Christian Prayer - October 2024
വി. കൊച്ചുത്രേസ്യയോടുള്ള പ്രാര്‍ത്ഥന
സ്വന്തം ലേഖകന്‍ 01-10-2021 - Friday
പ്രത്യേക അനുഗ്രഹങ്ങള്‍ക്ക് പഞ്ചദിന പ്രാര്‍ത്ഥന
വി.കൊച്ചുത്രേസ്യായെ, ചെറുപുഷ്പമേ, സ്വര്‍ഗ്ഗീയാരാമങ്ങളില്‍ നിന്ന്‍ ഒരു റോസ് പറിച്ചെടുത്ത് ഒരു സ്നേഹ സന്ദേശത്തോടുകൂടി അത് ഞങ്ങള്‍ക്ക് അയച്ച് തന്നാലും. ഞങ്ങള്‍ ആവശ്യപ്പെടുന്ന അനുഗ്രഹം..... ഞങ്ങള്‍ക്കു നല്‍കണമേയെന്ന് ദൈവത്തോട് അപേക്ഷിക്കണമേ. ദിവസേന ഞങ്ങള്‍ അവിടുത്തെ കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു കൊള്ളാമെന്ന് അവിടുത്തേയ്ക്ക് ഉറപ്പു നല്‍കുകയും ചെയ്യണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.(5 പ്രാവശ്യം)
ത്രിത്വസ്തുതി നൊവേന
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമ്മേന്‍. (24 പ്രാവശ്യം)
ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യായേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ. (1 പ്രാവശ്യം)
(ഈശോ സഭാവൈദികനായ ഫാ. പൂട്ടിജെന്‍ ആരംഭിച്ച ഈ നൊവേന എല്ലാ മാസത്തിന്‍റെയും 9 മുതല്‍ 17 വരെയുള്ള തീയ്യതികളില്‍ ചൊല്ലുകയാണെയാങ്കില്‍, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത് ചൊല്ലുന്നവരുടെ നിയോഗങ്ങളോട് കൂടെ നമ്മുടെ നിയോഗങ്ങളും ചേര്‍ക്കപ്പെടുന്നതാണ്).
ചരിത്രം:
വി.കൊച്ചുത്രേസ്യായുടെ 24 വര്‍ഷത്തെ ജീവിതത്തില്‍ ദൈവം വര്‍ഷിച്ച അനുഗ്രഹങ്ങള്‍ക്ക്, പരിശുദ്ധ ത്രിത്വത്തിന് നന്ദി പറഞ്ഞുകൊണ്ട് 1925 ഡിസംബര്‍ മൂന്നാം തീയതി ഫാ. പൂട്ടിജെന്‍ ആരംഭിച്ച പ്രാര്‍ത്ഥന സ്വീകാര്യമായി എന്നതിന്‍റെ അടയാളമായി ഒരു റോസാപുഷ്പം നല്‍കണമെന്നു വി.കൊച്ചുത്രേസ്യായോടു ആവശ്യപ്പെടുകയും മൂന്നാം ദിവസം ഒരു അപരിചിതനില്‍ നിന്ന്‍ അത്ഭുതകരമായി അത് ലഭിക്കുകയുമുണ്ടായി.
ഡിസംബര്‍ 24ന് ഫാ. പൂട്ടിജെന്‍ വീണ്ടും ഈ നൊവേന ചൊല്ലിക്കൊണ്ട് ഒരു വെള്ള റോസാപുഷ്പം ആവശ്യപ്പെട്ടു. തന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് നാലാം ദിവസം ഒരു നേഴ്സ് സിസ്റ്റര്‍ ഒരു വെള്ള റോസാ പുഷ്പം വി. കൊച്ചുത്രേസ്യ തന്നയച്ചതാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് നല്‍കി. വി. കൊച്ചുത്രേസ്യായിലൂടെ ദൈവം തന്നില്‍ ചൊരിഞ്ഞ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് പ്രതിനന്ദിയായി ഈ നൊവേന പ്രചരിപ്പിക്കുമെന്ന് അദ്ദേഹം തീരുമാനിച്ചു.