News - 2025

സമാധാനത്തിനായി, കരുണയോടെ മറ്റുള്ളവരോട് പെരുമാറുക: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകൻ 16-12-2015 - Wednesday

സമാധാനത്തിനായി, കരുണയോടെ മറ്റുള്ളവരോട് പെരുമാറണമെന്ന് 2016-ലെ ലോകസമാധാന ദിനത്തിനായുള്ള സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോടും ലോകനേതാക്കന്മാരോടും നിർദ്ദേശിച്ചു- EWTN ന്യൂസ് റിപ്പോർട്ട് ചെയ്‌യുന്നു.

1968-ൽ വിശുദ്ധ പോൾ ആറാമൻ മാർപാപ്പയാണ്, ജനുവരി ഒന്നാം തീയതി ലോക സമാധാന ദിനമായി പ്രഖ്യാപിച്ചത്.

കരുണ, സഹാനുഭൂതി, ഐക്യം എന്നിവയിലൂടെ, നമുക്ക് ലോകസമാധാനത്തിലേക്ക് എത്തിച്ചേരാനാകുമെന്ന് ഫ്രാൻസിസ് പാപ്പ സന്ദേശത്തിൽ പറഞ്ഞു.

വധശിക്ഷ നിറുത്തലാക്കുക, രാഷ്ട്രീയ തടവുകാർക്ക് മോചനം നൽകുക എന്നീ പ്രവർത്തികൾ, കരുണയുടെ മുഖം തെളിച്ച് സമാധാനത്തിന് വഴിയൊരുക്കും എന്ന് അദ്ദേഹം പ്രസ്താവിച്ചു.

സ്ത്രീകൾക്ക് ജോലി സ്ഥലത്തെ സമത്വം, അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും അനുഭാവപൂർണ്ണമായ പെരുമാറ്റം, എന്നിവ നമ്മുടെ ജീവിതത്തിൽ ശീലമാക്കണം.

"ദൈവം മനുഷ്യന്റെ കാര്യങ്ങളിൽ നിസംഗതനല്ല; ദൈവം നമ്മെ ഉപേക്ഷിക്കുകയില്ല!" എന്ന വരികളിലാണ്, 2016-ലെ ലോകസമാധന ദിനത്തിനായുള്ള ഫ്രാൻസിസ് പാപ്പയുടെ സന്ദേശം തുടങ്ങുന്നത്.

ഈ സന്ദേശം എല്ലാ രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

'കണ്ണുകൾ സ്വന്തം രൂപത്തിൽ പതിപ്പിക്കാതെ, പുറമേക്ക് നോക്കുക' എന്നതാണ് അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സാരം.

ഒരു മൂന്നാം ലോകമഹായുദ്ധം ഖണ്ഡശ: നടന്നുകൊണ്ടിരിക്കുന്നു; നമ്മുടെ ആലസ്യവും അനാസ്ഥയും മൂലം, ആ യുദ്ധം ലോകമാസകലം പടർന്നു പിടിക്കാൻ ഇടവരരുത്.

ലോകത്തുടനീളം, ചിന്തിക്കുന്ന രാഷ്ട്ര നേതാക്കൾ, പല വേദികളിലായി സമാധാന ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനെ, പിതാവ് സ്വാഗതം ചെയ്തു.

'മറ്റുള്ളവരുടെ സഹനത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതാണ്, യഥാർത്ഥത്തിലുള്ള സഹോദര്യം' , അദ്ദേഹം പറയുന്നു.

മനുഷ്യ കുടുംബത്തിന്റെ മാരക രോഗമാണ്, അന്യരെ പറ്റിയുള്ള അലംഭാവം. ഇത് മൂന്നു വിധത്തിലുണ്ട് - ദൈവത്തോടുള്ള അലംഭാവം, അയൽക്കാരോടുള്ള നിസംഗത, സൃഷ്ടിയോടുള്ള അശ്രദ്ധ.

