News - 2025

ജനങ്ങളോട് വിശ്വാസം ഏറ്റുപറഞ്ഞ് കാമറൂണ്‍ ജനനേതാവായി

സ്വന്തം ലേഖകൻ 06-07-2015 - Monday

ഇക്കഴിഞ്ഞ ബ്രിട്ടീഷ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഒരര്‍ത്ഥത്തില്‍ ദൈവവിശ്വാസവും മതനിരപേക്ഷതയും തമ്മിലുള്ള മത്സരമായിരുന്നു.

ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കുന്ന ബ്രിട്ടണില്‍ രാജ്യത്തെ ജനതയോട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം താനൊരു ക്രിസ്ത്യാനിയാണെന്ന് ഏറ്റുപറഞ്ഞ ഏകവ്യക്തിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും, നിലവിലെ പ്രധാനമന്ത്രിയുമായിരുന്ന ഡേവിഡ് കാമറൂണ്‍ വീണ്ടും വിജയിച്ചു. ദൈവത്തിലുള്ള വിശ്വാസം സമൂഹത്തില്‍ ഒരു സദാചാരമാര്‍ഗ്ഗരേഖയായി നിലനിന്നുകൊണ്ട്, ജനങ്ങളെ നേര്‍വഴിക്ക് നയിക്കുന്നതായും, അവിശ്വാസികള്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുന്നതായും വിമര്‍ശിച്ചുകൊണ്ട് 2014 -ലെ ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ഇപ്രകാരം പറഞ്ഞത്.

വിശ്വാസ ജീവിതത്തിലല്‍ തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ശാന്തി, സമാധാനം എന്നിവയെപ്പറ്റിയും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. മുമ്പ് ചര്‍ച്ച് ടൈംസിലെ ലേഖനത്തില്‍ നിരീശ്വരവാദികള്‍ക്കും അസ്ഥയതാവാദികള്‍ക്കും ദൈവത്തിലുള്ള വിശ്വാസത്തിന് ജനങ്ങളെ സന്‍മാര്‍ഗ്ഗത്തിലേക്ക് ശരിയായ പാതയില്‍ നയിക്കാന്‍ കഴിയുന്ന മാര്‍ഗ്ഗരേഖയായും, പ്രചോദനമായും നിലകൊള്ളുവാന്‍ കഴിയും എന്നുള്ള കാര്യം മനസ്സിലായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന ലേബര്‍ പാര്‍ട്ടി നേതാവ് എഡ്മിലിബാന്‍ഡ് താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല, വിശ്വാസികളെയും വിശ്വാസത്തെയും ബഹുമാനിക്കുന്നു എന്നുംപറഞ്ഞപ്പോള്‍, ലിബറല്‍ ഡമോക്രാറ്റ് നേതാവ് നിക്ക്-ക്ലെഗ്ഗും ദൈവവിശ്വാസിയല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ഇവര്‍ മൂന്നുപേരും ബ്രിട്ടണിലെ പ്രധാന പാര്‍ട്ടികളുടെ നേതാക്കന്‍മാരായി 2015-ല്‍ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ദൈവവിശ്വാസിയായ കാമറൂണ്‍ നേതൃത്വം നല്‍കിയ പാര്‍ട്ടി ബ്രിട്ടണില്‍ അധികാരത്തിലെത്തി.