Friday Mirror
കൊടും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജിഹാദി തീവ്രവാദി ഇന്ന് ലോകത്തോടു പ്രഘോഷിക്കുന്നു "ക്രിസ്തു ഏകരക്ഷകൻ"
സ്വന്തം ലേഖകന്‍ 31-03-2017 - Friday
ഒരു കാലത്ത് തീവ്രവാദ സംഘടനയായ അല്‍ക്വയ്ദയുടെ കീഴില്‍ കൊടും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി അതില്‍ ആനന്ദം കണ്ടെത്തിയ വ്യക്തിയായിരിന്നു മൊഹമ്മദ് ബഷീര്‍. ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അൽ നുസ്റ ഫ്രണ്ട് എന്ന സംഘടനയില്‍ ചേര്‍ന്ന് ചേര്‍ന്ന് അനേകം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബഷീര്‍ ഇന്ന്‍ മറ്റൊരു വ്യക്തിത്വമാണ്. ലോകത്തിന് മുന്നില്‍ ജീവിക്കുന്ന സാക്ഷ്യമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് മൊഹമ്മദ്. അദ്ദേഹത്തിന്റെ മാനസാന്തര അനുഭവം പ്രശസ്ത മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വടക്കന്‍ സിറിയയിലെ കുര്‍ദ്ദിഷ് മേഖലയായ അഫ്രിനിലെ ഒരു മുസ്ലീം കുടുംബത്തിലാണ് മൊഹമ്മദ് ബഷീര്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പതിനഞ്ചാം വയസ്സില്‍ ഒരു ബന്ധു ജിഹാദികളുടെ പ്രഭാഷണം കേള്‍ക്കുവാനായി ബഷീറിനെ കൂട്ടികൊണ്ടു പോയി. ഈ പ്രഭാഷണം കൗമാരക്കാരനായ മൊഹമ്മദിനെ ഏറെ സ്വാധീനിച്ചു.
2011-ല്‍ കലാപത്തെ തുടര്‍ന്ന്‍ സിറിയയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, സെക്കുലര്‍ കുര്‍ദ്ദിഷ് സൈന്യവുമായി ചേര്‍ന്ന് അദ്ദേഹം സ്വയം ഭരണാവകാശത്തിനു വേണ്ടി പോരാടി. എന്നാൽ മരണങ്ങള്‍ കണ്ട് അറപ്പ് മാറിയ താന്‍ അധികം താമസിയാതെ ഇസ്ലാമിക തീവ്രവാദത്തില്‍ ആകൃഷ്ടനാകുകയായിരുന്നുവെന്ന് മൊഹമ്മദ് പറയുന്നു. “മൃതദേഹങ്ങള്‍ എല്ലാം കണ്ടപ്പോള്‍ ജിഹാദി പ്രഭാഷണത്തില്‍ ഞാന്‍ കേട്ട കാര്യങ്ങള്‍ സത്യമാണെന്ന്‍ എനിക്ക് തോന്നി. കൂടാതെ ആ പ്രഭാഷകന്റെ അക്രമപരമായ വിശദീകരണങ്ങളും ഇസ്ലാം മതത്തിന് വേണ്ടി പോരാടുവാന്‍ എന്നെ പ്രേരിപ്പിച്ചു”.
തുടർന്ന് 2012-ല്‍ ഇസ്ലാമിക രാജ്യത്തിന് വേണ്ടി പോരാടുന്ന ‘അൽ നുസ്റ ഫ്രണ്ട്’ എന്ന മുന്നണിയില്‍ ചേരുവാന്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ക്ഷണിക്കുകയായിരുന്നു. അധികം ആലോചിക്കാതെ തന്നെ മൊഹമ്മദ് ആ ക്ഷണം സ്വീകരിച്ചു. ഒരു നുസ്ര പോരാളി എന്ന നിലയില്‍ മൊഹമ്മദ് നിരവധി ക്രൂര കൃത്യങ്ങള്‍ക്ക് പങ്കാളിയായി, സാക്ഷിയായി. തങ്ങൾക്ക് എതിരെ തിരിയുന്നവരെല്ലാം ദൈവത്തിന്റെ ശത്രുക്കളാണെന്നായിരുന്നു സംഘടന എന്നോടു പറഞ്ഞിരുന്നത്, അതിനാല്‍ തന്നെ ചെയ്യുന്ന പ്രവര്‍ത്തികളില്‍ എനിക്കു യാതൊരു ഖേദവും തോന്നിയിരുന്നില്ല.” മൊഹമ്മദ് ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തി.
