India - 2024

യൂദാപുരം തിരുനാള്‍: നിര്‍ധനരായവര്‍ക്ക് വേണ്ടി ഒരുകോടി രൂപയുടെ സഹായപദ്ധതി

സ്വന്തം ലേഖകന്‍ 18-10-2017 - Wednesday

അങ്കമാലി: പ്രസിദ്ധമായ യൂദാപുരം തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ ഒരു കോടിയില്‍പ്പരം രൂപയുടെ സഹായങ്ങള്‍ നല്‍കിയതായും ഈ വര്‍ഷവും ഒരു കോടിയുടെ രൂപയുടെ സഹായങ്ങള്‍ നല്‍കുമെന്നും റെക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി. സാധുക്കളായ പെണ്‍കുട്ടികള്‍ക്കു വിവാഹ സഹായം, വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം, നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായം തുടങ്ങിയ പദ്ധതികളാണ് ജാതിഭേദമന്യേ നടപ്പാക്കി വരുന്നത്.

26 നാണ് ഊട്ടു തിരുനാള്‍. തിരുനാളിനൊരുക്കമായിട്ടുള്ള നവനാള്‍ നൊവേന ആരംഭിച്ചു. നാളെ രാവിലെ 10.15ന് സത്‌ന രൂപത മുന്‍ ബിഷപ് ഡോ. മാത്യു വാണിയകിഴക്കേലിന്റെ നേതൃത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന ഉണ്ടായിരിക്കും.

തിരുനാളിന്റെ ആദ്യദിനമായ 24 ന് വൈകുന്നേരം നാലിന് പ്രസുദേന്തി വാഴ്ചനടക്കും. തുടര്‍ന്ന് തിരുനാളിനു കൊടിയേറും. വരാപ്പുഴ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ മുഖ്യകാര്‍മികനായിരിക്കും. ഊട്ടു തിരുനാള്‍ ദിനമായ 26ന് രാവിലെ ആറു മുതല്‍ രാത്രി 10 വരെ തുടര്‍ച്ചയായി കുര്‍ബാന ഉണ്ടായിരിക്കും.രാവിലെ 8.45ന് വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തില്‍ ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ 10ന് നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ഫ്രാന്‍സിസ് സേവ്യര്‍ സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് കുട്ടികള്‍ക്ക് ആദ്യ ചോറൂട്ട് നടക്കും.

നവംബര്‍ രണ്ടിന് എട്ടാമിടം തിരുനാള്‍ ആഘോഷിക്കും. വൈകുന്നേരം 4.45ന് നടക്കുന്ന തിരുനാള്‍ സമാപന കുര്‍ബാനയ്ക്ക് തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തുങ്കുഴി മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് മദര്‍ തെരേസ അനുസ്മരണവും കാരുണ്യനിധി പ്രകാശനവും നടക്കും. റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം നടത്തും. ഡോ. എലിയാസ് മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹക പ്രഭാഷണം നടത്തും. 1,75,000 ലക്ഷം പേര്‍ക്ക് നേര്‍ച്ചസദ്യ നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫാ. യേശുദാസ് പഴമ്പിള്ളിയും ജനറല്‍ കണ്‍വീനര്‍ സെബി വര്‍ഗീസും പത്രസമ്മേളനത്തില്‍ അറിയിച്ചു.


Related Articles »