News - 2025

"നമുക്കായി ഒരു കുഞ്ഞ് പിറന്നിരിക്കുന്നു" വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2002-ൽ നൽകിയ ക്രിസ്തുമസ്സ് സന്ദേശം

ഷാജു പൈലി 25-12-2015 - Friday

2002 ഡിസംബര്‍ 25 ഉച്ചക്ക് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ വച്ച് നല്‍കിയ ക്രിസ്തുമസ്സ് സന്ദേശത്തിന്‍റെ മലയാള പരിഭാഷ:

“നമുക്കായി ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്കായി ഒരു പുത്രനെ നല്‍കപ്പെട്ടിരിക്കുന്നു (Is 9:6). ഇന്ന്‍ ക്രിസ്തുമസിന്റെ രഹസ്യം വീണ്ടും നവീകരിക്കപ്പെട്ടിരിക്കുന്നു. നമുക്ക് മോക്ഷം നല്‍കുവാനായി ലോകത്ത് പിറന്നിരിക്കുന്ന ഈ പൈതല്‍ ഇക്കാലത്ത് ലോകത്തുള്ള പുരുഷന്‍മാരും, സ്ത്രീകളുമായ സകലര്‍ക്കും ശാന്തിയും, ആനന്ദവും പകരുവാന്‍ വേണ്ടികൂടിയാണ് പിറന്നിരിക്കുന്നത്. നാം വികാരവായ്പോടു കൂടി പുല്‍ക്കൂടിനെ സമീപിക്കുകയാണ്. പരിശുദ്ധ മാതാവിന്‍റെ ഒപ്പം ലോകരക്ഷകനും, മനുഷ്യകുലത്തെ വീണ്ടെടുക്കുവാനായി വന്നവനെ നമുക്കും കാണാം. “Cum Maria contemplemur Christi vultum.”

പരിശുദ്ധ മറിയത്തിനൊപ്പം ഉണ്ണീശോയുടെ തിരുമുഖത്തെപ്പറ്റി നമുക്ക് മനനം ചെയ്യാം: തുണിയില്‍ പുതപ്പിച്ചു കാലിത്തൊഴുത്തില്‍ കിടത്തിയിരിക്കുന്ന ആ കുഞ്ഞ് (cf. Lk 2:7), നമ്മെ സന്ദര്‍ശിക്കുവാന്‍ വന്ന ദൈവം തന്നെയാണ്. നമ്മുടെ പാദങ്ങളെ സമാധാനത്തിന്റെ മാര്‍ഗ്ഗം കാണിച്ചുതരുവാന്‍ വന്നവന്‍ (cf. Lk 1:79).

ക്രിസ്തുമസ്സിന്റെ അതിശയകരമായ അടയാളങ്ങളെ കുറിച്ച് വിചിന്തനം ചെയ്തുകൊണ്ടു പരിശുദ്ധ മറിയം അവനെ നോക്കുകയും, പരിചരിക്കുകയും, ഇളം ചൂട് നല്‍കുകയുമാണ്.

ക്രിസ്തുമസ്സ് ആനന്ദത്തിന്റെ രഹസ്യമാണ്! ആ രാത്രിയില്‍ മാലാഖമാര്‍ പാടി: "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം" (Lk 2:14). അവിടെ സന്നിഹിതരായിരുന്ന ആട്ടിടയന്മാര്‍ ക്രിസ്തുമസ്സിനെ വിശദീകരിക്കുന്നത് "എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള മഹത്തായ ആനന്ദം" എന്നാണ്. സ്വഭവനത്തില്‍ നിന്നുള്ള ദൂരം, കാലിത്തൊഴുത്തിന്റേതായ പരിമിധികള്‍, ജനങ്ങളുടെ അലംഭാവം കൂടാതെ അധികാര കേന്ദ്രത്തില്‍ നിന്നുള്ള ശത്രുതയും തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ക്കും പുറമേയുള്ള സന്തോഷം.