അവധിക്ക് നാട്ടിലെത്തിയപ്പോള്‍ മൊഹമ്മദിന്റെ മാതാപിതാക്കളും ഭാവിവധുവായിരുന്ന റഷീദയും നുസ്റയിലുള്ള അംഗത്വം ഉപേക്ഷിക്കുവാന്‍ മൊഹമ്മദിനെ ഉപദേശിച്ചുവെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ല. കൂടുതല്‍ ശക്തമായി അദ്ദേഹം തന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ബൈനോക്കുലറിലൂടെ ഒരു കാഴ്ച കാണുവാന്‍ അദ്ദേഹം ഇടയായി. വളരെ അകലെ സിറിയന്‍ സര്‍ക്കാര്‍ സൈന്യം ഒരു കൂട്ടം തടവ് പുള്ളികളെ ബുള്‍ഡോസര്‍ കൊണ്ട് കൂട്ടക്കൊല ചെയ്യുന്നത് മൊഹമ്മദ് കണ്ടു. ഈ ദൃശ്യങ്ങള്‍ മൊഹമ്മദിന്റെ മനസാക്ഷിയെ ഞെട്ടിച്ചു.
തന്റെ സഹചാരികളുടെ പ്രവര്‍ത്തിയും അവരുടെ പ്രവര്‍ത്തിയും തമ്മില്‍ യാതൊരു അന്തരവുമില്ലെന്നു തിരിച്ചറിവ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. അധികം താമസിയാതെ തന്നെ തന്റെ ജീവന്‍ പണയം വെച്ച് അദ്ദേഹം നുസ്റ ഉപേക്ഷിച്ച് അഫ്രീനില്‍ എത്തി. “ദൈവത്തെ അന്വേഷിച്ചാണ് ഞാന്‍ നുസ്റയിലെത്തിയത്. എന്നാല്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ തെറ്റാണെന്ന കാര്യം എനിക്കു ബോധ്യമായി”. മൊഹമ്മദ് വെളിപ്പെടുത്തി.
പിറ്റേ വര്‍ഷം മൊഹമ്മദും അദ്ദേഹത്തിന്റെ ഭാര്യയും തുര്‍ക്കിയിലേക്ക് പോയി, അവിടെയുള്ള സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നു. അപ്പോഴും ഒരു കടുത്ത മുസ്ലീമായിരുന്ന മൊഹമ്മദിന്റെ ഉച്ചത്തിലുള്ള പ്രാര്‍ത്ഥന കേട്ട് “നീ എന്നാണ് പ്രവാചകനാവുന്നത്” എന്ന് ചോദിച്ചുകൊണ്ട് അയല്‍ക്കാര്‍ കളിയാക്കിയിട്ടുണ്ടെന്നു മൊഹമ്മദ് പറയുന്നു. അത്രക്ക് തീവ്ര ഇസ്ലാം മത വിശ്വാസിയായിരിന്നു അദ്ദേഹം. മതപരമായ വേഷം ധരിക്കുന്നതിനു തന്റെ ഭാര്യയെ അദ്ദേഹം നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ 2015-ന്റെ തുടക്കത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ റഷീദ രോഗബാധിതയായി. അവളുടെ ആരോഗ്യം പെട്ടെന്ന് തന്നെ ക്ഷയിച്ചു തുടങ്ങി. തന്നെ ചെറുപ്പത്തില്‍ ജിഹാദി പ്രഭാഷണം കേള്‍ക്കുവാന്‍ ക്ഷണിച്ച അഹമ്മദിനോട് ഇക്കാര്യം മൊഹമ്മദ് പറഞ്ഞു. എന്നാല്‍ അഹമ്മദ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ക്രിസ്തുവിനെ പ്രഘോഷിക്കുകയായിരിന്നു. ഇത് മൊഹമ്മദിനെ ഞെട്ടിച്ചു കളഞ്ഞു. താന്‍ കൂടി അംഗമായ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ റഷീദയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് അഹമ്മദ് വാഗ്ദാനം നല്‍കി.
