News
ഭാരതത്തിന് കൂടുതല്‍ വിശുദ്ധര്‍: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
സ്വന്തം ലേഖകന്‍ 23-01-2017 - Monday
വത്തിക്കാന്‍: ഭാരത കത്തോലിക്ക സഭയിലെ വിശ്വാസികള്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കി കൊണ്ട് കൂടുതല്‍ പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന നടപടികളുമായി വത്തിക്കാന്‍. ഒറീസയിലെ കാണ്ഡമാലില്‍ കൊല്ലപ്പെട്ട 100 ക്രൈസ്തവരുടെ നാമകരണ നടപടികള്‍ ആരംഭിക്കുവാനുള്ള സന്നദ്ധത വത്തിക്കാന്‍ അറിയിച്ചതായി മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് വെളിപ്പെടുത്തിയത്. അതേ സമയം പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ രൂപതയില്‍ സേവനം ചെയ്ത വൈദികനായിരുന്ന ഫാദര്‍ ഫ്രാന്‍സിസ്‌കോ കൊണ്‍വേര്‍ട്ടിനിയെ ഇന്നലെ ദൈവദാസനായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു.
കാണ്ഡമാലില്‍ ക്രിസ്തുവിനെ പ്രതി രക്തസാക്ഷികളായവരുടെ നാമകരണ നടപടികള്‍ക്ക് അനുകൂലമായിട്ടാണ് വത്തിക്കാന്‍ പ്രതികരിച്ചതെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് 'ഏഷ്യാന്യൂസ്' എന്ന മാധ്യമത്തോട് പറഞ്ഞു. സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സമിതിയുടെ അധ്യക്ഷനായ കര്‍ദിനാള്‍ ഫെര്‍ണാഡോ ഫിലോനിയുമായി നടന്ന കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ പങ്കുവച്ചപ്പോഴാണ് കര്‍ദിനാള്‍ ഗ്രേഷ്യസ് ഇക്കാര്യം അറിയിച്ചത്.
ഭാരത ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ക്രൈസ്തവ നരഹത്യയാണ് 2008-ല്‍ ഒഡീഷയിലെ കാണ്ഡമാലില്‍ നടന്നത്. നൂറില്‍ അധികം ക്രൈസ്തവരാണ് അന്ന് രക്തസാക്ഷിത്വം വഹിച്ചത്. 6500 ഭവനങ്ങളും, 395 പള്ളികളും അക്രമികള്‍ പൂര്‍ണ്ണമായും തകര്‍ത്തു. അമ്പത്തിയാറായിരത്തോളം ആളുകളാണ് തങ്ങളുടെ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തത്. ക്രിസ്തുവിനെ തള്ളി പറയാതെ അവിടുത്തെ ഏറ്റുപറഞ്ഞ കാണ്ഡമാലിലെ രക്തസാക്ഷികള്‍ ക്രൈസ്തവര്‍ക്കെല്ലാം മാതൃകയാണെന്ന് ഒഡീഷ ഫോറം ഓഫ് സോഷ്യല്‍ ആക്ഷന്റെ ഡയറക്ടറായ ഫാദര്‍ അജിത് സിംഗ് പറഞ്ഞു.
"തങ്ങള്‍ വിശ്വസിച്ച ക്രിസ്തുവെന്ന സത്യത്തെ അവര്‍ ഏറ്റുപറഞ്ഞു. ക്രിസ്തുവിനെ ഒരു നിമിഷം തള്ളി പറഞ്ഞിരുന്നുവെങ്കില്‍ മരണത്തില്‍ നിന്നും അവര്‍ക്ക് രക്ഷപെടുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നിഷ്‌കളങ്കരായ ആ ഗ്രാമീണര്‍ അതിന് തയ്യാറായിരുന്നില്ല. സത്യത്തില്‍ വിശ്വസിച്ചും, അതിനെ അധരം കൊണ്ട് ഏറ്റുപറഞ്ഞും അവര്‍ മരണത്തെ ധീരമായി പുല്‍കി. സാധാരണക്കാരായ ഈ ഗ്രാമീണര്‍ ക്രൈസ്തവര്‍ക്കെല്ലാം മാതൃകമായി മാറിയിരിക്കുകയാണ്". ഫാദര്‍ അജയ് സിംഗ് കൂട്ടിചേര്‍ത്തു.
