India - 2024
സാമൂഹികവും സാങ്കേതികവുമായ വെല്ലുവിളികള്‍ നേരിടാന്‍ യുവതലമുറയെ പ്രാപ്തരാക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 27-10-2017 - Friday
കൊച്ചി: സാമൂഹികവും സാങ്കേതികവുമായ വെല്ലുവിളികള്‍ നേരിടാന്‍ യുവതലമുറയെ പ്രാപ്തരാക്കേണ്ടതുണ്ടെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ കത്തോലിക്കാ വിദ്യാര്‍ഥി സംഘടനകളുടെ ഡയറക്ടര്‍മാരുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയതയുടെ നന്മകള്‍ കലാലയ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കാന്‍ അധ്യാപകര്‍ക്കു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആധുനികകാലഘട്ടത്തിന്റെ സ്വഭാവവിശേഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടേക്കാവുന്ന അപകടങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാനും സുരക്ഷിതത്വം നല്‍കാനും ആത്മീയപാഠങ്ങള്‍ അവരെ സഹായിക്കും. സ്‌നേഹവും സൗഹാര്‍ദവും പരസ്പര സഹകരണവും കലാലയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. കോളജുകളിലെ കത്തോലിക്കാ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫാ. ഏബ്രഹാം പള്ളിവാതുക്കല്‍, ഡോ. തോമസ് പനക്കളം, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറന്പില്‍, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, ഡോ.ജ്യോതിസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.