ഫോണ്‍ റഷീദയുടെ സമീപത്ത് വെക്കുവാന്‍ പറഞ്ഞപ്പോള്‍ വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ മൊഹമ്മദ് മനസ്സില്ലാമനസ്സോടെ അത് സ്വീകരിച്ചു. പ്രാര്‍ത്ഥനകളുടെ ദിവസങ്ങള്‍. അധികം വൈകാതെ തന്നെ അത്ഭുതകരമായി റഷീദയുടെ ആരോഗ്യം സാധാരണ സ്ഥിതിയിലേക്ക് തിരിച്ചു വരുവാന്‍ തുടങ്ങി. ഇത് തന്റെ സുഹൃത്ത് വിശ്വസിക്കുന്ന ദൈവത്തിന്റെ ഇടപെടല്‍ മൂലമാണ് എന്ന് മൊഹമ്മദ് മനസ്സിലാക്കി. താന്‍ കാണാത്ത, മനസ്സിലാക്കാത്ത ഒരു ദൈവം ഉണ്ടെന്ന് മൊഹമ്മദ് മനസ്സിലാക്കി. പിന്നീട് നടന്നത് വലിയൊരു അത്ഭുതമായിരുന്നു.
ക്രിസ്തുവിനെ കുറിച്ചും ക്രിസ്തുമതത്തെ കുറിച്ചും കൂടുതല്‍ അറിയണമെന്നും ഇത് മനസ്സിലാക്കുവാന്‍ പറ്റിയ ആരെയെങ്കിലും നിര്‍ദ്ദേശിക്കുവാന്‍ മൊഹമ്മദ് അഹമ്മദിനോട് ആവശ്യപ്പെട്ടു. അതിന്‍ പ്രകാരം ജോര്‍ദ്ദാന്‍ ആസ്ഥാനമാക്കിയുള്ള സുവിശേഷക സംഘത്തിലെ എയിമാദ് ബ്രിം എന്ന സുവിശേഷകന്‍ മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്നാണ് മൊഹമ്മദ് ക്രിസ്തുവിനെ തന്റെ രക്ഷനായി അംഗീകരിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നപ്പോൾ മൊഹമ്മദ് വായിച്ചിരുന്നത് ഖുറാൻ ആയിരുന്നു. എന്നാൽ ഇന്ന്‍ ബൈബിള്‍ വായിക്കുമ്പോള്‍, തനിക്ക് യഥാർത്ഥ സമാധാനം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇസ്ലാം മതം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചതു മുതല്‍ തനിക്കും തന്റെ ഭാര്യക്കും ക്രിസ്തുവിന്റെ ചില ദര്‍ശനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ മൊഹമ്മദാണ് ഇസ്താംപൂളിലെ അഭയാര്‍ത്ഥി ക്യാമ്പിലെ ക്രൈസ്തവ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. തന്റെ കഴിഞ്ഞ കാല ജീവിതത്തില്‍ ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞുകൊണ്ട്, ക്രിസ്തു മാത്രമാണ് ഏകരക്ഷകൻ എന്ന സത്യത്തെ അഭയാര്‍ത്ഥി ക്യാമ്പിലെ സഹോദരങ്ങളോട് പ്രഘോഷിക്കുകയാണ് മൊഹമ്മദ്.
