Daily Saints. - January 2025
January 28: വിശുദ്ധ തോമസ് അക്വിനാസ്
സ്വന്തം ലേഖകൻ 28-01-2021 - Thursday
എക്കാലത്തേയും മികച്ച എഴുത്തുകാരിലും, വേദശാസ്ത്ര പാരംഗതന്‍മാരിലും ഒരാളായാണ് വിശുദ്ധ തോമസ് അക്വിനാസിനെ കത്തോലിക്ക സഭ പരിഗണിച്ചു വരുന്നത്. കത്തോലിക്കാ സഭയുടെ പ്രബോധന വിശദീകരണങ്ങളുടെ സംഗ്രഹവും അദ്ദേഹത്തിന്റെ പ്രധാനകൃതിയുമായ ‘ദി സുമ്മാ തിയോളജിയ’ നൂറ്റാണ്ടുകളോളമായി ക്രിസ്തീയ പ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി ഇന്നും തുടരുന്നു. ട്രെന്റ് കൗണ്‍സിലില്‍ ബൈബിളിനു ശേഷം വിദഗ്ദോപദേശത്തിനായി ആശ്രയിച്ചത് വിശുദ്ധ അക്വീനാസിന്റെ ഈ കൃതിയേയായിരുന്നു. ലോകമെങ്ങും പ്രസിദ്ധിയാര്‍ജിച്ച ഈ വിശുദ്ധന്‍ പ്രാര്‍ത്ഥനാപരവും എളിമയുള്ളതുമായ ഒരു ജീവിതമായിരുന്നു നയിച്ചിരിന്നത്.
ശിശുസഹജമായ നിഷ്കളങ്കതയും, നന്മചെയ്തു മുന്നേറിയ അനശ്വര വ്യക്തിതമായിരിന്നു വിശുദ്ധന്റെത്. വാക്കുകളില്‍ എളിമയും, മിതത്വവും പ്രവര്‍ത്തിയില്‍ ദയയും വിശുദ്ധന്‍ പാലിച്ചിരുന്നു. എല്ലാവരും തന്നെപോലെ തന്നെ നിഷ്കളങ്കര്‍ ആണെന്നായിരുന്നു വിശുദ്ധന്റെ വിചാരം. ആരെങ്കിലും പാപം ചെയ്യുകയാണെങ്കില്‍ താന്‍ പാപം ചെയ്തമാതിരി വിശുദ്ധന്‍ വിലപിക്കുമായിരുന്നു.
തോമസ് അക്വീനാസിന്‍റെ ഹൃദയ വിശുദ്ധി അദ്ദേഹത്തിന്റെ മുഖത്തും ദര്‍ശിക്കുവാന്‍ കഴിയുമായിരിന്നുവെന്ന് പറയപ്പെടുന്നു. വിശുദ്ധന്റെ മുഖത്ത് നോക്കിയിട്ട് ആശ്വാസപ്പെടാതിരിക്കുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. നിര്‍ദ്ധനരോടും ആലംബഹീനരോടും കാണിച്ച അദ്ദേഹത്തിന്റെ കാരുണ്യം എല്ലാവര്‍ക്കും പ്രചോദനമാണ്. മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതില്‍ അദ്ദേഹം അതിയായ സന്തോഷം കണ്ടെത്തിയിരിന്നു. അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തികള്‍ മറ്റുള്ളവരുടെ ഇടയില്‍ തന്റെ പൊങ്ങച്ചം പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടിയുള്ളതായിരുന്നില്ല. മറിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനായിരിന്നു.
വിശുദ്ധന്‍ മരണ ശേഷം അദ്ദേഹത്തിന്റെ സന്തതസഹചാരിയും, കുമ്പസാരകനുമായിരിന്ന വൈദികന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. “ഒരഞ്ചുവയസ്സ് കാരന്റെ നിഷ്കളങ്കതയോട് കൂടിയാണ് ഞാന്‍ വിശുദ്ധനെ കണ്ടിട്ടുള്ളത്. തന്റെ ആത്മാവിനെ നശിപ്പിക്കുന്ന ശാരീരികമായ ഒരു പ്രലോഭനത്തിനും വിശുദ്ധന്‍ വഴിപ്പെട്ടിരുന്നില്ല, മാനുഷികമായ ഒരു പാപവും അദ്ദേഹത്തെ കീഴ്പ്പെടുത്തിയിരുന്നില്ല. വിശുദ്ധ ആഗ്നസിനോട് അദ്ദേഹത്തിന് അഗാധമായ ഭക്തിയുണ്ടായിരുന്നു, കന്യകയായ ഈ വിശുദ്ധയുടെ ഭൗതീകാവശിഷ്ടം അദ്ദേഹം തന്റെ പക്കല്‍ സൂക്ഷിച്ചിരുന്നു."
വിശുദ്ധ തോമസ് അക്വിനാസ് 1274-ല്‍ തന്റെ 50-മത്തെ വയസ്സിലാണ് മരിച്ചത്. ഫോസ്സായിലെ നുവോവാ ആശ്രമത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. ഈ വിശുദ്ധനെ വിദ്യാലയങ്ങളുടേയും, ദൈവശാസ്ത്രത്തിന്റേയും മാധ്യസ്ഥ സഹായിയായി കണക്കാക്കുന്നു.
ഇതര വിശുദ്ധര്‍
1. ജര്‍മ്മനിയിലെ ആന്‍റിമൂസ്
2. റോമിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്നവഴി കൊല്ലപ്പെട്ട ബ്രിജീദും
3. ഫ്രീജിയായിലെ തിര്‍സൂസ്, ലെവൂസിയൂസ്, കല്ലിനിക്കൂസ്
4. സ്കോട്ട്ലന്‍റിലെ ഗ്ലാസ്റ്റിയാന്‍
5. പലസ്തീനായിലെ ജെയിംസ്
6. റെയോമയിലെ ജോണ്‍
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക