India - 2024
ദൈവദാസന് മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍
സ്വന്തം ലേഖകന്‍ 29-06-2017 - Thursday
തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി സമൂഹ സ്ഥാപകനും തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുമായ ദൈവദാസൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 64-ാം ഓർമപ്പെരുന്നാൾ ജൂലൈ ഒന്നു മുതൽ 15 വരെ നടക്കും. മാർ ഈവാനിയോസിന്റെ കബറിടം സ്ഥിതിചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ജൂലൈ 14 നും 15 നുമാണ് പ്രധാന പരിപാടികൾ. ഇത്തവണത്തെ പരിപാടിയില്‍ സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യാതിഥി ആയിരിക്കും.
ജൂലൈ ഒന്നിന് തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാൻ ബിഷപ് സാമുവൽ മാർ ഐറേനിയോസും മൂന്നിനു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും ഒമ്പതിന് വിജയപുരം ബിഷപ്ഡോ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിലും 13 നു മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസും വിശുദ്ധ കുർബാന അർപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചിനു സന്ധ്യാപ്രാർഥനയും സമൂഹബലിയും കബറിടത്തിൽ ധൂപപ്രാർഥനയും നടക്കും.
വിവിധ രൂപതാ വികാരി ജനറാൾമാരായ മോണ്‍. ജോർജ് കാലായിൽ, മോൺ. ജോസ് വെണ്മാലോട്ട്, മോൺ. വർഗീസ് കുന്നുംപുറം, മോണ്‍. ചെറിയാൻ താഴമണ്‍, മോണ്‍. മാത്യു അറമ്പൻകുടിയിൽ, മോണ്‍. ജോസഫ് കുരുമ്പിലേത്ത്, മോണ്‍. എസ്. വർഗീസ്, മോണ്‍. വർഗീസ് മറ്റമന, മോണ്‍ . ഷാജി തോമസ് മാണികുളം, ബഥനി ആശ്രമം സുപ്പീരിയർ ജനറാൾ റവ. ഡോ. ജോസ് കുരുവിള ഒഐസി, മലങ്കര സെമിനാരി റെക്ടർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ എന്നിവര്‍ ഇടദിവസങ്ങളില്‍ വിശുദ്ധ കുർബാന അർപ്പിക്കും.
സമാപന ദിവസമായ ജൂലൈ 15 ന് രാവിലെ 8.30 ന് നടക്കുന്ന ആഘോഷമായ സമൂഹബലിയിൽ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ മുഖ്യകാർമികനായിരിക്കും. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും അഞ്ഞൂറോളം വൈദികരും സഹകാർമികരായിരിക്കും. സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകും.
ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നു കബറിടത്തിലേക്കു തീർഥാടന പദയാത്രകൾ നടക്കും. ജൂലൈ ഒമ്പതിന് തിരുവനന്തപുരം നഗരത്തിലെ എല്ലാ ദേവാലയങ്ങളിൽ നിന്നും പദയാത്ര കബറിങ്കൽ എത്തിച്ചേരും. 14 ന് വൈകിട്ട് ആയിരകണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം നടക്കും.