India - 2024
ഉദയംപേരൂർ സൂനഹദോസ് രേഖകളുടെ പഠനം ആവശ്യം: മാർ പോളി കണ്ണൂക്കാടൻ
സ്വന്തം ലേഖകന് 08-03-2017 - Wednesday
കൊച്ചി: ക്രൈസ്തവ ജീവിതശൈലികളിലെ പുനർവിചിന്തനത്തിന് ഉദയംപേരൂർ സൂനഹദോസിനെ കുറിച്ചുള്ള കാലിക പഠനം സഹായിക്കുമെന്ന് സീറോ മലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്റർ ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ എൽആർസിയുടെ നേതൃത്വത്തിൽ ഉദയംപേരൂർ സൂനഹദോസ് സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ എന്ന വിഷയത്തിലുള്ള 53ാ മതു ഗവേഷണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
"പതിനാറാം നൂറ്റാണ്ടിലെ ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയത, ദൈവശാസ്ത്രം, ആരാധനാക്രമ സംസ്കാരം എന്നിവ വ്യക്തമായി ഉദയംപേരൂർ സൂനഹദോസ് ഡിക്രികൾ അനാവരണം ചെയ്യുന്നു. സാംസ്കാരിക അനുരൂപണത്തെ ഉൾക്കൊണ്ട ശൈലിയായിരുന്നു ഭാരതത്തിലെ ക്രൈസ്തവ സഭ സ്വീകരിച്ചുവന്നത്. മാറിയ കാലഘട്ടത്തിൽ ക്രൈസ്തവ ജീവിതശൈലികളിലെ പുനർവിചിന്തനത്തിന് സൂനഹദോസിനെക്കുറിച്ചുള്ള കാലികമായ പഠനം സഹായിക്കും". മാർ കണ്ണൂക്കാടൻ പറഞ്ഞു.