ഇത് ദാവീദിന്റെ നഗരത്തിനുമാത്രമായിട്ടുള്ള സന്തോഷമല്ല "നിങ്ങൾക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു" (Lk 2:11). ഇരുട്ടിനു ഒരിക്കലും കീഴടക്കുവാന്‍ കഴിയാത്ത ദൈവ-കുമാരന്റെ പ്രകാശത്താല്‍ അലംകൃതമായി, തിരുസഭയും ഈ സന്തോഷം പങ്കുവക്കുന്നു. സ്നേഹത്താല്‍ നമ്മളില്‍ ഒരുവനായി അവതാരമെടുത്ത ആത്യന്തിക വചനത്തിന്റെ മഹത്വമാണിത്.

ക്രിസ്തുമസ്സ് സ്നേഹത്തിന്റെ ഒരു രഹസ്യമാണ്! തന്റെ സ്വന്തം ജീവന്‍ പോലും നമുക്ക് സമ്മാനമായി നല്‍കുവാന്‍ തന്റെ ഏകജാതനെപോലും ഈ ഭൂമിയിലേക്കയക്കുവാന്‍ തയ്യാറായ സ്വര്‍ഗ്ഗീയ പിതാവിന്റെ സ്നേഹം (cf. 1 jn 4:8-9). കുരിശില്‍ മരിക്കുവാന്‍ വേണ്ടിയാണ് ദൈവ സ്നേഹം "ദൈവം നമ്മോടു കൂടെ" 'ഇമ്മാനുവേല്‍' ഭൂമിയിലേക്ക് വന്നത്. തണുത്തുറഞ്ഞ ആ കാലിതൊഴുത്തും, നിശബ്ദതയാല്‍ പൊതിയപ്പെട്ടു കിടക്കുന്ന മകനും... കന്യകയായ ആ അമ്മ പ്രവചനം കൊണ്ടുള്ള ഉള്ളറിവോടു കൂടി ഇരുളും വെളിച്ചവും തമ്മിലുള്ള, മരണവും ജീവിതവും തമ്മിലുള്ള, സ്നേഹവും വിദ്വോഷവും തമ്മിലുള്ള യുദ്ധമാകുന്ന കാല്‍വരിയിലെ പീഡാനുഭവത്തിന്റെ സ്വാദ് ഇതിനോടകം തന്നെ അനുഭവിച്ചു കഴിഞ്ഞു.

ഭൂമിയില്‍ സ്നേഹത്തിന്റെ ഭരണം നിലനിര്‍ത്തുവാന്‍ വേണ്ടി തന്റെ ജീവന്‍ ഗാഗുല്‍ത്തായില്‍ ബലികഴിക്കുവാനായി ശാന്തിയുടെ രാജകുമാരന്‍ ബെത്ലഹേമില്‍ ഇന്ന്‍ ജനിച്ചിരിക്കുന്നു.

ക്രിസ്തുമസ്സ് സമാധാനത്തിന്റെ ഒരു രഹസ്യമാണ്! അവിശ്വാസത്തിനും, ആശങ്കക്കും, നിരുത്സാഹപ്പെടത്തലുകള്‍ക്കും വഴങ്ങി കൊടക്കരുതെന്ന അഭ്യര്‍ത്ഥന ബെത്ലഹേമിലെ ആ ഗുഹയില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. ഭീകരവാദമെന്ന ദുഃഖകരമായ യാഥാര്‍ത്ഥ്യം അസ്ഥിരതയും, ഭീതിയും വിതക്കുന്നു, പുരുഷനും, സ്ത്രീയുമായ എല്ലാ മതങ്ങളിലുംപ്പെട്ട നന്മയുള്ള വിശ്വാസികള്‍ അസഹിഷ്ണുതയേയും, വിവേചനത്തേയും കാറ്റില്‍പ്പറത്തികൊണ്ടു സമാധാനം സ്ഥാപിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്നു: എല്ലാത്തിനുമുപരിയായി വിശുദ്ധ ഭൂമിയില്‍ നിലനില്‍ക്കുന്ന യാതൊരു യുക്തിയും ഇല്ലാത്ത അന്ധമായ അക്രമങ്ങള്‍ എത്രയും പെട്ടെന്ന് എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ടതുണ്ട്, കൂടാതെ ലോകത്തിന്റെ മദ്ധ്യ-കിഴക്കന്‍ മേഖലകളില്‍ നീറിപുകഞ്ഞു കൊണ്ടിരിക്കുന്ന അശുഭകരമായ സംഘര്‍ഷങ്ങള്‍ കൂട്ടായ പ്രയത്നം വഴി ഒഴിവാക്കേണ്ടതാണ്.