ഇന്നലെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിനി സലേഷ്യന്‍ സഭയിലെ ഒരു മിഷ്‌ണറി വൈദികനായിട്ടാണ് ഭാരതത്തിലേക്ക് എത്തിയത്. അദ്ദേഹത്തെ ദൈവദാസന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയ സഭയുടെ നടപടിയും ഭാരതീയരായ വിശ്വാസികള്‍ക്ക് ഏറെ അഭിമാനത്തിന് വക നല്‍കുന്നതാണ്. ഭാരതത്തിലെ പാവങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിനി അനേകരെ ആകര്‍ഷിച്ച ജീവിതത്തിന്റെ ഉടമയായിരുന്നു.
1898 ആഗസ്റ്റ് 29-ാം തീയതി ഇറ്റലിയിലെ ലോക്കോറോടോണ്‍ഡുവിന് സമീപമുള്ള പപ്പാരീലോ എന്ന പ്രദേശത്താണ് ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിണി ജനിച്ചത്. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു യുദ്ധത്തില്‍ മുറിവേറ്റ അദ്ദേഹത്തെ തടവുകാരനായി പോളണ്ടിലേക്ക് അയച്ചു. ഈ സമയത്താണ് വൈദികനാകുവാനുള്ള തീരുമാനം അദ്ദേഹം കൈക്കൊണ്ടത്. പിന്നീട് അദ്ദേഹം സലേഷ്യന്‍ സഭയില്‍ ചേരുകയും ഇന്ത്യയിലേക്ക് പുറപ്പെടുകയുമായിരുന്നു.
1927 ഡിസംബറില്‍ ആസാമില്‍ എത്തിയ ഫാദര്‍ ഫ്രാന്‍സിസ്‌കോ 1935 ജൂണില്‍ വൈദിക പട്ടം സ്വീകരിച്ചു ബംഗാളിലെ കൃഷ്ണനഗര്‍ രൂപതയിലേക്ക് സേവനത്തിനായി പുറപ്പെട്ടു. ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശത്ത് തന്റെ സേവനം കൊണ്ട് അദ്ദേഹം പുതിയ ചരിത്രം എഴുതി. ദാരിദ്ര്യം മൂലം വേദനായനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുവാനുള്ള ശ്രമമാണ് ഫാദര്‍ ഫ്രാന്‍സിസ്‌കോ കൊണ്‍വേര്‍ട്ടിനി എന്ന മനുഷ്യസ്‌നേഹിയെ ബംഗാളികള്‍ക്ക് ഇടയില്‍ പ്രിയങ്കരനാക്കി മാറ്റിയത്.
ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിനി കൃഷ്ണനഗറിലെ കുടിലുകളിലേക്ക് സേവനവുമായി ചെന്നു. ജാതിയുടെയും മതത്തിന്റെ പേരില്‍ പലര്‍ക്കും വിലക്കു കല്‍പ്പിച്ചിരുന്ന വീടുകളുടെ വാതില്‍ ഫാദര്‍ ഫ്രാന്‍സിസ്‌കോയുടെ മുമ്പില്‍ തുറക്കപ്പെട്ടു. ആഴമായ മരിയഭക്തി വെച്ചു പുലര്‍ത്തിയിരിന്ന ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിനി 1976 ഫെബ്രുവരി 11-ാം തീയതിയാണ് അന്തരിച്ചത്.
''എന്റെ അമ്മേ...ഞാന്‍ അവിടുത്തേക്ക് അനിഷ്ട്ടം വരുത്തുന്ന പ്രവര്‍ത്തികള്‍ ഒരിക്കല്‍ പോലും ചെയ്തിട്ടില്ല. അതിനാല്‍ അവിടുന്ന് ഇപ്പോള്‍ എന്നെ സഹായിക്കേണമേ" ഈ വാക്കുള്‍ ഉരുവിട്ടാണ് ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിനി ഇഹലോക വാസം വെടിഞ്ഞത്. കൃഷ്ണനഗര്‍ രൂപതയിലെ കത്തീഡ്രല്‍ ഗ്രൗണ്ടിലാണ് ദൈവദാസന്റെ മൃതശരീരം അടക്കം ചെയ്തിരിക്കുന്നത്. ഫാദര്‍ ഫ്രാന്‍സിസ്‌കോ കോണ്‍വേര്‍ട്ടിനിയെ കൂടാതെ ഏഴു പേരെ കൂടി ദൈവദാസ പദവിയിലേക്ക് പരിശുദ്ധ പിതാവ് ഉയര്‍ത്തിയിട്ടുണ്ട്.