India - 2024
ക്രിസ്തുസാക്ഷ്യത്തിന്റെ സമ്പത്ത് വളര്‍ത്തിയെടുക്കണമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 14-11-2017 - Tuesday
കൊച്ചി: സഭയുടെ എല്ലാ ഘടകങ്ങളിലും ക്രിസ്തുസാക്ഷ്യത്തിന്റെ സമ്പത്താണു വളര്‍ത്തിയെടുക്കേണ്ടതെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ മെത്രാന്റെ സ്ഥാനമേറ്റെടുക്കല്‍ ശുശ്രൂഷയിലെ ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും അറിഞ്ഞും ഉള്‍ക്കൊണ്ടും പ്രതിസന്ധികളെ അതിജീവിച്ചും സഭയുടെ ശുശ്രൂഷകള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിക്കേണ്ടതുണ്ട്. സാര്‍വത്രികസഭയില്‍ അജപാലന, സുവിശേഷവത്കരണ മേഖലകളില്‍ മാതൃകയായി സീറോമലബാര്‍ സഭ ഇനിയും വളരേണ്ടതുണ്ട്. പ്രേഷിതരംഗങ്ങള്‍ വിപുലമാക്കി സഭയെയും സമൂഹത്തെയും വളര്‍ത്താന്‍ കൂടുതല്‍ വൈദികര്‍ മുന്നോട്ടുവരണം.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലിയുടെയും ഭാരതം മുഴുവന്‍ സഭയ്ക്ക് അജപാലന സ്വാതന്ത്ര്യം ലഭിച്ചതിന്റെയും സന്തോഷത്തിന്റെ പശ്ചാത്തലത്തിലാണു പുതിയ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ നിയോഗമേല്‍ക്കുന്നത്. വിനയവും ലാളിത്യവും കൃത്യനിഷ്ഠയും നിറഞ്ഞ ആത്മീയജീവിതം കൈമുതലായുള്ള അദ്ദേഹത്തിലൂടെ സഭയ്ക്കു പുതിയ ഉണര്‍വുണ്ടാകുമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.