ആഫ്രിക്കയില്‍ നില നില്‍ക്കുന്ന വിനാശകരമായ ക്ഷാമവും, ആഭ്യന്തര ലഹളകളും ജനങ്ങളുടെ നിലവിലുള്ള പരിതാപകരമായ അവസ്ഥയെ ഒന്നുകൂടി വഷളാക്കിയിരിക്കുന്നു. എന്നിരുന്നാലും, പ്രതീക്ഷയുടെ അടയാളങ്ങള്‍ അവിടെ-ഇവിടെയായി കാണുവാന്‍ സാധിക്കുന്നുണ്ട്. ലാറ്റിന്‍ അമേരിക്കയിലും, ഏഷ്യയിലും, ലോകത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹികവുമായ പ്രതിസന്ധികള്‍ എല്ലാ രാജ്യങ്ങളിലും കുടുംബജീവിതത്തിന്റെ വിശുദ്ധിയെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുമസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനത്തിന്റെ സന്ദേശം മനുഷ്യവംശം സ്വീകരിക്കുമാറാകട്ടെ.

അവതരിച്ച വചനത്തിന്റെ സ്തുത്യര്‍ഹമായ രഹസ്യം! അല്ലയോ പരിശുദ്ധ അമ്മേ, നിനക്കൊപ്പം ഞങ്ങളും അല്‍പ്പനേരം ഉണ്ണീശോ കിടക്കുന്ന കാലിതൊഴുത്തിന് മുന്‍പില്‍ നിന്നുകൊണ്ട്, ദൈവത്തിന്റെ വിസ്മയകരമായ ത്യാഗത്തെ കുറിച്ച് ധ്യാനിക്കുന്നു. ഓ! പരിശുദ്ധ മറിയമേ, നിന്റെ പൈതലിന്റെ തളിരിളം അവയവങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന രഹസ്യം ഞങ്ങള്‍ക്കും കാണുമാറ് നിന്റെ നേത്രങ്ങള്‍ ഞങ്ങള്‍ക്ക് കൂടി തരണമേ, എല്ലാ വംശങ്ങളിലും, സംസ്കാരങ്ങളിലും നിന്നുമുള്ള കുട്ടികളില്‍ നിന്റെ മകന്റെ വദനം തിരിച്ചറിയുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. നിന്റെ മകന്റെ സ്നേഹത്തിന്റെയും, ശാന്തിയുടേതുമായ സന്ദേശത്തിനു സാക്ഷ്യം വഹിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ, ഇത് മൂലം ഞങ്ങളുടെ കാലഘട്ടത്തില്‍ നിലവിലുള്ള സംഘര്‍ഷങ്ങളും, ആക്രമണങ്ങളും മുഖേന കീറിമുറിക്കപ്പെട്ട പുരുഷന്മാരും, സ്ത്രീകളുമായി ലോകത്തുള്ള സകലരും, എല്ലാഹൃദയങ്ങളും അളവറ്റവിധം കൊതിക്കുന്ന യാഥാര്‍ത്ഥ ശാന്തിയുടെ നിലക്കാത്ത ഉറവിടവും, ലോകത്തിന്റെ രക്ഷകനുമാണ് നിന്റെ കൈകളില്‍ കിടക്കുന്ന ഈ പൈതല്‍ എന്ന് തിരിച്ചറിയട്ടെ.

ഈ ക്രിസ്തുമസ്സ് സന്ദേശം നല്‍കുമ്പോള്‍ പാപ്പാ ഇംഗ്ലീഷില്‍ പറഞ്ഞു "സമാധാനത്തിന്റെ രാജകുമാരന്റെ ജനനം, യഥാര്‍ത്ഥ സന്തോഷം ലഭിക്കുന്നത് എവിടെയാണെന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കട്ടെ; നിങ്ങളുടെ ഹൃദയം പ്രതീക്ഷയിലും, സന്തോഷത്തിലും നിറയട്ടെ, നമ്മുടെ രക്ഷകന്‍ നമുക്കായി പിറന്നിരിക്കുന്നു"

Source: www.zenit.org