ദൈവത്തോടു പോലും അലംഭാവം പ്രകടിപ്പിക്കുമ്പോൾ, അങ്ങനെയുള്ളവരുടെ സാമൂഹ്യചര്യകളും വികലമായിരിക്കും. ദൈവത്തോടുള്ള നിസംഗതയാണ്, സമൂഹത്തിലെ ക്രൂരത, അക്രമം, ചതി, അഴിമതി എന്നിവയ്ക്കെല്ലാം കാരണമാകുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും, മറ്റുള്ളവരുടെ അധ്വാനഫലം അനർഹമായി കൈയ്യടക്കുകയും ചെയ്യുന്നവർ, കപടഭക്തരാണെന്ന് അറിയുക.

അർഹതപ്പെട്ട അവകാശങ്ങൾ കവർന്നെടുക്കപ്പെടുമ്പോൾ, ആളുകൾ അക്രമാസക്തരാകുന്നു. മുകൾത്തട്ടിലുള്ളവർക്ക് ദൈവത്തോടുള്ള അലംഭാവം, സമൂഹത്തിൽ പൊതുവേ അസ്വസ്ഥതകൾക്ക് കാരണമാകുന്നതിന്റെ ഉദ്ദാഹരണമാണ് നാം ഇവിടെ കാണുന്നത്.

'അലംഭാവത്തിനുള്ള പ്രതിവിധി യേശു കാണിച്ചു തന്ന കരുണയുടെ, അനുകമ്പയുടെ വഴിയാണ്.- നീ നിന്റെ അയൽക്കാരനെ സ്നേഹിക്കുക.'

"ദൈവം കരുണയാണ്. നമ്മൾ മറ്റുള്ളവരെ അളക്കുന്ന അളവുകോൽ കൊണ്ട് നമ്മളും അളക്കപ്പെടും എന്നറിയുക."

സഹവർത്തിത്വം സൃഷ്ടിക്കേണ്ടത് കുടുംബവും അദ്ധ്യാപകരുമാണ്. ആശയ വിനിമയ രംഗത്തുള്ളവരും സഹവർത്തിത്വം, അനുകമ്പ എന്നിവയ്ക്ക് പ്രേരകമായ വിധത്തിൽ, അവരുടെ ജോലി ചെയ്യുവാൻ ശ്രദ്ധിക്കണം.അവർ സത്യത്തിനും നീതിക്കും ഒപ്പം നിൽക്കണം. അവർ നിക്ഷിപ്ത താൽപ്പര്യങ്ങളുടെ സംരക്ഷകരാകരുത്.

സഹജീവികളോട് ദയയും കാരുണ്യവും പ്രകടിപ്പിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിക്കുന്നു.

അഭയാർത്ഥി കുടുംബങ്ങളെ സ്വീകരിക്കണമെന്ന, തന്റെ സെപ്തംബർ 6-ലെ അഭ്യർത്ഥന അനുസരിച്ച, വ്യക്തികളേയും, കുടുംബങ്ങളേയും ഇടവകകളേയും ആശ്രമങ്ങളേയും അദ്ദേഹം തന്റെയും തിരുസഭയുടേയും നന്ദി അറിയിച്ചു.

തടവുകാരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും,

വധശിക്ഷയ്ക്ക് പകരം മറ്റു ശിക്ഷകൾ നടപ്പിലാക്കാൻ കഴിയുമോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം ദേശീയ നേതാക്കളോട് ആവശ്യപ്പെട്ടു.

ദേശീയ നേതാക്കളോട് മൂന്ന് കാര്യങ്ങൾ അദ്ദേഹം പ്രത്യേകം ഓർമ്മിപ്പിച്ചു. സാധാരണ ജനങ്ങളെ യുദ്ധത്തിലേക്ക് തള്ളിയിടാതിരിക്കുക; ദരിദ്ര രാജ്യങ്ങളുടെ കടബാധ്യത എങ്ങനെ പരിഹരിക്കാനാവുമെന്ന് ചിന്തിക്കുക ; പരിസ്ഥിതി സംരക്ഷണത്തിലൂടെ വരും തലമുറകൾക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക.