന്നും നാല് കത്തോലിക്ക പുരോഹിതരെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. ഇതില്‍ ഒരു വൈദികന്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. മറ്റു മൂന്നു പേരുടെയും മൃതശരീരങ്ങള്‍ വെടിയേറ്റ നിലയില്‍ പിന്നീട് കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും മിചോകാന്‍ സംസ്ഥാനത്തും നിന്നും ഒരു വൈദികനും സമാന രീതിയില്‍ കൊല്ലപ്പെട്ടിരുന്നു.

2006-നു ശേഷം മെക്‌സിക്കോയില്‍ 31 വൈദികരാണ് ഇത്തരത്തില്‍ അക്രമികളാല്‍ കൊല്ലപ്പെട്ടത്. തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദികരുടെ കൊലപാതകങ്ങള്‍ വിശ്വാസികളെ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ്. എല്ലാതവണയും വൈദികരുടെ സുരക്ഷ ഉറപ്പാക്കുമെന്ന വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മെക്‌സിക്കന്‍ പ്രസിഡന്റായി എന്റിക്യൂ പെന നിറ്റോ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള കണക്കുകള്‍ പ്രകാരം 15 കത്തോലിക്ക വൈദികരാണ് കൊല്ലപ്പെട്ടത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക



Related Articles »